Quantcast

വിദ്യാഭ്യാസ രംഗത്തും സൗദിവത്കരണം; പുതിയ വിസകള്‍ക്ക് നിയന്ത്രണം

MediaOne Logo

Web Desk

  • Published:

    5 Oct 2018 1:29 AM GMT

വിദ്യാഭ്യാസ രംഗത്തും സൗദിവത്കരണം; പുതിയ വിസകള്‍ക്ക് നിയന്ത്രണം
X

വിദ്യാഭ്യാസ മേഖലയിലെ പ്രധാന തസ്തികകള്‍ക്കൂടി സൗദി വത്ക്കരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. സ്കൂളുകള്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിലും നിയന്ത്രണം കൊണ്ട് വരും. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപന, അനാധ്യാപന ജോലികള്‍ സ്വദേശിവത്കരിക്കാന്‍ മന്ത്രാലയം നേരത്തെ തന്നെ ആലോചിച്ചിരുന്നു. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകള്‍ നിലവില്‍ സൗദിവല്‍ക്കരിക്കപ്പെട്ടതാണ്. മിക്ക ഇന്‍റര്‍നാഷണല്‍ സ്കൂളുകളിലും ഈ തസ്തികകളില്‍ സ്വദേശികള്‍ തന്നെെയാണ് ജോലി ചെയ്തുവരുന്നത്. ഇതിന് പുറമെയാണ് പ്രധാനപ്പെട്ട ചില തസ്തികകള്‍കൂടി സ്വദേശിവല്‍ക്കരിക്കാനൊരുങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ സൂപ്പര്‍വൈസിംഗ്, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങിയ ജോലികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസാ പ്രത്യേക സര്‍ക്കുലര്‍ വഴിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ അധ്യായന വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. സ്റ്റുഡന്‍സ് കൗണ്‍സിലര്‍, ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ എന്നീ തസ്തികകളും സ്വദേശിവത്ക്കരണത്തില്‍ ഉള്‍പ്പെടും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശീയതാബോധം ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ മൂല്യം ഉയര്‍ത്തികൊണ്ട് വരലുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. യോഗ്യരായ സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുതിയ വിസകള്‍ അനുവദിക്കുകയുള്ളൂ. ഇക്കാര്യം അതത് പ്രവശ്യകളുടെ ചുമതലയുള്ള വിദ്യാഭ്യാസ ഡയരക്ടര്‍മാര്‍ ഉറപ്പ് വരുത്തണം. ഇത് പരിശോധിക്കാനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

TAGS :

Next Story