Quantcast

നൂറിൽ 13 രൂപ കർണാടകയ്ക്ക്, കേരളത്തിന് 63; ബിഹാറിന് 922 രൂപയും യുപിക്ക് 333 ഉം- ഉത്തരേന്ത്യക്കെന്താ കൊമ്പുണ്ടോ?

പുതുതായി രൂപവത്കരിച്ച 16-ാം ധനകാര്യ കമ്മിഷൻ ഈ വിഷയത്തില്‍ എന്തു നിലപാടെടുക്കുന്നു എന്നതാണ് ഇനിയേറെ നിർണായകം.

MediaOne Logo

എം അബ്ബാസ്‌

  • Updated:

    8 Feb 2024 12:43 PM

Published:

8 Feb 2024 10:41 AM

South Vs North Divide
X

'ഗുജറാത്ത് പിച്ച തെണ്ടേണ്ട സംസ്ഥാനമാണോ? പിച്ചച്ചട്ടിയുമായി ഡൽഹിക്ക് മുമ്പിൽ നിൽക്കുകയാണോ ഞങ്ങൾ? കഠിനാധ്വാനം കൊണ്ടാണ് ഞങ്ങൾ മുമ്പിലെത്തിയത്. ഗുജറാത്തിലെ ജനങ്ങൾ ഓരോ വർഷവും അറുപതിനായിരം കോടി രൂപയാണ് കേന്ദ്രത്തിന് നൽകുന്നത്. എന്താണ് തിരികെ നൽകുന്നത്. കേന്ദ്രത്തിന്റെ ഉരുക്കുമുഷ്ടിയെ ഗുജറാത്ത് അംഗീകരിക്കില്ല.'- നികുതി വരുമാനത്തിൽനിന്ന് ആവശ്യമായ വിഹിതം തന്റെ സംസ്ഥാനത്തിന് കിട്ടുന്നില്ലെന്ന് ആരോപിച്ച് 2012 ഡിസംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. ഒരു വ്യാഴവട്ടം കടന്നു പോകുമ്പോൾ അന്ന് നരേന്ദ്ര മോദി ഉന്നയിച്ച അതേ ആവശ്യവുമായി ഡൽഹിയിൽ സമരമിരിക്കുകയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ.

കേരളം, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളാണ് കേന്ദ്രം അർഹമായ നികുതിവിഹിതം നൽകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റേത് സാമ്പത്തിക ഫെഡറലിസത്തിന് മേലുള്ള വെല്ലുവിളിയാണ് എന്നും രാഷ്ട്രീയ കാരണങ്ങളാലാണ് ഫണ്ട് നിഷേധിക്കപ്പെടുന്നത് എന്നും മുഖ്യമന്ത്രിമാർ പറയുന്നു. പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ദക്ഷിണേന്ത്യ കേന്ദ്രത്തിന് മുമ്പാകെ ഉയർത്തുന്ന വെല്ലുവിളി കൂടിയാണ് ഡല്‍ഹിയിലെ സമരം.

ആർക്ക് എന്തു കിട്ടുന്നു?

2021-22ലെ കണക്കു പ്രകാരം കേന്ദ്ര ഖജനാവിലേക്ക് കേരളം ഒരു രൂപ നൽകുമ്പോൾ തിരിച്ച് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത് 0.57 രൂപ മാത്രമാണ്. ദക്ഷിണേന്ത്യയിൽ കർണാടകത്തിനാണ് ഏറ്റവും ചെറിയ നികുതി വിഹിതം ലഭിക്കുന്നത്. ഒരു രൂപയ്ക്ക് 0.15 രൂപ മാത്രം. തമിഴ്‌നാടിന്റെ ഒരു രൂപയ്ക്ക് തിരികെ ലഭിക്കുന്നത് 0.23 രൂപയാണ്. ആന്ധ്രയ്ക്ക് ഇത് 0.49 രൂപ. രാജസ്ഥാൻ ഒരു രൂപ കേന്ദ്രത്തിന് നൽകുമ്പോൾ തിരികെ സംസ്ഥാനത്തിന് കിട്ടുന്നത് 1.33 രൂപയാണ്. ഉത്തർപ്രദേശിന് ഇരട്ടിയിലേറെ തിരിച്ചുകിട്ടുന്നു- ഒരു രൂപയ്ക്ക് 2.73 രൂപ. ബിഹാറിനാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്, 7.6 രൂപ.

