'ഡിജിറ്റൽ സ്കൂൾ' പദ്ധതിയിലേക്ക് 450 കമ്പ്യൂട്ടർ നൽകി ആർ.ടി.എ
പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്' സംരംഭത്തിലേക്കാണ് കമ്പ്യൂട്ടറുകൾ ശേഖരിക്കുന്നത്
ഡിജിറ്റൽ സ്കൂൾ' പദ്ധതിയിലേക്ക് 450 കമ്പ്യൂട്ടറുകൾ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്' സംരംഭത്തിലേക്കാണ് കമ്പ്യൂട്ടറുകൾ ശേഖരിക്കുന്നത്. നൂതന വിദ്യഭ്യാസ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നത് ലക്ഷ്യംവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതിക്ക് തുടക്കമിട്ടത്.
115ഡെസ്ക്ഡോപ് കമ്പ്യൂട്ടറുകളും 335 ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങളുമാണ് ആർ.ടി.എ നൽകിയത്. സ്ഥാപനത്തിന്‍റെ കോർപറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിയുടെ ഭാഗമായതെന്ന് ആർ.ടി.എ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മഹ്രീസി പറഞ്ഞു. പദ്ധതിയിൽ ഭാഗമാവുന്നതിന് പരിസ്ഥിതി സംരക്ഷണ ലക്ഷ്യം കൂടിയുണ്ട്.
ഉപകരണങ്ങൾ പുനരുപയോഗിക്കുന്നത് യു.എ.ഇയുടെ 'സുസ്ഥിരതാ വർഷാ'ചരണവുമായി ചേർന്നു വരുന്നതുമാണെന്ന് അവർ കൂട്ടിച്ചേർത്തു.കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ സഹകരിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എട്ടു രാജ്യങ്ങളിലാണ് 'ഡിജിറ്റൽ സ്കൂൾ' പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതുവഴി 50,000ഡിജിറ്റൽ ഉപകരണങ്ങൾ നൽകാൻ സാധിച്ചിട്ടുണ്ട്. 2026ഓടെ 10ലക്ഷം കുട്ടികൾക്ക് പദ്ധതി വഴി സഹായമെത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Adjust Story Font
16