Quantcast

ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനം; വിശദീകരണവുമായി കമ്പനി

സ്വകാര്യവിവരങ്ങള്‍ പങ്കുവെച്ച് കബളിപ്പിക്കപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കില്ല. തൊഴിലിന് പണം ആവശ്യപ്പെടുന്ന രീതി കമ്പനിക്കില്ലെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    21 Nov 2018 7:42 PM GMT

ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനം; വിശദീകരണവുമായി കമ്പനി
X

ഖത്തര്‍ എയര്‍വേയ്സിന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ തൊഴിലവസര വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കമ്പനി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങള്‍ കണ്ട് ബാങ്ക് വിവരങ്ങളടക്കം നല്‍കിയവര്‍ വഞ്ചിതരാകുന്ന സംഭവങ്ങള്‍ കൂടിയതിനെ തുടര്‍ന്നാണ് നടപടി.

ഖത്തര്‍ എയര്‍വേയ്സിന്‍റെതെന്ന പേരില്‍ വ്യാജ തൊഴിലവസര പരസ്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്. ഇത്തരം വ്യാജപരസ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിതരാകരുത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്ത് വിടുന്ന വിവരങ്ങള്‍ മാത്രമേ വിശ്വസിക്കാവൂ. ചില തൊഴില്‍ ഏജന്‍സികള്‍ കമ്പനിയുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ പുറത്ത് വിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം പരസ്യങ്ങളോട് പ്രതികരിക്കുമ്പോള്‍ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നതില്‍ ജാഗ്രത പാലിക്കണം. ഇത്തരത്തില്‍ സ്വകാര്യവിവരങ്ങള്‍ പങ്കുവെച്ച് കബളിപ്പിക്കപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കില്ല. തൊഴിലിന് പണം ആവശ്യപ്പെടുന്ന രീതി കമ്പനിക്കില്ലെന്നും ഇക്കാര്യം ജനങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

ലോകത്തെ മുന്‍നിര വിമാന കമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വേയ്സില്‍ ഓരോ വര്‍ഷവും നൂറ് കണക്കിന് പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഇതിന്‍റെ മറവിലാണ് വ്യാജകമ്പനികള്‍ പരസ്യങ്ങളുമ്ടാക്കി ഉദ്യോഗര്‍ത്ഥികളെ വഞ്ചിക്കുന്നത്

TAGS :

Next Story