84 മലയാളി തീര്‍ഥാടകര്‍ മക്കയില്‍ കുടുങ്ങിയ പ്രശ്നത്തില്‍ ഉംറ മന്ത്രാലയം ഇടപെടുന്നു
താമസത്തിനും മദീന യാത്രക്കും മടക്ക യാത്രക്കുമുള്ള പണവും ഏജന്റ് അടക്കാത്തതിനാല്‍ കുടുങ്ങിയത് അമ്പതോളം സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം
മക്കയില്‍ കുടുങ്ങിയ തീര്‍ഥാടക സംഘത്തിലുള്ളവര്‍ ഹറമില്‍
മക്കയില്‍ ഉംറക്കെത്തി കുടങ്ങിയ എണ്‍പത്തി നാല് മലയാളി തീര്‍ഥാടകരുടെ പ്രശ്നത്തില്‍ ഹജ്ജ്-ഉംറ മന്ത്രാലയം ഇടപെടുന്നു. പാലക്കാട് മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ വന്ന തീര്‍ഥാടകരാണ് ഹോട്ടല്‍ തുകയും യാത്രാ ടിക്കറ്റ് തുകയും ഏജന്റ് അടക്കാതിരുന്നതോടെ മക്കയില്‍ കുടുങ്ങിയത്. വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട വേണ്ട സൌകര്യമൊരുക്കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൌദിയിലെ ഏജന്റിനെ വിളിച്ചു വരുത്തി.
കഴിഞ്ഞ മാസം 24 മുതലെത്തിയ തീര്‍ഥാടകരുടെ സംഘമാണ് മക്കയില്‍ കുടുങ്ങിയത്. ഈ വാര്‍ത്ത ഇന്നലെ മീഡിയവണ്‍ പുറത്ത് വിട്ടിരുന്നു. മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ളതാണ് ട്രാവല്‍സ്. ഇവര്‍ക്ക് കീഴില്‍ വ്യത്യസ്ത സംഘമായാണ് തീര്‍ഥാടകരെ മക്കയിലെത്തിച്ചത്. എന്നാല്‍ ട്രാവല്‍സിന്റെ ഒരാളും ഇവരെ മക്കയില്‍ സ്വീകരിക്കാനുണ്ടായില്ല.
പിന്നീട് ബന്ധപ്പെട്ടപ്പോഴാണ് ഹോട്ടലിനും മടക്ക യാത്രക്കുമുള്ള പണമടച്ചിട്ടില്ല എന്ന വിവരം പുറത്തറിയുന്നത്. ഇതോടെ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം മുടങ്ങി. 15 ദിവസത്തെ ഉംറ വിസ പൂര്‍ത്തിയാക്കി ഈ മാസം 8ന് നാട്ടിലേക്ക് മടങ്ങേണ്ടവരുണ്ട് ഇക്കൂട്ടത്തില്‍. അമ്പതോളം സ്ത്രീകളാണിതില്‍. അവശരായ രോഗികളുമുണ്ട്.
പണമടക്കാത്തതിനാല്‍ ഇന്നലെ ഹോട്ടലില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമമുണ്ടായി. മീഡിയവണ്‍ സംഘവുമായി ബന്ധപ്പെട്ട തീര്‍ഥാടകര്‍ പിന്നീട് ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൌദിയിലെ ട്രാവല്‍സിന്റെ ഏജന്റിനെ വിളിച്ചു വരുത്തി.
പ്രശ്ന പരിഹാരത്തിന് മന്ത്രാലയം ഇടപെട്ടതോടെ ഹോട്ടലില്‍ തുടരുകയാണിവര്‍. ഇന്ന് പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ. മടക്കയാത്രക്കുള്ള പാസ്പോര്‍ട്ടും ഏജന്റിന്റെ കൈവശമാണെന്നാണ് വിവരം.
Adjust Story Font
16