ഖത്തറില്‍ സൈന്യത്തിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്ന നടപടിക്ക് ഉടന്‍ തുടക്കമാകും
യുദ്ധ സാഹചര്യം ഉണ്ടായാല്‍ പരിശീലനം നേടിയ എല്ലാ സ്വദേശികളെയും രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി തയ്യാറാക്കുകയാണ് ലക്ഷ്യം
ഖത്തറില്‍ സൈന്യത്തിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്ന നടപടിക്ക് ഉടന്‍ തുടക്കമാകും. ഇതിന്‍റെ മുന്നോടിയായി പെണ്‍കുട്ടികള്‍ക്ക് സൈനിക സേവനത്തിനുള്ള പരിശീലനം നല്‍കും. യുദ്ധ സാഹചര്യം ഉണ്ടായാല്‍ പരിശീലനം നേടിയ എല്ലാ സ്വദേശികളെയും രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി തയ്യാറാക്കുകയാണ് ലക്ഷ്യം. രാജ്യ സേവനത്തിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കുന്ന ബൃഹദ് പദ്ധതിക്കാണ് ഖത്തര്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ദേശീയ സേവന അതോറിറ്റി മേധാവി മേജര്‍ ജനറല്‍ സഈദ് ഹമദ് അന്നുഐമി ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.
സ്വദേശികളായ പെണ്‍കുട്ടിള്‍ക്ക് സൈനിക സേവനത്തിനുള്ള പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സൈനിക പരിശീലനത്തില്‍ താല്‍പര്യമുള്ളവര്‍ക്കായിരിക്കും പരിശീലനം നല്‍കുക. സൈനിക നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് നിര്‍ബന്ധ ബാധ്യതയില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യ രക്ഷയുമായി ബന്ധപ്പെട്ട സേവനത്തിന് സന്നദ്ധ അറിയിക്കുന്ന സ്വദേശികളായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പരിശീലനമാണ് നല്‍കുക. സ്വദേശി കുടുംബങ്ങള്‍ക്ക് പരിശീലന ക്യാമ്പുകള്‍ സന്ദര്‍ശിക്കാനും യുവാക്കളുടെ പരിശീലന-അഭ്യാസങ്ങള്‍ നേരിട്ട് കാണാനും അവസരം നല്‍കും.
പതിനെട്ട് വയസ്സ് പൂര്‍ത്തിയായ സ്വദേശികള്‍ അറുപത് ദിവസത്തിന് മുന്‍പ് നിര്‍ബന്ധ പരിശീലനത്തിന് പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് രാജ്യത്തെ നിയമമെന്ന് മേജര്‍ ജനറല്‍ അറിയിച്ചു. ഇങ്ങനെ രജിസ്ററര്‍ ചെയ്യാത്തവരുടെ യാത്ര തടയുന്നതടക്കമുള്ള നിയമപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒരു വര്‍ഷമാണ് പരിശീലന കാലാവധി. ഇതില്‍ ആറ് മാസം പരിശീലനവും ആറ് മാസം പഠനവുമായിരിക്കും. എല്ലാ വര്‍ഷവും രണ്ടാഴ്ച നിര്‍ബന്ധമായും പരിശീലനം പുതുക്കാന്‍ എത്തണമെന്നും മേജര്‍ ജനറല്‍ അറിയിച്ചു. പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടാലോ അമീറിന്‍റെ നിര്‍ദേശ പ്രകാരം യുദ്ധ സാഹചര്യം ഉണ്ടായാലോ പരിശീലനം നേടിയ എല്ലാ സ്വദേശികളും രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി പുറപ്പെടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാകി.
Adjust Story Font
16