Quantcast

സ്വദേശിവൽക്കരണം; പടിഞ്ഞാറൻ മേഖലകളിലെ വ്യാപാരികളെയും ബാധിച്ചു

പല കച്ചവടകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നു; പതിനായിരങ്ങൾക്ക് ജോലിനഷ്ടപ്പെടുമെന്ന ആശങ്ക

MediaOne Logo

Web Desk

  • Published:

    11 Sep 2018 7:31 PM GMT

സ്വദേശിവൽക്കരണം; പടിഞ്ഞാറൻ മേഖലകളിലെ വ്യാപാരികളെയും ബാധിച്ചു
X

സ്വദേശിവൽക്കരണം നടപ്പാക്കിയത് മുഖേനയുള്ള പ്രതിസന്ധികൾ സൗദിയിലെ പടിഞ്ഞാറൻ മേഖലകളിലെ കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ജിദ്ദ, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിൽ മിക്കതും ഇന്ന് അടഞ്ഞുകിടക്കുകയാണ്. വരും ദിവസങ്ങളിൽ നിയമലംഘന പരിശോധന ശക്തമാക്കുമെന്ന് അധികൃതരും അറിയിച്ചിട്ടുണ്ട്.

നാല് മേഖലകളിൽ ഇന്ന് മുതൽ നടപ്പാക്കിയ 70 ശതമാനം സ്വദേശിവൽക്കരണ നിയമം രാജ്യത്തെ പടിഞ്ഞാറൻ മേഖലകളിലെ കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ വിൽപ്പന നടത്തുന്ന കടകളെയാണ് നിയമം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഇത്തരം കടകളിലെ ജീവനക്കാരിൽ മഹാഭൂരിപക്ഷവും വിദേശികളാണ്. പുതിയ നിബന്ധന പ്രകാരം ഇവിടങ്ങളിലെ ജീവനക്കാർ സ്വദേശികളായിരിക്കണം. എന്നാൽ ആവശ്യത്തിന് സ്വദേശികളെ നിയമിക്കാൻ സാധിക്കാത്തവർ പരിശോധനയെ ഭയന്ന് കടകൾ അടച്ചിട്ടിരിക്കുകയാണ്. ജിദ്ദയിൽ മലയാളികൾ ഉൾപ്പെടെ വിദേശികൾ ധാരാളമായി ജോലിചെയ്യുന്ന ഷറഫിയ, ബലദ് പോലുള്ള പ്രദേശങ്ങളിൽ മിക്ക കടകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്. മക്ക, മദീന, തായിഫ് എന്നിവിടങ്ങളിലും സ്ഥിതി മറിച്ചല്ല. നിയമം നടപ്പാക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ടു തന്നെ സ്വദേശികളെ നിയമിച്ചു കടകളുടെ പ്രവർത്തനം തുടർന്നു കൊണ്ട് പോവുകയോ അതിനു സാധിച്ചില്ലെങ്കിൽ കട പൂർണമായും ഒഴിവാക്കുകയോ ചെയ്യുക എന്നതല്ലാതെ ഇവരുടെ മുമ്പിൽ മറ്റു വഴികളില്ല. സ്വദേശിവത്കരണം ശക്തമാക്കിയതിന്റെ ഭാഗമായി ആയിരങ്ങൾക്കാണ് ഇതിനകം പ്രവാസ ജീവിതം അവസാനിപ്പിക്കേണ്ടിവന്നത്. അടുത്ത മാസം കൂടുതൽ മേഖലകളിൽ കൂടി നിയമം നടപ്പിൽ വരുന്നതോടെ കച്ചവട മേഖലയിൽ ജോലി ചെയ്യുന്ന പതിനായിരങ്ങൾക്കും നാട്ടിലേക്ക് മടങ്ങേണ്ടതായി വരും.

TAGS :

Next Story