Quantcast

തിളങ്ങുന്ന ഖത്തർ

അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഖത്തറിന്റെ ഇടപെടലുകള്‍ വിസ്മയകരമായ നീക്കങ്ങളായേ വിലയിരുത്താനാകൂ

MediaOne Logo
Qatar Ministry of Commerce and Industry with measures to attract investors
X

ലോകത്തിന്റെ മുമ്പിൽ വിവിധ കാരണങ്ങളാൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കൊച്ചു രാജ്യമാണ് ഖത്തർ. ഭരണാധികാരികളുടെ സ്ഥിരോത്സാഹവും കാഴ്ചപ്പാടിലധിഷ്ഠിതമായ കഠിനാധ്വാനവും ഒരു രാജ്യത്തെ എത്രത്തോളം ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ടെത്തിക്കുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം. 2022ലെ ഫുട്‌ബോൾ ലോകകപ്പോടെ ലോക കായിക മത്സരങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി മാറി ഖത്തർ. അതോടൊപ്പം നിരവധി മറ്റനേകം മത്സരരങ്ങളും ഖത്തറിനെ തേടിയെത്തി. ലോകകപ്പ് മത്സരത്തിനായി ഒരുക്കിയ വേദികൾ പിന്നെ, വിവിധ ആഗോള മത്സരങ്ങളുടെ വേദിയായി മാറുകയായിരുന്നു.

2036 ലേ ഒളിംപിക്‌സ് ഗെയിംസിന് കൂടി വേദിയാകാൻ ഖത്തർ ശ്രമിക്കുന്നു എന്നിടത്താണ് ആ രാജ്യത്തിന്റെ ഇച്ഛാശക്തി. ലോകത്തിലെ സമ്പന്നരാജ്യങ്ങളിലൊന്നായ ഖത്തർ വിവിധ മേഖലകളിൽ കരുത്ത് തെളിയിച്ച് മുന്നേറുകയാണ്.

2022ലെ ഫുട്‌ബോൾ ലോകകപ്പിന് വേദിയായതിലൂടെ ലോകത്തിന് വിവിധ സന്ദശങ്ങൾ നൽകി ഖത്തർ. ഇത്ര വലിയ കായികമാമാങ്കത്തെ നടത്താൻ ഖത്തറിന് സാധിക്കുമോ എന്ന ചോദ്യത്തിന്റെ മുനയൊടിച്ചതു മുതൽ ഒരു കായിക മാമാങ്കത്തിലൂടെ സാധ്യമാകുന്ന അനേകം ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യത്തിലെത്തിക്കാനും ഖത്തറിന് സാധിച്ചു. മികച്ച സംസ്‌കാരങ്ങളുടെും ആതിഥേയത്വത്തിന്റെയും സമത്വസുന്ദര ഭാവനകളുടെയും സന്ദേശങ്ങളെ ഈ രാജ്യം ലോകത്തിനും മുന്നിൽ കോരിയിട്ടു. പരമ്പരാഗത സങ്കൽപ്പങ്ങളെ അട്ടിമറിച്ചുള്ള ഖത്തറിന്റെ ആതിഥേയത്വം ലോകത്തെ ഞെട്ടിച്ചു, വിശേഷിച്ചും യൂറോപ്യൻ ശക്തികളെ. തുടർന്ന് ഏറ്റവും നിരവധി കായിക മത്സരങ്ങൾക്ക് ഖത്തർ വേദിയായി. അവസാനമായി ഏഷ്യൻ കപ്പിനു വരെ.

