ദോഹ മെട്രോ ഓടിതുടങ്ങി
അത്യാധുനിക സൌകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷനുകളാണ് ദോഹ മെട്രോയുടെ പ്രത്യേകത
ഖത്തറിന്‍റെ ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ദോഹ മെട്രോ ഓടിത്തുടങ്ങി. അല്‍ ഖസ്സര്‍ മുതല്‍ അല്‍ വക്ര വരെയുള്ള പതിമൂന്ന് സ്റ്റേഷനുകളിലൂടെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. അത്യാധുനിക സൌകര്യങ്ങളോട് കൂടിയുള്ള സ്റ്റേഷനുകളാണ് ദോഹ മെട്രോയുടെ പ്രത്യേകത.
രാവിലെ എട്ട് മണിക്ക് അല്‍ ഖസ്സാറില്‍ നിന്ന് വക്രയിലേക്കും തിരിച്ചും ഒരേ സമയം രണ്ട് സര്‍വീസുകളായിട്ടാണ് തുടങ്ങിയത്. റെഡ് ലൈനിലെ പതിമൂന്ന് സ്റ്റേഷനുകള്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ്.
സ്റ്റേഷനുകളുടെ നിര്‍മ്മിതിയും നവീനമായ രൂപത്തിലായിരുന്നു. കൂട്ടത്തില്‍ മുശൈരിബ് സ്റ്റേഷന്‍ മധ്യേഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏഴാമത്തെതുമാണ്. വ്യത്യസ്തമായ മൂന്ന് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് യാത്ര ചെയ്യേണ്ടത്.
മുഴുവന്‍ സ്റ്റേഷനുകളിലും സജ്ജീകരിച്ചിട്ടുള്ള വെന്‍ഡിങ് മെഷീനുകളില്‍ നിന്നും ലഭിക്കുന്ന ലിമിറ്റഡ് കാര്‍ഡുകള്‍ കൊണ്ട് ഒരു യാത്രയും ഒരു ദിവസത്തെ യാത്രയും നടത്താം. ഒറ്റയാത്രയുടെ കാര്‍ഡിന് രണ്ട് റിയാലും ഒരു ദിവസത്തേതിന് ആറ് റിയാലും മുടക്കണം.
അഞ്ച് വര്‍ഷം വരെ വാലിഡിറ്റിയുള്ള സ്റ്റാന്‍ഡേര്‍ഡ് ടോപ്പ് അപ്പ് കാര്‍ഡുകള്‍ അല്‍മീറ, ലുലു, കാരിഫോര്‍ മാളുകളില്‍ ലഭ്യമാണ്. പത്ത് റിയാല്‍ വിലയുള്ള ഈ കാര്‍ഡില്‍ യാത്രയ്ക്കായി വേറെ റീചാര്‍ജ്ജ് ചെയ്യണം. ഈ കാര്‍ഡിലെ ഒരു യാത്രയ്ക്ക് രണ്ട് റിയാലും ഒരു ദിവസത്തെ മുഴുവന്‍ യാത്രയ്ക്ക് ആറ് റിയാലുമാണ് ഈടാക്കുക.
ഉയര്‍ന്ന സൌകര്യങ്ങളുള്ള ഗോള്‍ഡ് കോച്ചില്‍ യാത്ര ചെയ്യാന്‍ നൂറ് റിയാല്‍ വിലയുള്ള ഗോള്‍ഡ് കാര്‍ഡുകളാണ് സ്വന്തമാക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് സര്‍വീസുണ്ടാവുക. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മെട്രോയില്‍ ട്രാവല്‍ കാര്‍ഡ് നിര്‍ബന്ധമാണ് അഞ്ച് വയസ്സിന് താഴയുള്ള കുട്ടികള്‍ക്ക് സൌജന്യമാണ്.
Adjust Story Font
16