Quantcast

എയർ ഇന്ത്യയുടെ കണ്ണൂര്‍ ദോഹ സര്‍വീസ് ഡിസംബര്‍ മുതല്‍ തുടങ്ങിയേക്കും

ആഴ്ച്ചയില്‍ നാല് സര്‍വീസുകളാണ് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ നടത്തുക

MediaOne Logo

Web Desk

  • Published:

    17 Oct 2018 6:11 PM GMT

എയർ ഇന്ത്യയുടെ കണ്ണൂര്‍ ദോഹ സര്‍വീസ് ഡിസംബര്‍ മുതല്‍ തുടങ്ങിയേക്കും
X

എയർ ഇന്ത്യയുടെ കണ്ണൂര്‍ ദോഹ സര്‍വീസ് ഡിസംബര്‍ മുതല്‍ തുടങ്ങിയേക്കും. കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡി.ജി.സി.എ) പരിഗണനയിലാണ്. സമയക്രമത്തിന് അംഗീകാരം ലഭിച്ചാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും.

ആഴ്ച്ചയില്‍ നാല് സര്‍വീസുകളാണ് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ നടത്തുക. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ എയര്‍ ഇന്ത്യ ഡി.ജി.സി.എക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. താൽക്കാലിക സമയക്രമം അനുസരിച്ച് കണ്ണൂരിൽ നിന്ന് രാത്രി 8.20ന് പുറപ്പെട്ട് രാത്രി പത്തിനു ദോഹയിലെത്തുന്ന വിധത്തിലായിരിക്കും സര്‍വീസുണ്ടാവുക. തിരിച്ച് രാത്രി 11ന് ദോഹയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 5.45നു കണ്ണൂരിലെത്തും. നാലു മണിക്കൂറും 15 മിനിറ്റുമായിരിക്കും യാത്രാ സമയം.

ഡിസംബർ ഒൻപതിനാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. എയർ ഇന്ത്യ അന്നു തന്നെ രാജ്യാന്തര സർവീസുകൾ ആരംഭിക്കുമെങ്കിലും ദോഹയിലേക്കുള്ള സർവീസുകൾ പത്തിനു മാത്രമേ തുടങ്ങുകയുള്ളൂ. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഒട്ടേറെ പ്രവാസികൾ ഖത്തറിലുണ്ട്. നിലവിൽ ഇവർ കോഴിക്കോട്, മംഗലാപുരം വിമാനത്താവളമാണ് പ്രയോജനപ്പെടുത്തുന്നത്. കണ്ണൂരിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത് ഇവർക്ക് ഏറെ ഗുണം ചെയ്യും.

എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737- 800 വിമാനമായിരിക്കും കണ്ണൂർ- ദോഹ സർവീസിനു വേണ്ടി ഉപയോഗിക്കുക. എയർ ഇന്ത്യയ്ക്കു പിന്നാലെ സ്വകാര്യ എയർലൈനുകളും കണ്ണൂർ- ദോഹ റൂട്ടിൽ സർവീസ് ആരംഭിച്ചേക്കും.

TAGS :

Next Story