പേപ്പറുകളും ഫയലുകളും ഇനിയില്ല; സൗദിയിൽ ഇനി ഡിജിറ്റല്‍ കോടതികള്‍
സൗദിയിലെ കോടതികളില്‍ ഇനി പേപ്പറുകളും ഫയലുകളും ഉണ്ടാവില്ല, പകരം ഡിജിറ്റല്‍ രൂപത്തിലായിരിക്കും കോടതികള്‍ പ്രവര്‍ത്തിക്കുക. പരിസ്ഥിതി സംരക്ഷണത്തിന്റെയും പേപ്പര്‍ മലിനീകരണം കുറക്കുന്നതിന്റെയും ഭാഗമായിട്ടാണ് പുതിയ നടപടി.
സൗദി നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിനു കീഴില്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ഡിജിറ്റല്‍ കണക്റ്റിവിറ്റി വഴി കോടതികളെ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്ന സംവിധാനത്തിന്‍റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി. ഇതുവഴി കോടതികളെ ജനകീയമാക്കാനും സമയ നഷ്ട്ടവും വിഭവ നഷ്ട്ടവും പരിഹരിക്കാനും മന്ത്രാലയം പദ്ധതിയിടുന്നു.
കാര്യ ക്ഷമത വര്‍ദ്ധിപ്പിച് കോടതികളുടെ കൂടുതല്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്നാതാണ് പേപ്പര്‍ മുക്ത കോടതികളിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത് എന്ന് വാര്‍ത്താവിനിമയ വകുപ്പ് മേധാവി മാജിദ് അല്‍ഖാമിസ് പറഞ്ഞു. ഒപ്പം രാജ്യത്തെ പ്രകൃതി സംരക്ഷണത്തിനുള്ള പ്രോത്സാഹനവും മാലിന്യ നിർമാർജനത്തിനായുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു കണക്കു പ്രകാരം പ്രതിവര്‍ഷം പതിനഞ്ചു ദശലക്ഷം ടണ്‍ ഖര മാലിന്യം ഉല്‍പ്പാദിപ്പിക്കപെടുന്നുണ്ട്. അവയില്‍ ജൈവമാലിന്യം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം പേപ്പര്‍ മാലിന്യങ്ങള്‍ക്കാണ്. മൊത്തം ഖരമാലിന്യങ്ങളുടെ 29 ശതമാനം വരും ഈ പേപ്പര്‍ മാലിന്യങ്ങള്‍.
Adjust Story Font
16