2023-24 വർഷത്തെ കണക്കു പ്രകാരം ഓരോ നൂറു രൂപയ്ക്കും കേരളത്തിന് തിരികെ ലഭിക്കുന്നത് 63.4 രൂപയാണ്. ഇത് കർണാടകയ്ക്ക് 13.9 രൂപ മാത്രമാണ്. തമിഴ്‌നാടിന് 29.7 രൂപയും. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ബിഹാറിന് 922.5 രൂപയും യുപിക്ക് 333.2 രൂപയും മധ്യപ്രദേശിന് 279.1 രൂപയും ലഭിക്കുന്നു. ഇത് പ്രകടമായ വിവേചനമാണ് എന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

'കർണാടക കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യുന്ന ഓരോ നൂറു രൂപയ്ക്കും തിരികെ കിട്ടുന്നത് 12-13 രൂപ മാത്രമാണ്. ഞങ്ങളുടെ ക്ഷേമ-വികസന പദ്ധതികൾക്കുള്ള സാമ്പത്തിക സ്വാശ്രയത്വത്തിന് മേലുള്ള പ്രഹരമാണ് ഈ അനുപാതമില്ലാത്ത വിഹിതം.'- എന്നാണ് ഇതേക്കുറിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങൾ ഒറ്റയ്ക്ക് വഹിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു.

'ഓരോ ധനകാര്യ കമ്മിഷൻ കഴിയുമ്പോഴും കേരളത്തിന്റെ വിഹിതം കുത്തനെ ഇടിയുകയാണ്. കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള ശിക്ഷയാണ് കേന്ദ്രസർക്കാർ നൽകുന്നത്. മികവിൽ നിന്നും മികവിലേക്ക് പോകാൻ കേരളത്തെ തടസ്സപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. പ്രളയവേളയിൽ ലഭ്യമാക്കിയ ഭക്ഷ്യധാന്യങ്ങൾക്ക് വരെ കേന്ദ്രസർക്കാർ പണമീടാക്കി'- പിണറായി പറഞ്ഞു.


ധനമന്ത്രി നിര്‍മല സീതാരാമന്‍


വിവിധ ധനകമ്മിഷന്റെ കാലത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന കേന്ദ്ര വിഹിതത്തിൽ തുടർച്ചയായ കുറവുകളുണ്ടായി എന്നാണ് കണക്ക്. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.88 ശതമാനമായിരുന്നു കേരളത്തിന്റെ വിഹിതമെങ്കിൽ 15-ാം ധനകമ്മിഷനിൽ ഇത് 1.93 ശതമാനമായി. ഇതേകാലത്ത് കർണാടകയുടേത് 5.34 ശതമാനത്തിൽ നിന്ന് 3.65 ശതമാനമായി മാറി. പത്താം ധനകമ്മിഷൻ പ്രകാരം 6.64 ശതമാനമായിരുന്നു തമിഴ്‌നാടിന്റെ വിഹിതം. 15-ാം ധനകമ്മിഷനിൽ ഇത് 4.08 ആയി. അതേസമയം, മഹാരാഷ്ട്രയിൽ ഇത് 6.13 ശതമാനവും പിന്നീട് 6.32 ശതമാനവുമായി. ഉത്തർപ്രദേശിന്റെ വിഹിതം 10-ാം ധനകമ്മിഷനിൽ 17.81 ശതമാനമായിരുന്നെങ്കിൽ 15-ാം കമ്മിഷനിൽ ഇത് 17.94 ശതമാനമാണ്.

കേന്ദ്രം പറയുന്നത്

സ്വന്തം ഭാവനയോ ഇഷ്ടപ്രകാരമോ അല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് എന്നാണ് കേന്ദ്ര സർക്കാറിന്റെ വിശദീകരണം. ധനകാര്യ കമ്മിഷൻ നിർദേശ പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യുന്നത് എന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ കർണാടക സർക്കാർ ഉയർത്തിയ വാദങ്ങൾ അവര്‍ പൂർണമായി തള്ളിക്കളയുകയും ചെയ്തു. 'കർണാടക സർക്കാർ നികുതിപ്പണം ഉപയോഗിച്ച് ദേശീയ പത്രങ്ങൾക്ക് മുഴുപ്പേജ് പരസ്യം കൊടുക്കുകയാണ്. അവരുടെ അവകാശവാദങ്ങൾ സത്യമല്ല. 2014-24 കാലഘട്ടത്തിൽ കർണാടകയ്ക്ക് 2.85 ലക്ഷം കോടി രൂപ നൽകിയിട്ടുണ്ട്. ഇത് യുപിഎ സർക്കാർ നൽകിയതിനേക്കാൾ മൂന്നര മടങ്ങ് കൂടുതലാണ്. ഈ അവകാശവാദങ്ങൾ വിഘടനവാദ മനസ്സിൽ നിന്ന് ഉണ്ടായി വരുന്നതാണ്' - നിർമല ആരോപിച്ചു.

