Quantcast

ഇറാനെതിരായ ഉപരോധം ശക്​തമാക്കും; യു.എസ് സംഘം ഗൾഫിലേക്ക്

അമേരിക്കയുടെ സമ്മർദ​ത്തെ തുടർന്ന്​ ഇറാനെ വിലകുറച്ചു കാണാൻ ആരും തുനിയരുതെന്നും റൂഹാനി പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    4 July 2018 1:33 AM GMT

ഇറാനെതിരായ ഉപരോധം ശക്​തമാക്കും; യു.എസ് സംഘം ഗൾഫിലേക്ക്
X

ഗൾഫ്​ രാജ്യങ്ങ​ളുടെ പിന്തുണയോടെ ഇറാനെതിരായ ഉപരോധം ശക്​തമാക്കാനുറച്ച്​ അമേരിക്ക. ഇതി​ന്റെ ഭാഗമായി ഉന്നതതല അമേരിക്കൻ സംഘം ഈ ആഴ്​ച ഗൾഫിലെത്തും. ഉപരോധം അടിച്ചേൽപിച്ചാൽ മേഖലയിലെ എണ്ണ ഉൽപാദക രാജ്യങ്ങൾ​ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന്​ ഇറാനും മുന്നറിയിപ്പ്​ നൽകി.

യു.എസ്​ സ്​റ്റേറ്റ്​ ഡിപാർട്ട്​മെൻറ്​ നയ, ആസൂത്രണ വിഭാഗം ഡയറക്​ടർ ബ്രിയാൻ ഹൂക്​, ട്രഷറി അണ്ടർ സെക്രട്ടറി സിഗാൽ മണ്ടേൽക്കർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അമേരിക്കൻ സംഘത്തി​ന്റെ ഗൾഫ്​ സന്ദർശനം. ഇറാനുമായുള്ള വൻശക്​തികളുടെ ആണവ കരാറിൽ നിന്ന്​ മെയ്​ എട്ടിനാണ്​ അമേരിക്ക പിൻവാങ്ങിയത്​. ഈ സാഹചര്യത്തിൽ കടുത്ത ഉപരോധ നടപടികളുമായി മുന്നോട്ടു പോകാനാണ്​ ട്രംപ്​ ഭരണകൂടത്തി​ന്റെ തീരുമാനം.

സൗദി തലസ്​ഥാനമായ റിയാദിലും യു.എ.ഇ തലസ്ഥാനമായ അബൂദബിയിലുമായിരിക്കും സംഘത്തി​ന്റെ സന്ദർശനം എന്നാണ്​ വിവരം. പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്കു പുറമെ യൂറോപ്യൻ രാജ്യങ്ങളെയും അനുനയിച്ച്​ ഇറാനു മേൽ കടുത്ത ഉപരാധ നടപടികൾ സ്വീകരിക്കാനാണ്​ യു.എസ്​ നീക്കം. ഇറാ​ന്റെ ഓട്ടോമെോട്ടീവ്​, വാണിജ്യം എന്നിവക്കു മേൽ ആഗസ്​റ്റ്​ ആറോടെ ഉപരോധം ഏർപ്പെടുത്താനാണ്​ അമേരിക്ക ആലോചിക്കുന്നത്​​. നവംബർ നാലോടെ എണ്ണ ഉൾപ്പെടെ ഇറാ​ന്റെ ഊർജ മേഖലക്കു മേലും ഉപരോധം നടപ്പാക്കാനാണ്​ തീരുമാനം.

​അതേസമയം എണ്ണ വരുമാനം നഷ്​ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ മേഖലയിലെ എണ്ണ ഉൽപാദക രാജ്യങ്ങളെ വിടില്ലെന്ന്​ ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി മുന്നറിയിപ്പ്​ നൽകി. സ്വിറ്റ്​സർലൻറിലെ സന്ദർശന വേളയിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്​. അമേരിക്കയുടെ സമ്മർദ​ത്തെ തുടർന്ന്​ ഇറാനെ വിലകുറച്ചു കാണാൻ ആരും തുനിയരുതെന്നും റൂഹാനി പ്രതികരിച്ചു.

TAGS :

Next Story