Quantcast

എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടിയെ ഉപയോ​ഗപ്പെടുത്തി ഖത്തർ പ്രവാസികൾ

ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ കമ്പനികള്‍ വാങ്ങിവെക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    30 Oct 2018 6:23 PM GMT

എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടിയെ ഉപയോ​ഗപ്പെടുത്തി ഖത്തർ പ്രവാസികൾ
X

ഖത്തറില്‍ എക്സിറ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി പ്രവാസികള്‍ ഉപയോഗപ്പെടുത്തിത്തുടങ്ങി. നിയമഭേദഗതി നിലവില്‍ വന്ന രണ്ട് ദിവസത്തിനകം തന്നെ നിരവധി പേര്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ നാട്ടിലേക്ക് തിരിച്ചു. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ കമ്പനികള്‍ വാങ്ങിവെക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിലാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്ന പുതിയ തിരുമാനം പ്രാബല്യത്തില്‍ വന്നത്. നേരത്തെ ഖത്തറില്‍ ഇഖാമയുള്ള ഏതൊരാള്‍ക്കും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ ബന്ധപ്പെട്ട തൊഴിലുടമയുടെ അനുമതി രേഖാമൂലം നേടേണ്ടതുണ്ടായിരുന്നു. ഇത് പലപ്പോഴും തൊഴിലാളികള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന സമയങ്ങളില്‍ നാട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഈ നിയമത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘ കാലത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനം നിലവില്‍ വന്നത്. പുതിയ എക്സിറ്റ് തീരുമാനം വന്നതോടൊപ്പം കമ്പനികളിലെ അഞ്ച് ശതമാനം ജീവനക്കാരെ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമുള്ളവരുടെ ഗണത്തില്‍ പെടുത്താമെന്ന ഇളവ് നിലവില്‍ അനുവദിച്ചിട്ടുണ്ട്. ഇത് അനുവദിക്കണമെങ്കില്‍ അതാത് കമ്പനികള്‍ നേരത്തെ തന്നെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ട ജീവനക്കാരുടെ പട്ടിക നല്‍കിയിരിക്കണം. ഈ പട്ടിക മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തില്‍ കൂടരുതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികളിലെ ജോലിയുടെ സ്വഭാവം അനുസരിച്ച് മാത്രമേ ഈ പട്ടിക തയ്യാറാക്കാന്‍ പാടുളളൂവെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

നേരത്തെ തന്നെ ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ കമ്പനികള്‍ വാങ്ങി വെക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യത ആണെന്നതിനാല്‍ നിര്‍ബന്ധമായും പാസ്പോര്‍ട്ട് പിടിച്ച് വെക്കുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ വന്‍ പിഴയടക്കമുള്ള ശിക്ഷാ നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇനി മുതല്‍ ഒഴിവ് സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി ഒരാള്‍ക്ക് തൊഴിലുടമയുടെ പ്രത്യേക അനുമതിയില്ലാതെ തന്നെ യാത്ര ചെയ്യാന്‍ കഴിയും.

TAGS :

Next Story