സ്വപ്‌ന പദ്ധതികളും നിലപാടുകളും വിശദീകരിച്ച് സൗദി രാജകുമാരന്‍
സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അഭിമുഖം
അമേരിക്കയുടെ വെല്ലുവിളി, പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍, രാജ്യത്തെ വിപണിയുടെ തളര്‍ച്ച, രാജ്യത്തെ അറസ്റ്റുകള്‍, അരാംകോയുടെ ഓഹരി വില്‍പന എല്ലാം തുറന്ന് പറഞ്ഞ് സൗദി രാജകുമാരന്‍ ബ്ലൂം ബര്‍ഗിന് നല്‍കിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റപ്പോള്‍ മുതല്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ് സൗദി അറേബ്യ. ഈ അടുത്തിടെ രാജ്യത്തുണ്ടായ സുപ്രധാന വിഷയങ്ങളില്‍ മനം തുറന്നു സംസാരിക്കുകയാണ് കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. അഭിമുഖത്തിലെ സുപ്രധാന ഭാഗങ്ങളിലേക്ക്
ചോദ്യം: അമേരിക്കയുടെ സഹായമില്ലാതെ സൗദി അറേബ്യക്ക് രണ്ടാഴ്ചയിലേറെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അത് കൊണ്ട് അമേരിക്കന്‍ സൈനിക ചെലവുകള്‍ക്ക് പണം നല്‍കണമെന്നായിരുന്നു ട്രംപിന്റെ പ്രഭാഷണ ശകലം. താങ്കളുടെ പിതാവിനെ അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം?
മുഹമ്മദ് ബിന്‍ സല്‍മാന്‍: അമേരിക്കക്ക് മുന്നേയുള്ള രാജ്യമാണ് സൗദി അറേബ്യ. 1744 മുതല്‍ രാജ്യമുണ്ട്. അമേരിക്ക പിറവി കൊള്ളുന്നതിനും മുപ്പത് വര്‍ഷം മുന്നേ രാജ്യമുണ്ട്. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒബാമയുടെ എട്ടു വര്‍ഷ കാലത്ത് സൗദിയുടെ അജണ്ടകള്‍ക്കെതിരായിരുന്നു പശ്ചിമേഷ്യയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ആ സമയത്ത് പോലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സ്വന്തം നിലക്ക് സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു. പക്ഷേ ഈജിപ്തിലടക്കം ഒബാമ പരാജയപ്പെടുകയാണ് ചെയ്തത്. അതുകൊണ്ട് രാജ്യത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിനാല്‍ അപ്പറഞ്ഞത് ശരിയല്ല. അമേരിക്ക സൗദിയുടെ സുഹൃത്താണ്. എല്ലാം നല്ലത് പറയുന്ന നൂറ് ശതമാനം സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകില്ല. നിങ്ങളുടെ കുടുംബത്തില്‍ പോലും. ആ നിലക്കേ ആ വാക്കുകളെ കാണുന്നുള്ളൂ.
നിയോമില്‍ കടലിനോട് ചേര്‍ന്ന് 12 ചെറു പട്ടണങ്ങള്‍ ഉണ്ടാകും. ഏഴെണ്ണം താഴ്‌വരകളില്‍. വലിയ തുറമുഖം, മൂന്ന് വിമാനത്താവളം, വ്യവസായ മേഖല എന്നിവയുണ്ടാകും. രാജ്യത്തിനകത്തെ ചെറിയ രാജ്യമാകും അത്.
ചോദ്യം: ജര്‍മനിയുമായും കാനഡയുമായും എന്തു കൊണ്ടാണ് സമാന നിലപാട് സ്വീകരിക്കാതിരുന്നത്? അവര്‍ക്കെതിരെ കര്‍ക്കശമായിരുന്നു സൗദി നിലപാട്. അവരും സുഹൃത്തുക്കളല്ലേ?
മറുപടി: പക്ഷേ തികച്ചും വ്യത്യസ്തമാണ് ആ സംഭവങ്ങള്‍. സൗദിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുകയായിരുന്നു കാനഡ. ട്രംപ് സ്വന്തം രാജ്യത്തെ ജനങ്ങളോട് കാര്യം പറയുകയാണ് ചെയ്തത്. കാനഡ സൗദിയോട് ഉത്തരവിടുന്ന രൂപത്തിലാണ് സംസാരിച്ചത്.
ചോദ്യം: അമേരിക്കന്‍ സൈന്യം സൗദിക്ക് നല്‍കുന്ന സേവനത്തിന് പണം നല്‍കണമെന്നാണ് ട്രംപ് പറഞ്ഞത്. അതംഗീകരിക്കുന്നുണ്ടോ?
