Quantcast

അറബ് നയതന്ത്രമേഖലയിൽ അമ്പരപ്പ് പടർത്തി നെതന്യാഹുവിന്‍റെ ഒമാന്‍ സന്ദര്‍ശനം

MediaOne Logo

Web Desk

  • Published:

    26 Oct 2018 6:37 PM GMT

അറബ് നയതന്ത്രമേഖലയിൽ അമ്പരപ്പ് പടർത്തി നെതന്യാഹുവിന്‍റെ ഒമാന്‍ സന്ദര്‍ശനം
X

അറബ് നയതന്ത്രമേഖലയിൽ അമ്പരപ്പ് പടർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ഇസ്രായൽ ഫലസ്തീൻ പ്രശ്ന പരിഹാരത്തിൽ നിർണായമാകുമെന്ന് കരുതപ്പെടുന്ന സന്ദർശനത്തെ ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു ഒമാനിൽ എത്തുന്നത്. മറ്റ് അറബ് രാജ്യങ്ങളെ പോലെ ഒമാനും ഇസ്രായേലും തമ്മിൽ ഒൗദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ല. മിഡിലീസ്റ്റിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള വിവിധ മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസി വെള്ളിയാഴ്ച വൈകുന്നേരം അറിയിച്ചു. ഇരു രാഷ്ട്രങ്ങൾക്കും പൊതു താൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തതായി ഏജൻസി അറിയിച്ചു.

നെതന്യാഹുവിന് ഒപ്പം ഭാര്യ സാറ, മൊസാദ് ഡയറക്ടർ യോസി കോഹൻ, ഇസ്രായേൽ നാഷനൽ സെക്യൂരിറ്റി അഡ്വൈസർ മെയിർ ബെൻ ഷാബത്ത് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന്ദർശന ശേഷം നെതന്യാഹു വൈകുന്നേരത്തോടെ ടെൽ അവീവിൽ തിരികെയെത്തി. 22 വർഷത്തിന് ശേഷമാണ് ഇസ്രായേൽ രാജ്യത്തലവൻ ഒമാൻ സന്ദർശിക്കുന്നത്. 1994ൽ ഇസ്രായേൽ പ്രധാനമന്ത്രി ഇഷാഖ് റബിനും 1996ൽ ഷിമോൺ പെരസും ഒമാൻ സന്ദർശിച്ചിരുന്നു.

ഇസ്രായേൽ ഫലസ്തീൻ പ്രശ്നപരിഹാരത്തിന് നാളുകളായി ശ്രമിച്ചു വരുന്ന രാജ്യമാണ് ഒമാൻ. ഫലസ്തീനുള്ള പിന്തുണ നിരവധി അന്താരാഷ്ട്ര വേദികളിൽ ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. അറബ്, മധ്യ പൂർവേഷ്യൻ മേഖലയിലെ കുഴപ്പങ്ങളുടെ അടിസ്ഥാന കാരണം ഫലസ്തീൻ പ്രശ്നമാണെന്നും രണ്ട് രാജ്യങ്ങൾ എന്ന ആശയത്തിലൂന്നിയ പരിഹാരം മാത്രമാണ് ഇതിനുള്ള പ്രതിവിധിയെന്നും കഴിഞ്ഞ യു.എൻ പൊതു സഭയിൽ നടത്തിയ പ്രസംഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ചൂണ്ടികാണിച്ചിരുന്നു. 2018 ആദ്യം ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ജറുസലേം സന്ദർശിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story