Quantcast

ഒമാന്‍ പൊതുമാപ്പിന്‍റെ കാലാവധി ജൂണ്‍ 30 വരെ നീട്ടി

കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടി നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    1 April 2021 2:30 AM GMT

ഒമാന്‍ പൊതുമാപ്പിന്‍റെ കാലാവധി ജൂണ്‍ 30 വരെ നീട്ടി
X

റെസിഡന്‍റ് കാർഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്‍റെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് സമയപരിധി. ഇക്കാലയളവിനുള്ളിൽ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാം.

കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടി നൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ഒമാനിൽ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികൾ പിഴയോ നിയമപരമായ പ്രശ്നങ്ങളോ ഇല്ലാതെ രാജ്യം വിടാൻ നീട്ടിനൽകിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു.

ഇതിനായി തൊഴിൽ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് മുഖേനയോ, സനദ് സെന്‍ററുകള്‍ മുഖേനയോ രജിസ്റ്റർ ചെയ്യണം. ജൂൺ 30ന് ശേഷം അപേക്ഷകൾ സ്വീകരിക്കില്ല. പദ്ധതിക്ക് കീഴിൽ അനുമതി ലഭിച്ചവർ ജൂൺ 30നകം രാജ്യം വിടണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

രാജ്യം വിടാനുള്ള അനുമതിക്കായി 70000ത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏതാണ്ട് 50000ത്തോളം പേർ ഇതിനകം രാജ്യം വിടുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയതിൽ ഏറിയ പങ്കും ബംഗ്ലാദേശ് സ്വദേശികളാണ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story