ആശുപത്രികളിലും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലും വിദേശ നിക്ഷേപകരെ ക്ഷണിച്ച് സൗദി അറേബ്യ
വിജ്ഞാപനത്തോടെ ആഗോള കമ്പനികൾ സൗദി അറേബ്യയിലേക്ക് എത്തിയേക്കും.
സൗദി അറേബ്യയിൽ ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും നടത്താൻ വിദേശ നിക്ഷേപകർക്ക് അനുമതി. ഇതുസംബന്ധിച്ച വിജ്ഞാപനം ഭരണാധികാരി സൽമാൻ രാജാവ് പുറപ്പെടുവിച്ചു.
ചികിത്സാ മേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികൾക്ക് മാത്രമാണ് ക്ലിനിക് ഉടമപ്പെടുത്താൻ അനുമതി. ക്ലിനിക്കിൽ ജോലി ചെയ്യുന്നതിനും ഫുൾ ടൈം വ്യവസ്ഥയിൽ സ്വദേശി ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും.
കഴിഞ്ഞ ഒക്‌ടോബർ 11 ന് മന്ത്രിസഭയുടെ വിദഗ്ധ സമിതി സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് രാജാവിന്റെ ഉത്തരവ്. ആരോഗ്യ മേഖലയിൽ മികച്ച നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിയാദിൽ സമാപിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഫോറം പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രികൾ സ്വകാര്യവൽക്കരിക്കുന്നതിന് നിലവില്‍ പദ്ധതിയുണ്ട്. വിജ്ഞാപനത്തോടെ ആഗോള കമ്പനികൾ സൗദി അറേബ്യയിലേക്ക് എത്തിയേക്കും.
Adjust Story Font
16