ഉപരോധത്തിനിടയിലും വലിയ വളര്‍ച്ച കെെവരിച്ചതായി ഖത്തര്‍
വ്യവസായ വികസനത്തിന് യുവാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുതകുന്ന പദ്ധതികള്‍ക്ക് മുഖ്യപരിഗണന നല്‍കും’
അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ഒന്നര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആഭ്യന്തര കാര്‍ഷിക-വ്യവസായിക പദ്ധതികള്‍ ഇരട്ടിയായതായി ഖത്തര്‍. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ തോതിലുളള വളര്‍ച്ചയാണ് ഈ മേഖലകളില്‍ രാജ്യം കൈവരിച്ചത്. കൂടുതല്‍ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്നും ഖത്തര്‍ പ്രതിനിധി വിയന്നയില്‍ പറഞ്ഞു.
വിയന്നയില്‍ നടന്ന് വരുന്ന ഐക്യരാഷ്ട്ര സഭ വ്യവസായിക വികസന ഓര്‍ഗനൈസേഷന്‍ പ്രത്യേക സമ്മേളനത്തില്‍ ഖത്തര്‍ പ്രതിനിധി അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഫുഹൈദാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോയ വര്‍ഷം ഭക്ഷ്യ സുരക്ഷാ മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് രാജ്യം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ 90 ശതമാനം പാല്‍ ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരമായി തന്നെ ഉല്‍പാദിപ്പിച്ച് തുടങ്ങി. അധികം വൈകാതെ പാല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഖത്തറിന്റെ സമ്പദ്മേഖലയുടെ 86 ശതമാനവും നിയന്ത്രിചചിരുന്നത് പെട്രോളിന്റെയും, പ്രകൃതി വാതകത്തിന്റെയും കയറ്റുമതിയിലായിരുന്നു. എന്നാല്‍ ഇത് 54 ശതമാനത്തിലേക്ക് കൊണ്ട് വരാന്‍ കഴിഞഞത് വലിയ നേട്ടമാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന് വിവിധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് വരുന്നത്.
വ്യവസായ വികസനത്തിന് യുവാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുതകുന്ന പദ്ധതികള്‍ക്ക് മുഖ്യപരിഗണന നല്‍കും. വ്യവസായിക മേഖല വികസിപ്പിക്കല്‍, നിര്‍മാണം, വിവിധ മേഖലകളിലെ വൈവിധ്യവല്‍ക്കരണം, എന്നിവയില്‍ ഗവണ്‍മെന്റ് പ്രത്യേകം താല്‍പര്യമെടുക്കുന്നതായി അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഫുഹൈദ് അറിയിച്ചു. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ വിഷന്‍-2030ന്റെ പൂര്‍ത്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ ആസൂത്രണങ്ങള്‍.
Adjust Story Font
16