മഹ്സ അമിനിയുടെ മരണം; ഇറാനു മേൽ യൂറോപ്യൻ യൂനിയൻ ഉപരോധം
പൗരാവകാശനിഷേധം ചൂണ്ടിക്കാട്ടിയാണ് നടപടി
അമേരിക്കക്കു പിന്നാലെ ഇറാനു മേൽ ഉപരോധ നടപടികളുമായി യൂറോപ്യൻ യൂനിയനും. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കുർദ് വനിത കസ്റ്റഡിയിൽ വെച്ച് മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഉപരോധം. മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്.
ഇറാനിലെ ധാർമിക പൊലിസ് വിഭാഗം, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി, ഇസ്ലാമിക് റവലൂഷനറി ഗാർഡിന്‍റെ സൈബർ വിഭാഗം എന്നിവക്കു മേലാണ് യൂറോപ്യൻ യൂനിയന്‍റെ ഉപരോധം. അന്യായമായി കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിന് ഇറാൻ സർക്കാർ തന്നെയാണ് കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂനിയന്‍റെ ഉപരോധം. ധാർമിക പൊലിസ് മേധാവി ഉൾപ്പെടെയുള്ളവരും ഉപരോധത്തിന്റെ പരിധിയിൽ വരുമെന്ന് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി.
മഹ്സ അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിൽ തുടരുന്ന പ്രതിഷേധത്തിന് അമേരിക്ക നേരത്തെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും പുറം ശക്തികൾ രാജ്യത്ത് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി. ഇറാനും വൻശക്തി രാജ്യങ്ങളുമായുള്ള ആണവ കരാർ തുടർ ചർച്ചകളെയും പുതിയ സാഹചര്യം പ്രതികൂലമായി ബാധിച്ചു. അമേരിക്കക്കും ഇറാനും തമ്മിൽ അനുരഞ്ജനം ലക്ഷ്യമിട്ട് രംഗത്തുള്ള യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ പിൻവലിഞ്ഞിരിക്കുകയാണ്. അതിനിടെ, ഇറാനിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറുപതിലധികം പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.
Adjust Story Font
16