Quantcast

സൗദി ദേശീയ ദിനം; ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല

നന്മേഛുക്കള്‍ക്കും രാഷ്ട്രത്തെ സ്നേഹിക്കുന്നവര്‍ക്കും സൗദി എന്നും ശക്തമായ കോട്ടയായി നിലകൊള്ളുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    23 Sep 2018 7:21 PM GMT

സൗദി ദേശീയ ദിനം; ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല
X

പതിമുവായിരത്തിലേറെ പരിപാടികളാണ് സൗദിയിലെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. ജനറൽ എൻറർടൈൻറ്മെൻറ് അതോറിറ്റിക്ക് കീഴിലാണ് പരിപാടികള്‍. പ്രവാസികളും ആഘോഷത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

രണ്ട് ദിനം മുന്നേ തുടങ്ങിയിരുന്നു ആഘോഷ പരിപാടികള്‍. നൃത്തങ്ങളും ഷോകളും വിപണനവും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമുണ്ട്. ജനറൽ എൻറർടൈൻറ്മെൻറ് അതോറിറ്റിക്ക് കീഴിലാണ് എല്ലാ പരിപാടികളും. രാജ്യത്തെ പതിമൂന്ന് പ്രവിശ്യകളിള്‍ മുന്നൂറിലധികമുണ്ട് വേദികള്‍. വ്യാപാര സ്ഥാപനങ്ങളും ആഘോഷത്തിന്റെ ഭാഗമാണ്. പുലരും വരെ നീളും പരിപാടികള്‍.

സൗദിയുടെ പടിഞ്ഞാറൻ മേഖലയിലും 88 മത് ദേശീയ ദിനം കെങ്കേമമായാണ് ആഘോഷിക്കുന്നത്. ജിദ്ദ നഗരം രണ്ടു ദിവസങ്ങളായി ആഘോഷത്തിമിർപ്പിലാണ്. ത്രീഡി ലൈറ്റ് ഷോ, എയർ ഷോ, കരിമരുന്നു പ്രയോഗം, ചരിത്ര പ്രദർശനം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. മേഖലയിലെ മറ്റു പ്രദേശങ്ങളിലും വിവിധ ആഘോഷപരിപാടികൾ നടന്നുവരുന്നു.

റോഡുകളും വിവിധ സ്ഥാപനങ്ങളും ഉയർന്ന കെട്ടിടങ്ങളും പാലങ്ങളുമെല്ലാം സൗദി പതാകകൾ കൊണ്ടും സൗദി ഭരണാധികാരികളുടെ ചിത്രങ്ങൾ കൊണ്ടും വർണ പ്രകാശം കൊണ്ടും അലങ്കൃതമാണ്‌. ജിദ്ദയിൽ കോർണിഷ്, ഹിസ്റ്റോറിക്കൽ മേഖല, കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന ആഘോഷ പരിപാടികൾ. വിവിധ നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഘോഷയാത്ര, നാടൻ കലാപ്രകടനങ്ങൾ, കരിമരുന്നു പ്രയോഗം, ത്രീഡി ലൈറ്റ് ഷോ, ജലധാര നൃത്തം, എയർ ഷോ, ചരിത്ര പ്രദർശനം തുടങ്ങിയവയാണ് മുഖ്യ പരിപാടികൾ.

കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ദേശീയ ദിനത്തിന്റെ ഭാഗമായി സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പാരാഗ്ലൈഡ് എയര്‍ ഷോ. അല്‍ഖോബാര്‍ കോര്‍ണീഷിലായിരുന്നു പരിപാടി. ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.

മൂന്നു ദിവസങ്ങളായി ജിദ്ദയിലെ ഹിസ്റ്റോറിക്കൽ പ്രദേശമായ ബലദിൽ നടന്നുവരുന്ന ചരിത്ര പ്രദർശനത്തിലേക്ക് പതിനായിരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. രാജ്യത്തിൻറെ വളർച്ചയും വികസനവും തുറന്നു കാട്ടുന്ന 22 ഓളം പരിപാടികളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ജനറൽ എന്റർടൈമെന്റ് അതോറിറ്റിക്ക് കീഴിൽ പടിഞ്ഞാറൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ വിത്യസ്ത ആഘോഷ പരിപാടികൾ നടന്നുവരികയാണ്.

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗത്തിന് ജിദ്ദ, മദീന, തായിഫ്, തബൂക്, ജിസാൻ, നജ്‌റാൻ, അൽബഹ തുടങ്ങിയ നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രാജ്യം ഇതുവരെ കാണാത്ത ഉത്സവപ്പൊലിമയാണ് ഇത്തവണ ദേശീയാഘോഷത്തിന്. തിങ്കളാഴ്ച കൂടി ദേശീയദിനാവധിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഇന്ന് രാത്രി ഏറെ വൈകിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നന്മേഛുക്കള്‍ക്കും രാഷ്ട്രത്തെ സ്നേഹിക്കുന്നവര്‍ക്കും സൗദി എന്നും ശക്തമായ കോട്ടയായി നിലകൊള്ളുമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു.

വിവിധ രാഷ്ട്ര നേതാക്കളും അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ദേശീയദിനമാശംസിച്ചു. വിദേശ രാജ്യങ്ങളിലെ സൗദി എംബസികളിലും ദേശീയദിനം ആഘോഷിച്ചു.

TAGS :

Next Story