ഉന്നംപിഴക്കാതെ മനു ഭാകർ; ഇന്ത്യക്കിന്ന് മെഡലുകൾ കയ്യെത്തും ദൂരത്ത്
ബാഡ്മിന്റൺ സിംഗിൾസിൽ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങുന്നുണ്ട്
പാരീസ് ഒളിമ്പിക്സിൽ ഉന്നം പിഴച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ഞായറാഴ്ച അമ്പെയ്ത്തിലും ഷൂട്ടിങ്ങിലും മെഡൽ ഉറപ്പിക്കാം . വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാകർ ഫൈനലിൽ ഇറങ്ങും. നീന്തലിൽ ഇന്ത്യയുടെ കൗമാര താരം ധിനിധി ദേസിങ്കുവിനും ഇന്നാണ് മത്സരം. ബാഡ്മിന്റൺ സിംഗിൾസിൽ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും ഇന്നിറങ്ങുന്നുണ്ട്.
ഷൂട്ടിങ് ആദ്യ റൗണ്ടിൽ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോൾ, മനു ഭാകറാണ് ഇന്ത്യക്ക് പ്രതീക്ഷയായി നിലയുറപ്പിച്ചത്. മനു ഭാകറിന് ഉന്നംപിഴച്ചില്ലെങ്കിൽ ഇന്ത്യക്ക് ഇന്ന് ആദ്യമെഡൽ പ്രതീക്ഷിക്കാം . 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലാണ് മനു ഭാകർ കാഞ്ചി വലിക്കുന്നത്. മിക്സഡിൽ മോശം പ്രകടനം നടത്തിയ ഇലവേനിൽ വാലരിവൻ, രമിത ജിന്റൽ, സന്ദീപ് സിങ്, അർജുൻ ബബുത എന്നിവർ വ്യക്തിഗതയിനത്തിൽ ഇറങ്ങും.
രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ കൗമാര താരം ധിനിധി ദേശിങ്കുവിലാണ്. വനിതകളുടെ 200 മീറ്റർ നീന്തൽ ഫ്രീ സ്റ്റൈലിലാണ് ധിനിധി മത്സരിക്കുന്നത് . പുരുഷന്മാരുടെ 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജനും സ്യൂട്ടണിയും.
മെഡലുറപ്പിക്കാൻ അമ്പെയ്ത്ത് പുരുഷ - വനിത ടീമുകൾ ക്വാർട്ടറിൽ ഇന്നിറങ്ങും. തരുൺ ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീൺ ജാതവ്, അങ്കിത ഭഗത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവർക്ക് വ്യക്തിഗത ഇനത്തിലും മത്സരമുണ്ട്.
പുരുഷ തുഴച്ചിലിൽ രാജ്യത്തിന്റെ ഏക പ്രതീക്ഷയായ ബൽരാജ് പൻവാർ ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങും. പുരുഷ ടേബിൾ ടെന്നീസിൽ അഞ്ചാം ഒളിമ്പിക്സിന് ഇറങ്ങുന്ന ശരത്ത് കമലിന് ആദ്യ മത്സരം ഉച്ചയ്ക്കാണ്. വനിതാ ബോക്സിങ് 50 കിലോഗ്രാം ആദ്യ റൗണ്ടിൽ നിഖാത് സറീനും ഇറങ്ങും. ടെന്നീസ്, ടേബിൾ ടെന്നീസ് വിഭാഗങ്ങളിലും ഇന്ത്യയ്ക്ക് ഇന്ന് മത്സരമുണ്ട്.
Adjust Story Font
16