സങ്കീർണമായ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം വിതരണം ചെയ്യുന്നത്. 15-ാം ധനകാര്യ കമ്മിഷന്റെ കൈമാറ്റ (Devolution) ഫോർമുല പ്രകാരം നികുതിപ്പണം ചെലവഴിക്കാൻ പല തരം വെയ്‌റ്റേജുകൾ ഉണ്ട്. ജനസംഖ്യ 15%, ഏരിയ 15%, ഫോറസ്റ്റ് ആന്റ് ഇകോളജി 10%, ഇക്വിറ്റി 45%, നികുതിയും ധനശ്രമങ്ങളും 2.5%, ഡീമോഗ്രാഫിക് പെർഫോമൻസ് 12.5% എന്നിവയാണിത്. ഉദാഹരണത്തിന്, ഇക്വിറ്റി വിഭാഗത്തിൽ വിതരണം ചെയ്യേണ്ട നികുതിവിഹിതം 45 ശതമാനമാണ്. രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശവുമായി പിന്നാത്ത പ്രദേശത്തെ താരതമ്യം ചെയ്യുന്നതാണ് ഇക്വിറ്റി ഫോര്‍മുല. ഇതുപ്രകാരം വികസന സൂചികയിൽ മുമ്പിൽ നിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കുറഞ്ഞ വിഹിതവും പിന്നാക്കം നിൽക്കുന്ന ബിഹാർ അടക്കമുള്ള സ്ഥലങ്ങൾക്ക് കൂടുതൽ വിഹിതവും ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ജനസംഖ്യ, വരുമാനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവിഹിതം എങ്ങനെ തിരികെ നൽകണം എന്ന് തീരുമാനിക്കപ്പെടുന്നത്.

വിഹിതം കൂട്ടി, വരവ് കുറഞ്ഞു!

14-ാം ധനകാര്യ കമ്മിഷന്റെ നിർദേശപ്രകാരം കേന്ദ്രപൂളിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32ൽ നിന്ന് 42 ശതമാനമായി വർധിപ്പിച്ചത് മോദി സർക്കാറിന്റെ കാലത്താണ്. എന്നാൽ ഇങ്ങനെയായിട്ടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ ആനുപാതികമായ കുറവുണ്ടായി. ഇതിനു കാരണം ധനകമ്മിഷനെ മറികടന്ന് സർക്കാർ എടുത്ത തീരുമാനമാണെന്ന് മുൻ ധനസെക്രട്ടറി സുഭാഷ് സി ഗാർഗ് ചൂണ്ടിക്കാട്ടുന്നു. 'സെസ്, സർചാർജുകൾ തുടങ്ങി പെട്രോളിയം ഉത്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ അധിക നികുതികൾ ഒഴിവാക്കിയാണ് ഈ ഫോർമുല സർക്കാർ അംഗീകരിച്ചത്. ഇത് വിതരണം ചെയ്യപ്പെടുന്നതില്ല. തത്വത്തിൽ സ്വരുക്കൂട്ടുന്ന നികുതിയുടെ 32 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യപ്പെടുന്നത്.' - അദ്ദേഹം പറയുന്നു. അഞ്ചു വർഷത്തേക്ക് മാത്രം പ്രഖ്യാപിച്ച ജിഎസ്ടി നഷ്ടപരിഹാരം പൊടുന്നനെ ഇല്ലാതായതും സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി.

സെസ്സിലെയും സർച്ചാർജിലെയും വർധന നകുതി വരുമാനത്തിന്റെ പൂൾ 88.6 ശതമാനത്തിൽനിന്ന് (2011-12) 78.9 ശതമാനത്തിലെത്തിച്ചതായി (2021-22) റിസർവ് ബാങ്ക് കണക്കുകൾ പറയുന്നു. ഇക്കാര്യത്തിൽ പുതുതായി രൂപവത്കരിച്ച 16-ാം ധനകാര്യ കമ്മിഷൻ എന്തു നിലപാടെടുക്കുന്നു എന്നതാണ് ഇനിയേറെ നിർണായകമാകുക.

TAGS :

Next Story