മറുപടി: രാജ്യത്തെ സുരക്ഷക്ക് ഞങ്ങള്‍ ഇനി പണമൊന്നും നല്‍കില്ല. യുഎസില്‍ നിന്നുള്ള എല്ലാ യുദ്ധ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും ഞങ്ങള്‍ നേരത്തെ പണം നല്‍കിയതാണ്. എല്ലാം പണം കൊടുത്താണ് ഞങ്ങള്‍ വാങ്ങിയത്. നേരത്തെ സൗദിയുടെ ആയുധ ഇടപാടുകളും തന്ത്രവും ഇതര രാജ്യങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതോടെ അടുത്ത പത്ത് വര്‍ഷത്തേക്ക് അത് മാറ്റിവെച്ചു.
400 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഈ വിഷയത്തില്‍ അമേരിക്കയുമായി ഉണ്ടാക്കിയത്. അതവര്‍ക്ക് നേട്ടവും കൂടുതല്‍ അവസരവും സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കും അതെ. സൗദിയില്‍ ആയുധം നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കരാര്‍ ആണത്. ഇത് ഇരു കൂട്ടരുടേയും വ്യാപാരവും അവസരവും കൂട്ടുകയാണ് ചെയ്യുക.
ചോദ്യം: കഴിഞ്ഞ 24 മണിക്കൂറിനിടെ ട്രംപ് പറഞ്ഞ കാര്യങ്ങള്‍ക്ക് ശേഷവും മികച്ച ബന്ധമാണ് അമേരിക്കയുമായുള്ളത് എന്നാണോ?
മറുപടി: തീര്‍ച്ചയായും അതെ. ആകെയുള്ള ചിത്രം പരിശോധിക്കൂ. 99 ശതമാനവും അമേരിക്കയുമായുള്ളത് നല്ല കാര്യങ്ങളാണ്. അവസാനത്തെ ഒരു ശതമാനം ഒഴികെ.
അടുത്ത 40 വര്‍ഷത്തിനകം കാര്യങ്ങള്‍ മാറും. എണ്ണയോടൊപ്പം പെട്രോ കെമിക്കലിനും വന്‍ സാധ്യതയാണ്. അരാംകോ ഈ മേഖലയിലേക്ക് വരുന്നതോടെ ഈ രംഗത്തുള്ള രാജ്യത്തെ സാബികിനെ ബാധിക്കും. രണ്ടിനും ദോഷമല്ലാത്ത വിധം കരാറടിസ്ഥാനത്തില്‍ അത് പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം.
ചോദ്യം: പക്ഷേ, ട്രംപിന് ഒരു ശതമാനമല്ല സംതൃപ്തിക്കുറവ് എന്നു തോന്നുന്നു?
മറുപടി: ഒരു ശതമാനമേയുള്ളൂ. അദ്ദേഹത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം മികച്ച നേട്ടമാണുണ്ടായത്. തീവ്രവാദത്തെ നേരിടുന്നതില്‍ പോലും. ഐ.എസ്.ഐ.എസിനെ ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഇല്ലാതാക്കിയത് ഈ ബന്ധത്തിലെ നേട്ടമാണ്. ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകുകയാണ് ചെയ്തത്.
ചോദ്യം: ഞങ്ങള്‍ മനസ്സിലാക്കുന്നത് എണ്ണ വിതരണം കൂട്ടുന്നതുമായി ബന്ധപ്പെട്ടും എണ്ണ വിലയുമായി ബന്ധപ്പെട്ടുമാണ് ട്രെംപ് ഇത് പറഞ്ഞിരിക്കുന്നത് എന്നാണ്?
മറുപടി: എണ്ണ വില വിപണിക്ക് അനുസൃതമായാണ്. വിതരണം, ആവശ്യം, ഉത്പാദനം എന്നിവയെ ആശ്രയിച്ചാണ് അവ നില കൊള്ളുന്നത്. ഇതിന് പുറമെ പല ഘടകങ്ങളും എണ്ണ വിലയെ നിയന്തിക്കുന്നുണ്ട്. എങ്കില്‍ പോലും വിപണിയില്‍ മതിയായ എണ്ണ നിലനിര്‍ത്തുന്നുണ്ട്. അത് ദൈനം ദിനം പരിശോധിക്കുന്നുമുണ്ട്. എണ്ണ ഉത്പാദക കൂട്ടായ്മയായ ഒപെകുമായും ഒപെക് ഇതര രാജ്യങ്ങളുമായും ബന്ധപ്പെട്ട് വിപണിയില്‍ എണ്ണക്കുറവ് ഇല്ല എന്നും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ചോദ്യം: എണ്ണയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അപേക്ഷ ഉണ്ടായിരുന്നോ. സൗദിയുടെ എണ്ണ ഉത്പാദനം എത്രയാണ്. വരും മാസങ്ങളില്‍ ഉത്പാദനവും വിതരണവും എങ്ങിനെയാകും?
