ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതി
ഖത്തര്‍ വൈദ്യുതി ജല കോര്‍പ്പറേഷന്‍ കഹ്റാമയാണ് രണ്ട് വര്‍ഷം നീളുന്ന ദേശീയ ഊര്‍ജ്ജ കാര്യക്ഷമതാ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്
ഖത്തറില്‍ വൈദ്യുതി ജല ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ പ്രത്യേക പദ്ധതിയുമായി ഭരണകൂടം. രണ്ട് വര്‍ഷം നീളുന്ന പദ്ധതിയിലൂടെ മൊത്തം അഞ്ച് ശതമാനം ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം.
ഖത്തര്‍ വൈദ്യുതി ജല കോര്‍പ്പറേഷന്‍ കഹ്റാമയാണ് രണ്ട് വര്‍ഷം നീളുന്ന ദേശീയ ഊര്‍ജ്ജ കാര്യക്ഷമതാ ബോധവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്. വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും അനാവശ്യ ഉപയോഗം കുറച്ചുകൊണ്ടുവന്ന് മൊത്തം ഉപഭോഗം അഞ്ച് ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്‍റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതി 2021-22 വര്‍ഷങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. പദ്ധതി പരിചയപ്പെടുത്തല്‍ മുതല്‍ പ്രത്യേക ചോദ്യാവലി നല്‍കിയുള്ള സര്‍വേ വരെ ഉള്‍പ്പെടുന്നതാണ് നാല് ഘട്ടങ്ങള്‍.
രണ്ടാമത്തെ ഘട്ടത്തില്‍ കഹ്റാമയുടെ വെബ്സൈറ്റില്‍ തയ്യാറാക്കിയ തര്‍ഷീദ് പേജ് വഴി ഉപഭോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ സംവദിക്കാനുള്ള അവസരമൊരുക്കും. ഈ വര്‍ഷം ആഗസ്റ്റ് 1 മുതല്‍ 2022 ജനുവരി 31 വരെ നീളുന്നതാണ് ഈ ഘട്ടം. എങ്ങനെയാണ് അഞ്ച് ശതമാനം ഉപഭോഗം എല്ലാവരും കുറക്കേണ്ടതെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കും. 2022 ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് ഒന്ന് വരെയുള്ള നാലാം ഘട്ടത്തില്‍ മൊത്തം പദ്ധതിയുടെ വിലയിരുത്തലും ഫലപ്രഖ്യാപനവും നടത്തും. രാജ്യത്തെ മൊത്തം താമസയിടങ്ങളും പദ്ധതിയില്‍ പങ്കാളികളാകുക വഴി ജല വൈദ്യുത ഉപഭോഗത്തില്‍ 21.2 കോടി റിയാല്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കഹ്റാമയുടെ പ്രതീക്ഷ.
Adjust Story Font
16