Quantcast

എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞത് രാജ്യത്തിന്റെ തൊഴിലാളി സൗഹൃദനടപടിയെന്ന് ഖത്തര്‍

രാജ്യത്തിന് പുറത്തേക്ക് പോകാൻ എല്ലാ തൊഴിലാളികൾക്കും തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് പുതിയ നിയമത്തിലൂടെ ഖത്തർ എടുത്തുകളഞ്ഞത്

MediaOne Logo

Web Desk

  • Published:

    7 Sep 2018 3:13 AM GMT

എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞത് രാജ്യത്തിന്റെ തൊഴിലാളി സൗഹൃദനടപടിയെന്ന് ഖത്തര്‍
X

ഖത്തറിന്റെ തൊഴിലാളി സൗഹൃദനടപടികളിൽ ഏറ്റവും പ്രധാനെപ്പട്ടതാണ് എക്സിറ്റ് പെർമിറ്റ് സംവിധാനം എടുത്തുകളഞ്ഞ നടപടിയെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി. ആഭ്യന്തരമന്ത്രാലയവും തൊഴിൽമന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് തൊഴില്‍ മന്ത്രി ഡോ ഇസ്സ ബിന്‍ സആദ് അല്‍ ജഫാലി അല്‍ നുഐമി എക്സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞ കാര്യം ഔദ്യോഗികമായി വിശദീകരിച്ചത്.

പ്രവാസി കളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദ ഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ പുതിയ നിയമത്തെ സംബന്ധിച്ച് വിശദീകരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസമാണ് പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.

രാജ്യത്തിന് പുറത്തേക്ക് പോകാൻ എല്ലാ തൊഴിലാളികൾക്കും തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് പുതിയ നിയമത്തിലൂടെ ഖത്തർ എടുത്തുകളഞ്ഞത്. പുതിയ നിയമം വിദേശ തൊഴിലാളികളുെട അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. എല്ലാമേഖലയിലും ഖത്തർ തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടി പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്ന മേഖലയിലെ ആദ്യരാജ്യമാണ് ഖത്തർ. അതിന് സർവശക്തനായ ദൈവത്തിനും ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിക്കും നന്ദി അറിയിക്കുകയാണെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

അമീറിന്റെ നിർദേശങ്ങൾ ഇതിൽ ഏറെ വിലപ്പെട്ടതായിരുന്നു. തൊഴിൽ നിയമത്തിെൻറ പരിധിയിൽ വരുന്ന ഒരു തൊഴിലാളിക്കും ഇനി മുതൽ രാജ്യത്ത് നിന്ന് പുറത്തുപോകാൻ എക്സിറ്റ് പെർമിറ്റ് വേണ്ടതില്ല. അതേസമയം, രാജ്യത്തിന് പുറത്തേക്ക് പോകാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന തന്റെ കീഴിലുള്ള അഞ്ചുശതമാനം ജീവനക്കാരുടെ പേര് തൊഴിലുടമക്ക് ഭരണനിര്‍വഹണ തൊഴിൽ സാമൂഹിക കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കാം. ഇത് അതത് ജീവനക്കാരൻ നിർവഹിക്കുന്ന ചുമതലയുടെ പ്രാധാന്യം അനുസരിച്ചായിരിക്കും. എന്നാൽ ഇത് മൊത്തം ജീവനക്കാരുടെ എണ്ണത്തിെൻറ അഞ്ചുശതമാനത്തിൽ കൂടാനും പാടില്ല. ഇൗ പട്ടിക നേരത്തേ തന്നെ സമർപ്പിക്കുകയും വേണം.

ഒരു കമ്പനിയുടെ പ്രധാനപ്പെട്ട തസ്തികയിൽ ജോലി ചെയ്യുന്നവർ ഒരേ സമയം ഖത്തർ വിടുന്ന സന്ദർഭത്തിൽ കമ്പനിയുടെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണിത്. അതേസമയം ഇതിെൻറ പേരിൽ ഏതെങ്കിലും ജീവനക്കാരന് രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ അയാൾക്ക് എക്സ്പാട്രിയേറ്റ്സ് എക്സിറ്റ് ഗ്രിവൻസ് കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി മൂന്ന് പ്രവർത്തന ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമെടുക്കും. കമ്മിറ്റിയുടെ രൂപവത്കരണം, പ്രവർത്തന രീതികൾ, ചുമതലകൾ തുടങ്ങിയവ സംബന്ധിച്ച് ആഭ്യന്തരമന്ത്രി തീരുമാനമെടുക്കുമെന്നും ഇത് സംബന്ധിച്ച മറ്റ് കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും തൊഴിൽ മന്ത്രി പറഞ്ഞു.

TAGS :

Next Story