മറുപടി: ഉണ്ടായിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നും എണ്ണ വിതരണത്തില്‍ കുറവ് ഉണ്ടാകാന്‍ ഇടയുണ്ട്. ആ സാഹചര്യത്തില്‍ അതിന് അനുസൃതമായി ഉത്പാദനം ഒപെക് രാജ്യങ്ങളടക്കം കൂട്ടണം എന്നതായിരുന്നു ആവശ്യം. അത് ചെയ്തിട്ടുണ്ട്. ഞാന്‍ മനസ്സിലാക്കിയ പ്രകാരം ഏഴ് ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി കുറവ് വരുത്തിയിട്ടുണ്ട് ഇറാന്‍. അതിനെ മറികടക്കാന്‍ സൗദി, ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ ചേര്‍ന്ന് 1.5 മില്യണ്‍ ബാരല്‍ ദിനംപ്രതി കൂട്ടി നല്‍കുന്നുണ്ട് വിപണിയില്‍.
ഇറാന്‍ വിഷയം മാത്രമല്ല അതിന് കാരണം. മെക്‌സിക്കോ, ലിബിയ, വെനിസ്വേല, കാനഡ എന്നിവര്‍ വിലകൂട്ടിയ സാഹചര്യത്തില്‍ കൂടിയാണിത്. സൗദിയുടെ ഉത്പാദനം എന്റെ അറിവ് പ്രകാരം പ്രതിദിനം 10.7 മില്യണ്‍ ബാരലാണ്. ഒരു നിക്ഷേപവും ആവശ്യമില്ലാതെ 1.3 മില്യണ്‍ ബാരല്‍ ഞങ്ങള്‍ക്ക് സ്‌പെയര്‍ ശേഷിയുണ്ട്. ഒപെകിന്റെ മൊത്തം സംഭരണ ശേഷിയേക്കാള്‍ കൂടുതലുണ്ട് ഞങ്ങളുടെ കൈവശം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തിന് സാധ്യതയും ഉണ്ട്.
ചോദ്യം: അടുത്തിടെ കുവൈത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നല്ലോ. ന്യൂട്രല്‍ സോണില്‍ എണ്ണോത്പാദനം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നോ അത്. എന്താണ് അത് തുടങ്ങാനുള്ള തടസം?
മറുപടി: കുവൈത്തിലെ ന്യൂട്രല്‍ സോണില്‍ എണ്ണോത്പദാനം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു. കുവൈത്ത് ഭരണ നേതൃത്വവുമായും അത് ചര്‍ച്ച ചെയ്തു. അവിടുത്തെ ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സമ്മതം കൂടി അതിന് വേണം. രാജ്യത്തിന്റെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയമാണല്ലോ അത്. കുറച്ച് സമയമെടുത്തേ അത് തീരൂ.
ചോദ്യം: അരാംകോയുടെ ഓഹരി വിപണി നിര്‍ത്തി വെച്ചതായി വാര്‍ത്തകളുണ്ട്. എണ്ണോത്പാദക ഭീമനായ അരാംകോയും പെട്രോ കെമിക്കല്‍ ഭീമനായ സാബികും ലയിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എങ്ങിനെയാണത് മുന്നോട്ട് പോവുക?
മറുപടി: അരാംകോയുടെ ഓഹരി വിപണി നിര്‍ത്തി വെച്ചതായുള്ള വാര്‍ത്ത അഭ്യൂഹമാണ്. കാരണം അതിനോടടുത്തപ്പോഴാണ് ചില കാര്യങ്ങള്‍ മനസിലേക്ക് വരുന്നത്. അത് അരാംകോയുടെ ഭാവി സംബന്ധിച്ചാണ്. അരാംകോ നിലവില്‍ എണ്ണയുത്പാദനത്തിലാണ്. പുറമെ ചില പദ്ധതികളും ഉണ്ട്.
