സൗദി അതിരുകള്‍ തുറന്ന് തുടങ്ങുന്നു: കര മാർഗം സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും തിരിച്ചുവരാം; ആദ്യ ഘട്ടത്തില്‍ മൂന്ന് രാജ്യങ്ങള്‍
സൌദിയില്‍ പ്രവേശിക്കുന്നവര്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കണം
- Published:
23 July 2020 11:47 AM GMT
സ്വദേശികൾക്കും അവരുടെ ആശ്രിതർക്കും സൗദിയിലേക്ക് കരമാർഗം തിരിച്ചുവരാനുള്ള സംവിധാനം പ്രാബല്യത്തിൽ വന്നു. യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ജി സി സി രാജ്യങ്ങളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ തിരിച്ചുവരാനാവുക. സ്വദേശികൾ അവരുടെ കുടുംബാംഗങ്ങൾ, വേലക്കാരും സേവകരുമായ അവരുടെ ആശ്രിതർ എന്നിവർക്ക് ഇത്തരത്തിൽ തിരിച്ചു വരാനാവും.
തിരിച്ചുവരവിന് പ്രത്യേക രേഖകൾ ശരിപ്പെടുത്തുകയോ അപേക്ഷ സമർപ്പിക്കുകയോ വേണ്ടതില്ല. കുവൈത്തിൽ നിന്ന് ഇത്തരത്തിൽ അനായാസം തിരിച്ചുവരാനാവുമെന്ന് കുവൈത്തിലെ സൗദി എംബസി വ്യക്തമാക്കി. ബഹറിനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി തിരിച്ചുവരാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സൗദി-യു എ ഇ, അതിർത്തിയിലും സമാന സേവനം ലഭ്യമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് ഏഴ് മുതൽ അടഞ്ഞു കിടന്ന കര മാർഗമുള്ള അതിർത്തികൾ ഇതോടെ സജീവമാകും. തിരിച്ചെത്തുന്നവർ നിർണിത ദിവസം ക്വറന്റീനിൽ കഴിയണമെന്ന് സൗദി അധികൃതർ നിർദേശിച്ചിട്ടുണ്ട്.
സൗദി കര അതിർത്തി പങ്കുവെക്കുന്ന ഇതര രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചുവരവിനും വ്യോമ മാർഗമുള്ള അന്താരാഷ്ട്ര സഞ്ചാരത്തിനും തീരുമാനമായിട്ടില്ല. നേരത്തെ വിമാന സര്‍വീസുകള്‍ തുടങ്ങുന്നുവെന്ന തിയതി അടക്കം വെച്ചുള്ള പ്രചാരണം തെറ്റാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16