ഒരു കൊച്ചു രാജ്യം, പരിമിതമായ പൗരന്മാരുള്ള രാഷ്ട്രം, തങ്ങളുടെ ഭാവനകളിലുടെയും, മികച്ച ഭരണക്രമത്തിലൂടെയും, നയതന്ത്രത്തിലൂടെയും എങ്ങനെയാണ്് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതെന്നതിന് മികച്ച ഉദാഹരമാണ് ഖത്തർ. ഇരുപതിനായിരം കോടി ചിലവഴിച്ച് സ്റ്റേഡിയങ്ങളും മറ്റു പാശ്ചാത്തല സൗകര്യങ്ങളും വികസിപ്പിച്ചതിലൂടെ 2022ൽ ഖത്തർ ലക്ഷ്യം വെച്ചത് ഒരു ഫുട്‌ബോൾ ലോകകപ്പിന് വേദദിയാവുക എന്നതിനപ്പുറം മറ്റു പലതുമായിരുന്നു. ആ ലക്ഷ്യം ഖത്തർ കൈവരിച്ചുക്കൊണ്ടിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും.

2022 നു ശേഷം ഖത്തറിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം മുൻവർഷങ്ങളിലേതിനേക്കാൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തിൽ 157 ശതമാനം വർധനവാണ് സന്ദർശകരുടെ എണ്ണത്തിലുണ്ടാണ്ടായിരിക്കുന്നതെന്നാണ് ഖത്തറിന്റെ കണക്കുകൾ. അഥവാ ലോകത്തിന്റെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ഖത്തർ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇതു തന്നെയായിരുന്നു ഒരു ലോകകപ്പിന് വേദിയാവുന്നതിലൂടെ ഖത്തർ ലക്ഷ്യം വെച്ചതും. ഇപ്പോൾ ഇടക്കിടെയുണ്ടാവുന്ന കായിക മത്സരങ്ങളും, ലോകത്തിനു മുന്നിലേക്ക് ഈ കൊച്ചു രാജ്യത്തിന് തങ്ങളുടെ ശക്തിയും കരുത്തു തുറന്നു വെക്കാനുള്ള അവസരങ്ങൾ കൂടിയാണ് നൽകുന്നത്.


ഖത്തര്‍ നാഷണല്‍ ഡേ സെലബ്രേഷനില്‍നിന്ന്

നാൽപ്പത്തിയഞ്ച് വർഷത്തോളമായി ഈയുള്ളവൻ ഖത്തറിന്റെ വളർച്ചയും കുതിപ്പും നേരിൽ കണ്ടവനാണ്. സ്വാതന്ത്ര്യാനന്തര ഖത്തർ ഭരണത്തിന്റെ വിവിധ മേഖലകളിലേക്ക് അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക, മാനേജ്മെന്റ് വിദഗ്ധരെ കൊണ്ടുവരികയും ലോകതലത്തിൽ തന്നെ ശ്രദ്ധ നേടിയ പ്രമുഖരുടെ നിർദ്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കുകയും ചെയ്തതോടെയാണ് ഖത്തറിന് ഈ കുതിപ്പ് സാധ്യമായത്.

ആദ്യകാലങ്ങളിൽ ഹമദ് ഹോസ്പിറ്റൽ, ഖത്തർ പെട്രോളിയം അടക്കമുള്ള വിവിധ കോർപറേറ്റ് സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി സ്ഥാപിക്കുന്നതിന് ഖത്തർ യൂറോപ്പിന്റെ സഹായം ഉപയോഗപ്പെടുത്തി. മറ്റു ഗൾഫ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുടുംബസമേതം ജീവിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രാജ്യമായാണ് ഖത്തർ കണക്കാക്കപ്പെട്ടിരുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ഖത്തറിനെ സംബന്ധിച്ച് വളർച്ചയുടെയും കുതിച്ചു ചാട്ടത്തിന്റേതായിരുന്നു. 1995ൽ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി പിതാവ് ശൈഖ് ഖലീഫ ബിൻ ഹമദ് അൽതാനിയിൽ നിന്നും അധികാരം ഏറ്റെടുത്ത ശേഷം വിസ്മയകരമായ പുരോഗതിക്കാണ് ഖത്തർ സാക്ഷ്യം വഹിച്ചത്. എണ്ണയ്ക്കു പുറമേ പ്രകൃതി വാതക നിക്ഷേപത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഖത്തർ. പ്രതിശീർഷ ആളോഹരി വരുമാനത്തിൽ രണ്ടാമതും. ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്സർലന്റിനെ മറികടക്കും. ഖത്തറിന്റെ ഈ വളർച്ചയും മുന്നേറ്റവും ധാരാളം മലയാളികളുടെത് കൂടിയാണ്. കാരണം സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ധാരാളം മലയാളികളും ഇന്ത്യക്കാരും പ്രവർത്തിക്കുന്നുണ്ട് ഖത്തറിൽ.