അടുത്ത നാല്‍പത് വര്‍ഷത്തിനകം കാര്യങ്ങള്‍ മാറും. എണ്ണയോടൊപ്പം പെട്രോ കെമിക്കലിനും വന്‍ സാധ്യത ഉണ്ട്. അരാംകോ ഈ മേഖലയിലേക്ക് വരുന്നതോടെ ഈ രംഗത്തുള്ള രാജ്യത്തെ സാബികിനെ ബാധിക്കും. രണ്ടിനും ദോഷമല്ലാത്ത വിധം കരാറടിസ്ഥാനത്തില്‍ അത് പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം. അതു വഴി ലോകത്തെ വന്‍കിട കമ്പനികളായി ഇവ മാറും. 2019 മധ്യത്തോടെ ഇവയുടെ ലയനം സാധ്യമാക്കും. ഇതിന് ശേഷം 2020 ഓടെ അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ വെക്കും. അല്ലെങ്കില്‍ 2021 തുടക്കത്തില്‍. ലയനത്തോടെ വന്‍ നേട്ടം നേരിട്ട് പൊതു നിക്ഷേപ ഫണ്ടിലേക്ക് എത്തും. ഇപ്പോള്‍ ഓഹരി വിട്ടു നില്‍കിയാല്‍ പിന്നീട് സാബികുമായുള്ള ലയനം രാജ്യത്തിന് നഷ്ടമാകും ഉണ്ടാക്കുക. രണ്ട് ട്രില്ല്യണ്‍ ഡോളറാണ് ഓഹരി വിപണിയിലൂടെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്.
ചോദ്യം: രാജ്യത്തെ ബജറ്റ് 2019ഓടെ ബാലന്‍സാകുമെന്നായിരുന്നു പറഞ്ഞത്. തൊഴിലില്ലായ്മ ഒമ്പത് ശതമാനം ആക്കി കുറക്കുമെന്നും. പക്ഷേ കാര്യങ്ങള്‍ വിപരീത ദിശയിലാണല്ലോ പോകുന്നത്?
മറുപടി: ഞാന്‍ വിശ്വസിക്കുന്നത്, ഞങ്ങള്‍ പറഞ്ഞത് 2021 ഓടെ ബജറ്റ് ബാലന്‍സാക്കും എന്നാണ്. ഇതിന് ശേഷം വിവിധ ബാങ്കുകളുടെ നിര്‍ദേശം ഞങ്ങള്‍ സ്വീകരിച്ചിരുന്നു. പ്രത്യേകിച്ചും പണം ചിലവിടുന്ന കാര്യത്തില്‍. അതിനാല്‍ ചില മാറ്റങ്ങള്‍ വരുത്തുകയായിരുന്നു.
ചോദ്യം: പക്ഷേ ജനത്തിന് നിങ്ങളില്‍ വലിയ പ്രതീക്ഷ ആയിരുന്നു. തൊഴിലില്ലായ്മ കുറക്കുമെന്ന് അവര്‍ വിശ്വസിച്ചു. പക്ഷേ അത് കൂടുകയാണല്ലോ?
മറുപടി: പതിമൂന്ന് ശതമാനമാണിപ്പോള്‍ തൊഴിലില്ലായ്മ. രാജ്യത്തെ സമ്പദ്ഘടന ആകെ പരിഷ്‌കരണത്തിലാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അത് തുടരുന്നു. അതിന്റെ പ്രതിഫലനങ്ങളാണ് ഇതെല്ലാം. അതുണ്ടാകും.
പക്ഷേ ഇന്ന് കാര്യങ്ങള്‍ മാറുകയാണ്. 2019ലെ ബജറ്റ് വിവരങ്ങള്‍ നോക്കൂ. സൗദിയുടെ ചരിത്രത്തിലെ വണ്‍ ട്രില്യണ്‍ റിയാലിന് മുകളില്‍ വരുന്ന ബജറ്റാണിത്. എണ്ണേതര വരുമാനത്തില്‍ മുന്നൂറ് ശതമാനം ആണ് വര്‍ധന. വലിയ നേട്ടങ്ങളാണ് ഇവ. 2030ഓടെ തൊഴിലില്ലായ്മ ഇല്ലാതാക്കും. 2019 മുതല്‍ തൊഴിലില്ലായ്മ കുറയുകയും ചെയ്യും. 56 ശതമാനമാണ് പുരുഷന്മാരുടെ തൊഴിലില്ലായ്മ. അത് സാധാരണ നിരക്കാണ്. വനിതകളുടെ തൊഴിലില്ലായ്മ 20 ശതമാനമാണ്. അത് പരിഹരിക്കുക തന്നെ ചെയ്യും.
ചോദ്യം: സ്വകാര്യമേഖലയെ ആണല്ലോ നിങ്ങള്‍ ലക്ഷ്യം വെക്കുന്നത്. പക്ഷേ അവിടെ മന്ദത അനുഭവപ്പെടുന്നുണ്ട്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കാരണം. ജോലി കണ്ടെത്തേണ്ട ബാധ്യത വീണ്ടും സര്‍ക്കാറിലേക്ക് പോവുകയാണോ?
