Quantcast

സോഷ്യല്‍ മീഡിയ നിയമം കര്‍ശനമാക്കി സൌദി

MediaOne Logo

Web Desk

  • Published:

    9 Sep 2018 8:44 PM GMT

സോഷ്യല്‍ മീഡിയ നിയമം കര്‍ശനമാക്കി സൌദി
X

സൌദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പ്രാബല്യത്തിലായി. വാട്ട്സ്അപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇനി സൂക്ഷ്മത പാലിക്കേണ്ടി വരും. അഞ്ച് വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയും ഭയന്ന് ഇതിനകം നിരവധി ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായി. വിവിധ വെബ്സൈറ്റുകള്‍ പരിശോധിക്കുന്ന ഡൊമൈനുകളും നിരീക്ഷണത്തിലാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപവും തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നത് പതിവ് കഥയാണ്. പ്രവാസി ഗ്രൂപ്പുകളിലാണ് ഫേക്ക് വാര്‍ത്തകള്‍ വൈറല്‍ ആകാറ്. രാജ്യ വിരുദ്ധ പരാമര്‍ശങ്ങള്‍ പോലും പ്രചരിക്കുന്നതായി നേരത്തെ സൌദി സുരക്ഷാ വിഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരാന്‍ തീരുമാനിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ അഞ്ച് വര്‍ഷം തടവാണ് ശിക്ഷ. 30 ലക്ഷം റിയാല്‍വരെ പിഴയും.

വാട്ട്സ് അപ്പ് ഗ്രൂപ്പികളില്‍ ഒരംഗം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അതിനുത്തരവാദി ഗ്രൂപ്പ് അഡ്മിനാണ്. ഇതിനാല്‍ അഡ്മിന്‍ അപ്രൂവല്‍ ആവശ്യമാകുന്ന ബിസിനസ് ഗ്രൂപ്പുകളാക്കി മാറ്റുകയാണ് പലരും. പ്രവാസി ജീവിതം തന്നെ ഇല്ലാതാക്കുന്നതാണ് പല തമാശകളുമെന്ന് കേസില്‍ കുടുങ്ങുമ്പോഴാണ് പ്രവാസികള്‍ അറിയാറ്. ഇതിനാല്‍ തന്നെ പല ഗ്രൂപ്പുകളും ഇതിനകം അപ്രത്യക്ഷമായി.

പരിഹാസം, സൌദി ഭരണാധികാരികളെ പരിഹസിക്കുന്ന ട്രോളുകള്‍, വ്യക്തികള്‍ക്കെതിരായ ആക്ഷേപ ഹാസ്യം, വ്യക്തികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യല്‍, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കല്‍, വ്യക്തികളുടെ സ്വകാര്യത ലംഘിക്കല്‍ എന്നിവയെല്ലാം കുറ്റമാണ്. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പോലും പരാതി നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട് പ്രോസിക്യൂഷന്‍ വിഭാഗം. നിരോധിത സംഘടനകളുടെ വെബ്സൈറ്റ് പരിശോധിക്കുന്ന ഡൊമൈനുകളും നിരീക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഉദ്യോഗസ്ഥരുണ്ട് സൈബര്‍ വിഭാഗത്തില്‍. അബദ്ധം പോലും അകത്താക്കുമെന്നതിനാല്‍ കൂടുതല്‍ സൂക്ഷമത വേണം സൈബര്‍ മേഖലയിലെ പ്രവര്‍ത്തനത്തിന്. സൈബര്‍ സുരക്ഷാ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്.

TAGS :

Next Story