ലോകകപ്പ ഫുട്‌ബോൾ ഫൈനലിന് ശേഷം അർജന്റീൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ പരമ്പരാഗത വസ്ത്രമായ ബിഷ്ത് ധരിപ്പിക്കുന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി

ഖത്തറിന്റെ ഒരു സവിശേഷത തന്നെ, ഇവിടെ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളാണെന്നതാണ്. ഇതിൽ തന്നെ കൂടുതലും ഇന്ത്യക്കാരാണ്. ഖത്തറിലേക്ക് ഈ വർഷമെത്തിയ സന്ദർശകരിൽ കൂടുതൽ 10 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ജിസിസിയിലെ അഞ്ചു രാജ്യങ്ങൾക്ക് പുറമെ കൂടുതൽ സന്ദർശകർ ഇന്ത്യയിൽ നിന്നാണ്. കൂടാതെ അമേരിക്ക, ബ്രിട്ടൻ,ജർമനി,പാകിസ്താൻ എന്നീ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. അന്താരാഷ്ട്ര സന്ദർശകരുടെ കാര്യത്തിൽ ഖത്തർ കുതിക്കുകയാണെന്ന് ഖത്തർ ടൂറിസത്തിന്റെ വിലയിരുത്തൽ.

അതൊടൊപ്പം തന്നെ രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കാനും വൻ തുക ചിലവഴിക്കുന്നുണ്ട് ഖത്തർ. മറ്റൊരു വശത്ത് അത്യാധുനിക ആഡംബരങ്ങളുമായി കോർത്തിണക്കിയുള്ള വിഖ്യാത ഹോട്ടലുകൾ, ടൂറിസ്റ്റ് സൗകര്യങ്ങൾ, വ്യത്യസ്ത സാംസ്‌കാരിക, ചരിത്ര ഇടങ്ങളിലെല്ലാം സൗകര്യ വികസനങ്ങൾക്കായും വൻനിക്ഷേപമാണ് രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഖത്തറിന്റെ ഇടപെടലുകള്‍ വിസ്മയകരമായ നീക്കങ്ങളായേ വിലയിരുത്താനാകൂ. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിൽ മധ്യസ്ഥനാവുന്നതും അതിവേഗ പ്രശ്‌ന പരിഹാരത്തിനായി കഠിനയത്‌നം നടത്തുന്നതും ഖത്തറാണ്. വിവിധ പ്രശ്‌നങ്ങളിലെ ഖത്തറിന്റെ വിജയകരമായ മധ്യസ്ഥശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. 100ലധികം രാജ്യങ്ങൾക്ക് 6.4 ബില്യൺ ഡോളറിലധികം സഹായം നൽകിക്കൊണ്ട് ഈ കൊച്ചു രാജ്യം അന്താരാഷ്ട്ര സമൂഹത്തിന് ഏറെ പ്രിയപ്പെട്ട രാഷ്ട്രമായി മാറുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ബന്ധത്തിലൂടെ ഇന്ത്യൻ തടവുകാരായ എട്ടുപേരെ വിട്ടയക്കാനുള്ള ഖത്തർ ഭരണകൂടത്തിന്റെ തീരുമാനവും ആ രാജ്യം ഇന്ത്യൻ സമൂഹത്തോടു കാണിക്കുന്ന ആഭിമുഖ്യത്തിന്റെ ശക്തമായ സൂചന കൂടിയാണ്.

TAGS :

Next Story