മറുപടി: 2015-16 കാലഘട്ടത്തില്‍ 50 ശതമാനം ബജറ്റ് ചെലവും സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യത്തിലേക്കാണ് പോയത്. ഇന്നത് 42 ശതമാനമാണ്. 2020ഓടെ അത് 40 ശതമാനത്തില്‍ താഴെയാകും. 2030ഓടെ 30 ശതമാനത്തില്‍ താഴെയും. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തിയാണത്. എന്നു വെച്ചാല്‍ സര്‍ക്കാര്‍ ചെലവ് കുറച്ച്. എങ്കിലും സൈന്യം, വിദ്യാഭ്യാസം എന്നിവക്കൊക്കെ ചിലവുണ്ടാകും. പക്ഷേ, സ്വകാര്യമേഖല ശക്തമായാല്‍ ഈ ചെലവുകളേ വരൂ.
ചോദ്യം: സ്വകാര്യ മേഖലയിലെ നിക്ഷേപത്തിന് അവരുടെ ആത്മവിശ്വാസം ഈ സര്‍ക്കാറില്‍ പ്രധാനമാണ്. റിറ്റ്‌സ് കാള്‍ട്ടണ്‍ അറസ്റ്റുകള്‍ അവരുടെ നിക്ഷേപത്തെ ബാധിച്ചോ?
മറുപടി: ഒരു പാട് തെറ്റിദ്ധാരണകളും അഭ്യൂഹങ്ങളും ആ സംഭവം ഉണ്ടാക്കിയിട്ടുണ്ട്. 2018ന്റെ രണ്ടാം പാതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ 44.4 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്.
ചോദ്യം: രാജ്യത്ത് വിദേശ നിക്ഷേപം കുത്തനെ ഇടിഞ്ഞില്ലേ?
മറുപടി: അതെ. 2016ല്‍ നിന്നും 2017ലെത്തിയപ്പോള്‍ 80 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനവുണ്ട്. വിവിധ നിക്ഷേപകരാണ് മുന്നോട്ട് വന്നത്. 2017ല്‍ ആഗോള തലത്തില്‍ തന്നെ നിക്ഷേപം 20 ശതമാനം ഇടിഞ്ഞിരുന്നു.
ചോദ്യം: പക്ഷേ ഈ മേഖലയില്‍ ആ സമയം ആകെ നിക്ഷേപം കൂടുകയായിരുന്നല്ലോ?
മറുപടി: പക്ഷേ നിങ്ങള്‍ 2018ലെ കണക്ക് നോക്കൂ. 2017നേക്കാള്‍ 90 ശതമാനമാണ് വര്‍ധന. അത് പറയുന്നത്. ശരിയായ ദിശയിലാണ് ഞങ്ങള്‍ പോകുന്നത് എന്നാണ്. കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും ആദ്യ പാതി കണക്ക് കൂട്ടുമ്പോള്‍.
ചോദ്യം: അതില്‍ പക്ഷേ എണ്ണേതര വരുമാനവും ഇല്ലേ? എണ്ണേതര വരുമാനത്തില്‍ വിവിധ നിക്ഷേപങ്ങള്‍ കാരണമല്ലേ?
മറുപടി: രണ്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സ് അതിന് സാക്ഷിയാണ്. ഈ മാസവും അത് വരുന്നു. അവിടെ നിര്‍ണായകമായ പദ്ധതികള്‍ പ്രഖ്യാപിക്കും. എണ്ണേതര മേഖലയിലും സാങ്കേതിക രംഗത്തും കാര്‍ നിര്‍മാണ മേഖലയിലും അതിന്റെ പ്രഖ്യാപനം ഉണ്ടായേക്കാം.
ചോദ്യം: റിറ്റ്‌സ്‌കാള്‍ട്ടണ്‍ അറസ്റ്റില്‍ നിന്ന് എത്രയാണ് വരുമാനം ലഭിച്ചത്?
മറുപടി: എനിക്കുറപ്പില്ല. പക്ഷേ മുപ്പത്തിയഞ്ച് ബില്യണ്‍ ഡോളറിന് മുകളില്‍ തുകയാണ് അതില്‍ നിന്നും ലഭിച്ചത്. അടുത്ത രണ്ട് വര്‍ഷത്തോടെ തുക പൂര്‍ണമായും എത്തും. നാല്‍പത് ശതമാനം പണമായും അറുത് ശതമാനം വസ്തുക്കളായുമായണ് ഖജനാവിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തിനകം എല്ലാ കേസുകളും അവസാനിക്കും.
ചോദ്യം: അവരുടെ കേസില്‍ വിചാരണയുണ്ടോ. നിരവധി പേരുണ്ടെന്നാണല്ലോ വാര്‍ത്തകള്‍?
