Quantcast

ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു; ജാഗ്രതാ നിര്‍ദേശം

മേഘ പടലങ്ങൾ തീരത്തോട് അടുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാൻ മെറ്റീരിയോളജിക്കൽ ഡയറക്ടർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    8 Oct 2018 9:12 PM GMT

ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു; ജാഗ്രതാ നിര്‍ദേശം
X

ലുബാൻ ചുഴലിക്കാറ്റ് ഒമാന്റെ തെക്കൻ തീരത്തേക്ക് നീങ്ങുന്നതായി സൂചന. ബുധനാഴ്ചയോടെ കനത്ത മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. കാറ്റിന്റെ ഗതി ഏദൻ കടലിടുക്ക് ഭാഗത്തേക്ക് മാറാനാണ് സാധ്യതയെന്നും ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.

നിലവിൽ സലാല തീരത്ത് നിന്ന് 900 കിലോമീറ്റർ അകലെയാണ് കാറ്റ് ഉള്ളത്. അനുബന്ധമായുള്ള മേഘങ്ങൾ 350 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ട്. കാറ്റിന്റെ വേഗത 75 കിലോമീറ്റർ ആയി ഉയർന്നിട്ടുണ്ട്. കാറ്റിന്റെ ഗതി തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണുള്ളത്. 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ഗതിയിൽ മാറ്റം വരാനുള്ള സാധ്യതയും ഉണ്ട്.

മേഘ പടലങ്ങൾ തീരത്തോട് അടുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുള്ളതായി ഒമാൻ മെറ്റീരിയോളജിക്കൽ ഡയറക്ടർ അബ്ദുല്ല അൽ ബലൂചി പറഞ്ഞു. കാറ്റ് ഏദൻ കടലിടുക്ക് ഭാഗത്തേക്ക് തിരിഞ്ഞ് പോകാനാണ് കൂടുതൽ സാധ്യത. അതേ സമയം സലാല ഉൾപ്പെടുന്ന ഒമാന്റെ തെക്കൻ തീരങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട് .കാറ്റിന്റെ ഗതിയിൽ വലിയ മാറ്റം ഉണ്ടായില്ലെങ്കിൽ നേരിട്ടല്ലാത്ത ആഘാതങ്ങൾ ബുധനാഴ്ചയോടെ ദോഫാർ, വുസ്ത ഗവർണറേറ്റുകളിൽ ഉണ്ടാവും. തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്

അധികൃതരുടെ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി ആവശ്യപ്പെട്ടു. കാറ്റ് കൂടുതൽ വേഗതയാർജിച്ച് വെള്ളിയാഴ്ചയോടെ തെക്കു പടിഞ്ഞാറൻ ഒമാനിൽ കര തൊടാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്തു. കാറ്റിനൊപ്പം ശക്തമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കാറ്റിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. സലാല പോർട്ടിലെ ലോഞ്ചുകൾ കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്ന് പറഞ്ഞയച്ചിരുന്നു.

TAGS :

Next Story