Quantcast

ജിദ്ദ വിമാനത്താവളം വഴി 3,10,000 ഹാജിമാരെത്തി,ഇന്ത്യയിൽ നിന്നും അവസാന വിമാനം വ്യാഴാഴ്ച

1,535 വിമാനങ്ങളാണ് ഇതുവരെ എത്തിയത്

MediaOne Logo

Web Desk

  • Published:

    13 Aug 2018 4:24 AM GMT

ജിദ്ദ വിമാനത്താവളം വഴി 3,10,000 ഹാജിമാരെത്തി,ഇന്ത്യയിൽ നിന്നും അവസാന വിമാനം വ്യാഴാഴ്ച
X

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ വിമാനത്താവളം വഴി ഇതുവരെ മൂന്നു ലക്ഷത്തി പതിനായിരം തീർത്ഥാടകർ ഹജ്ജിനെത്തി. കഴിഞ്ഞ വര്ഷം ഇതേ കാലയളവിനേക്കാൾ 41 ശതമാനം വർദ്ധനവാണ് ഇപ്പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നതെന്നു സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഹജ്ജ് ടെർമിനലിൽ നിന്നും തീർത്ഥാടകരുടെ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കുന്നുമുണ്ട്.

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ചതുമുതൽ ഇതുവരെ 1535 വിമാനങ്ങളാണ് ഹാജിമാരെയും കൊണ്ട് ജിദ്ദ ഇന്റർനാഷണൽ വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഏകദേശം 3,10,000 തീർത്ഥാടകരാണ് ഇത്രയും വിമാനങ്ങളിലായി എത്തിയത്. ഹാജിമാരെ സ്വീകരിക്കുന്നതിനും എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കുന്നതിനും ഹൈടെക്ക് സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് ജിദ്ദ ഹജ്ജ് ടെർമിനലിൽ. ഒരു മണിക്കൂറിൽ 3,800 തീർത്ഥാടകരുടെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെത്തുടർന്നു ഹജ്ജ് ആൻറ് ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദൻ, ഗതാഗത വകുപ്പ് മന്ത്രി നബീൽ അൽ അമൂദി, സിവിൽ ഏവിയേഷൻ പ്രസിഡണ്ട് അബ്ദുൽ ഹകീം അൽ തമീമി എന്നിവർ ഹജ്ജ് ടെർമിനൽ സന്ദർശിച്ചിരുന്നു. ഇവർ ടെർമിനലിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ വരവ് അടുത്ത വ്യാഴാഴ്ച വരെ തുടരും. ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം. 300 തീർത്ഥാടകരുമായി വ്യാഴാഴ്ച രാവിലെ 7.15 നാണ് ഈ വിമാനം ജിദ്ദയിലെത്തുക. കൊച്ചിയിൽ നിന്നും 410 തീത്ഥാടകരുമായി കേരളത്തിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനവും വ്യാഴാഴ്ച പുലർച്ചെ 3.30 നു ജിദ്ദയിലെത്തും.

TAGS :

Next Story