മറുപടി: ക്ഷമിക്കണം. ഞാന്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കൃത്യമായ കണക്ക് കൈവശമില്ല. എട്ടു പേര്‍ മാത്രമേ നിലവില്‍ കസ്റ്റഡിയില്‍ ഉള്ളൂ. അവര്‍ക്ക് അവരുടെ അഭിഭാഷകരുണ്ട്. അവര്‍ നിയമനടപടികളിലാണ്.
ചോദ്യം: പ്രവചനാതീതമായ പല കാര്യങ്ങളും ഈയിടക്ക് സംഭവിച്ചില്ലേ. ഖത്തര്‍, റിറ്റ്‌സ് കാള്‍ട്ടണ്‍, ജര്‍മനി എന്നിങ്ങിനെ. ഇത് സ്വദേശികളായ നിക്ഷേപകരെ പോലും ബാധിച്ചില്ലേ?
മറുപടി: അതൊരു ഗൗരവമുള്ള ചോദ്യമായി തോന്നുന്നില്ല. നിങ്ങള്‍ അമേരിക്കയുട കാര്യം നോക്കൂ. അവര്‍ക്ക് ചൈന, കാനഡ, മെകിസ്‌ക്കോ എന്നിവരുമായൊക്കെ പ്രശ്‌നമുണ്ട്. പക്ഷേ അതേ സമയം സാമ്പത്തിക കരാറുകളും. അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണ്. പരസ്പരം മനസിലാക്കുമ്പോള്‍ മികച്ച കരാറില്‍ പിന്നീട് എത്തുകയാണ് ചെയ്യുക. സാമ്പത്തികം, രാഷ്ട്രീയം, സുരക്ഷ എന്നിങ്ങിനെ പലതാണ് കാരണങ്ങള്‍. ജര്‍മനിയും സൗദിയും തമ്മില്‍ പ്രയാസമുണ്ടായിരുന്നു. ഇപ്പോഴും അവര്‍ തമ്മില്‍ മികച്ച കരാറുകളുണ്ടല്ലോ. അതായത് ഇതൊന്നും നിക്ഷേപത്തേയോ നിക്ഷേപകരേയോ ബാധിക്കുന്ന കാര്യമല്ല.
ചോദ്യം: കാനഡയുടെ കാര്യത്തിലോ?
മറുപടി: അവര്‍ മാപ്പ് പറയണം. ലളിതമായി. അവര്‍ക്കറിയാം അവര്‍ തെറ്റു ചെയ്തുവെന്ന്. എങ്ങിനെ പരിഹരിക്കാനാകുമോയെന്ന് ഞങ്ങളും നോക്കും. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവര്‍ക്കതില്‍ എങ്ങിനെ ഇടപെടാനാകും. അത് സംസാരിക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതല്ല. അതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നോക്കാം,. നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ചോദ്യം: രാജ്യത്ത് വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അവസരമുണ്ടായി. പക്ഷേ, അതിനുള്ള അവകാശത്തിന് ശ്രമിച്ചവരടക്കം നിരവധി പേര്‍ അറസ്റ്റിലായി? മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ചിലര്‍ ഭയപ്പെടുന്നു?
മറുപടി: ഡ്രൈവിങ് അനുവദിക്കുന്നതിന് മുന്നോടിയായാണ് വനിതകളില്‍ ചിലര്‍ അറസ്റ്റിലായത്. അത് ആ അവകാശത്തിന് വേണ്ടി ഇറങ്ങിയതു കൊണ്ടാണെന്നത് തെറ്റിദ്ധാരണയാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനാണ് അവര്‍ അറസ്റ്റിലായത്. അതാണ് അവര്‍ക്കതിരായ കുറ്റം. മാധ്യമങ്ങളോട് സംസാരിച്ചതിനല്ല അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഉദ്യേഗസ്ഥരുമായി സംസാരിച്ചതിനാണ്. അതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ട്. അത് പുറത്തു വിടും.
ചോദ്യം: നയതന്ത്ര പ്രതിനിധികളുമായാണോ അവര്‍ സംസാരിച്ചത്? ഏത് രാജ്യത്തെ?
മറുപടി: നയതന്ത്ര പ്രതിനിധികളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായാണ് അവര്‍ സംസാരിച്ചത്. ഖത്തര്‍, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുമായാണ് സംഭാഷണം. അവരെ ഇങ്ങോട്ടെക്ക് നിയമിച്ചതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചിലരെ ഞങ്ങള്‍ വിട്ടിട്ടുണ്ട്. പക്ഷേ മറ്റു ചിലര്‍ക്കെതിരെ പ്രകടമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ട്. അല്ലെങ്കില്‍ സമാനമായ ആവശ്യം ഉന്നയിച്ച എത്രയോ പേര്‍ ഒരു പ്രയാസവുമില്ലാതെ രാജ്യത്ത് തുടരുന്നുണ്ടല്ലോ.
