ജിദ്ദയിൽ കവർച്ച സംഘം അറസ്റ്റിൽ; കുടുക്കിയത് സിസിടിവി ക്യാമറ ദൃശ്യങ്ങൾ
ജിദ്ദയിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ രണ്ടു വിദേശികൾ പിടിയിൽ. അറബ് വംശജരാണ് പിടിക്കപ്പെട്ടവർ. കവർച്ച നടത്തുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കണ്ടതിനെത്തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.
ജിദ്ദയിലെ അൽ നുസ്ഹ പ്രദേശത്തെ സൂപ്പർ മാർക്കറ്റിലാണ് ഇരുവർ സംഘം കവർച്ച നടത്തിയത്. ആളില്ലാത്ത സമയം നോക്കി സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച. സംഘത്തിൽ ഒരാൾ അകത്തു കയറി സാധനങ്ങൾ മോഷ്ടിക്കുകയും രണ്ടാമൻ പുറത്തു കാവൽ നിൽക്കുകയുമായിരുന്നു. സ്ഥാപനത്തിന്റെ കാശ് കൗണ്ടർ തകർത്ത് 4000 റിയാൽ കൈവശപ്പെടുത്തിയ മോഷ്ടാവ് 4000 റിയാൽ വില മതിക്കുന്ന മൊബൈൽ ഫോണുകളും റീ-ചാർജ്ജ് കാർഡുകളും അടിച്ചുമാറ്റിയിരുന്നു. സംഘം കവർച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഉടമ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കവർച്ചക്കാർ പിടിക്കപ്പെട്ടത്. അറബ് വംശജരായ ഇവരെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിൽ മുമ്പും നിരവധി കവർച്ചകൾ നടത്തിയതായി ഇരുവരും പോലീസിനോട് സമ്മതിച്ചു. ഇത്തരം കവർച്ചസംഘങ്ങളെക്കുറിച്ചു ജാഗ്രത ഉണ്ടാവണമെന്ന് പോലീസ് അറിയിച്ചു.
Adjust Story Font
16