ചോദ്യം: ടെസ്‍ല കാറുകള്‍ നിങ്ങള്‍ ഓടിച്ചിട്ടുണ്ടോ. അത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമോ?
മറുപടി: ഇലക്ട്രിക് കാറുകള്‍ ജോര്‍ദാനിലെ അബ്ദുള്ള രാജാവിനൊപ്പം അതില്‍ യാത്ര ചെയ്തിട്ടുണ്ട്. പരിസ്ഥിതിക്ക് ഗുണകരമാണ്. ഭാവിയിലെ കാറുകളാണ് അവ. ഇന്നു വരെ ഓടിച്ചിട്ടില്ല. നാളെ ഓടിച്ചേക്കാം. അതു വരുന്നത് സൗദിയുടെ എണ്ണയെ ബാധിക്കില്ല. അടുത്ത പത്ത് വര്‍ഷവും എണ്ണയുടെ ഡിമാന്റ് വര്‍ധിച്ചു കൊണ്ടേയിരിക്കും. പൊതു നിക്ഷേപ ഫണ്ടിന് ടെസ്‍ലയില്‍ നിക്ഷേപമുണ്ട്. ടെല്‍സയുടെ നിക്ഷേപം രാജ്യത്ത് വന്നേക്കാം. ഇപ്പോള്‍ നൂറ് ശതമാനം നിക്ഷേപ സൗഹൃദമാണ് രാജ്യം. ആര്‍ക്കും നിക്ഷേപിക്കാം. ആപ്പിള്‍ ഷോറൂം തുറക്കാന്‍ പോകുന്നു. അത് പോലെ ടെസ്‍ലയും വന്നേക്കാം.
അമേരിക്ക സൗദിയുടെ സുഹൃത്താണ്. എല്ലാം നല്ലത് പറയുന്ന നൂറ് ശതമാനം സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടാകില്ല. നിങ്ങളുടെ കുടുംബത്തില്‍ പോലും. ആ നിലക്കേ ട്രംപിന്‍റെ വാക്കുകളെ കാണുന്നുള്ളൂ
ചോദ്യം: തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തി പിന്നീട് കാണാതായ ജമാല്‍ കശോഗിയെ കുറിച്ച്? അദ്ദേഹം സൗദി കോണ്‍സുലേറ്റിലാണെന്ന് തുര്‍ക്കി അധികൃതര്‍ പറയുന്നു?
മറുപടി: അഭ്യൂഹം മാത്രമേ ഈ വിഷയത്തിലൂള്ളൂ. അദ്ദേഹം സൗദി പൌരനാണ്. എന്ത് സംഭവിച്ചു എന്നറിയാന്‍ ആഗ്രഹമുണ്ട്. അയാള്‍ കോണ്‍സുലേറ്റില്‍ എത്തി മടങ്ങി എന്നാണ് വിവരം. അതിന് ശേഷമാണ് കാണാതായത് എന്നാണ് അറിവ്. വിയത്തില്‍ തുര്‍ക്കി സര്‍ക്കാറുമായി സംഭാഷണത്തിലാണ്. അത് നയതന്ത്ര മേഖലയാണ്. എന്നാലും തുര്‍ക്കി അധികൃതര്‍ക്ക് അവിടെ എത്തി അന്വേഷണം നടത്താം. അവരതിന് ആവശ്യപ്പെട്ടാല്‍ അനുവദിക്കും. ഞങ്ങള്‍ക്കൊന്നും മറച്ചു വെക്കാനില്ല.
ചോദ്യം: അദ്ദേഹത്തിനെതിരെ എന്തെങ്കിലും കേസുണ്ടോ?
മറുപടി: ആദ്യം അദ്ദേഹത്തെ കണ്ടെത്തട്ടെ. കേസുണ്ടോ എന്നത് പിന്നീട് പരിശോധിക്കും.
ചോദ്യം: സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് എപ്പോഴും അപ്രതീക്ഷിത തീരുമാനങ്ങള്‍ ഉണ്ടാകാറുണ്ട്?
മറുപടി: 2015ലാണ് അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നത്. ഇപ്പോള്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യം ഒരു ശതമാനം മാത്രമേയുള്ളൂ. 2020ലെ ദേശീയ പരിവര്‍ത്തന പദ്ധതിയാണ് ഇപ്പോള്‍ ഉള്ളത്. 2020ല്‍ 2025 വരെയുള്ള പദ്ധതി പ്രഖ്യാപിക്കും. എതായാലും 2030വരെ പുതിയ ഒരു നികുതിയും ഏര്‍പ്പെടുത്തില്ല.
ചോദ്യം: പുതുതായി ഏതെല്ലാം മേഖല സ്വദേശിവത്കരിക്കും?
മറുപടി: 20 മേഖല പുതുതായി സ്വദേശിവത്കരിക്കും. ജലം, കൃഷി, ഊര്‍ജം എന്നിങ്ങിനെ പോകുന്നു അവ. ചിലത് ദേശീയ തലത്തിലും മറ്റു ചിലത് ആഗോള തലത്തിലും സ്വകാര്യവക്തകരണത്തിന് വിധേയമായേക്കും. അടുത്ത വര്‍ഷത്തോടെ 20 സ്ഥാപനങ്ങളും സ്വദേശിവത്കരണം തുടങ്ങും.
ചോദ്യം: നിങ്ങളെ പലരും പരിഷ്‌കര്‍ത്താവെന്ന് വിശേഷിപ്പിക്കുന്നു. ചിലര്‍ അതിന് എതിരാണ്. അറസ്റ്റുകള്‍ ചൂണ്ടിക്കാണിച്ചാണിത്?
മറുപടി: ഞാന്‍ സ്വയം അങ്ങിനെ വിശേഷിപ്പിച്ചിട്ടില്ല. ഞാന്‍ കിരീടാവകാശി മാത്രമാണ്. രാജ്യത്തിന് മികച്ചത് നല്‍കാനാണ് എന്റെ ശ്രമം. സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് കുത്സിത പ്രവര്‍ത്തനത്തിന് ശ്രമിച്ച 1500 പേരെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തത്. പക്ഷേ നിങ്ങള്‍ തുര്‍ക്കിയിലെ കാര്യം നോക്കൂ. അവര്‍ അറസ്റ്റ് ചെയ്തത് അമ്പതിനായിരം പേരാണ്. ഞങ്ങള്‍ പിടികൂടിയ 1500 പേര്‍ നിയമ പ്രക്രിയ പൂര്‍ത്തിയാക്കി വിട്ടയക്കും. അതില്‍ ഗുരുതര കുറ്റകൃത്യം നടത്തുന്നവര്‍ക്ക് നിയമത്തെ നേരിടേണ്ടി വരും.
ചോദ്യം: ബഹ്‌റൈനിലെ സ്ഥിതിയെ കുറിച്ച്?
മറുപടി: അഞ്ച് വര്‍ഷത്തേക്ക് ബഹ്‌റൈന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായത് ജി.സി.സി നല്‍കും. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ചോദ്യം: യമനിലെ ഏറ്റുമുട്ടലുകള്‍ ഉടന്‍ അവസാനിക്കുമോ?
മറുപടി: കഴിയും വേഗത്തില്‍ തീര്‍ക്കാനാണ് ശ്രമം. ഹിസ്ബുള്ള പോലുള്ള ശക്തികളെ വളര്‍ത്താന്‍ സഹചര്യം ഒരുക്കിയാകില്ല അത് അവസാനിപ്പിക്കുക. മതിയായ സമ്മര്‍ദ്ദങ്ങള്‍ അത് കുറക്കാന്‍ ഉണ്ടാകും. വേണ്ടയത്ര ചര്‍ച്ചകളിലൂടെയാകും ഒരു കരാറില്‍ എത്തുക.
ചോദ്യം: നിയോം പദ്ധതിയെ കുറിച്ച്?
മറുപടി: സൗദി ഭരണാധികാരി നിയോമിലാണ് ഇത്തവണ വെക്കേഷന്‍ കഴിച്ച് കൂട്ടിയത്. 12 ചെറു പട്ടണങ്ങള്‍ അവിടെ കടലിനോട് ചേര്‍ന്ന് ഉണ്ടാകും. ഏഴെണ്ണം താഴ്‌വരകളില്‍. വലിയ തുറമുഖം, മൂന്ന് വിമാനത്താവളം, വ്യവസായ മേഖല എന്നിവയുണ്ടാകും. രാജ്യത്തിനകത്തെ ചെറിയ രാജ്യമാകും അത്. 2020ഓടെ ആദ്യ നഗരം അവിടെ പൂര്‍ത്തിയാകും. 2025 ഓടെ പൂര്‍ണമായും. നല്ല കഥകള്‍ അതിനെ കുറിച്ച് പറയാനുണ്ട്. ആദ്യ കഥ ഫെബ്രുവരിയില്‍ പറയാനാകും. പുതിയൊരു നിക്ഷേപകന്‍ വരുന്നുണ്ട്. അവരുടെ അനുമതി കിട്ടിയ ശേഷം അത് പറയാം.
സ്വതന്ത്ര പരിഭാഷ: വി.എം അഫ്താബു റഹ്മാന്‍
Adjust Story Font
16