Quantcast

നവംബറിലെ ആകാശ വിസ്മയങ്ങൾ; കാത്തിരിക്കുന്നത് ഉൽക്കാവർഷവും തീഗോളവും സൂപ്പർമൂണും...

ആകാശത്ത് വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മ‍ഞ്ഞുപുതച്ചെത്തുന്ന ഈ നവംബർ മാസം

MediaOne Logo

Web Desk

  • Published:

    6 Nov 2026 10:36 PM IST

Meteor showers, fireballs, and a supermoon light up November
X

ആകാശത്ത് വർണവിസ്മയമൊരുക്കി കാത്തിരിക്കുകയാണ് മ‍ഞ്ഞുപുതച്ചെത്തുന്ന ഈ നവംബർ മാസം. പാഞ്ഞുപോകുന്ന ഉൽക്കാശകലങ്ങൾക്കും, ചൊവ്വയുടെയും വ്യാഴത്തിൻ്റെയും അപൂർവ്വ സംഗമത്തിനും സാക്ഷ്യം വഹിക്കുന്നതും നവംബർ ആണ്. നാസയുടെ വോയേജർ 1 എന്ന പേടകവും ചരിത്രനിമിഷത്തിലേക്ക് അടുക്കുകയാണ്. കൂടാതെ മാസാവസാനം തിളക്കമാർന്ന സൂപ്പർമൂണും പ്രത്യക്ഷപ്പെടും.

ആകാശനിരീക്ഷകർക്ക് കൺകുളിർക്കെ കാണാൻ ഇത്തവണ എത്തുന്നത് മൂന്ന് ഉൽക്കാശകലങ്ങളാണ്. ഒരാഴ്ച വ്യത്യാസത്തിൽ എത്തുന്നത് രണ്ട് ടോറിഡുകൾ. നവംബർ 5ന് എത്തിയ ആദ്യത്തേതിന് (ദക്ഷിണ ടോറിഡ്) പിന്നാലെ 12ന് ഉത്തരടോറിഡും എത്തും. നക്ഷത്രസമൂഹമായ ടോറസിൽ നിന്നാണ് രണ്ട് ഉൽക്കകൾക്കും പേര് ലഭിച്ചത്. അപ്രതീക്ഷിതമായി ആകാശത്ത് പ്രത്യക്ഷപ്പെടുന്ന അതിതിളക്കമുള്ള ഉൽക്കകളാണ് ടോറി‍ഡുകൾ. ഫയർബോൾസ് എന്നറിയപ്പെടുന്ന ഈ അ​ഗ്നി​ഗോളങ്ങൾ രാത്രിയിലെ ആകാശത്തെ കൂടുതൽ തിളക്കമുള്ളതാക്കും. നവംബർ പകുതിയോടെ ലിയോനിഡ്സ് എന്ന ഉൽക്കാവർഷവും ദ‍‍‍ൃശ്യമാകും. രാവിലെയായിരിക്കും ഇവ കാണാൻ കൂടുതൽ അനുയോജ്യം. ചന്ദ്രൻ അസ്തമിച്ച ശേഷം ആകാശം ഇരുണ്ട് കാണുന്നതിനാൽ അവയെ കൂടുതൽ വ്യക്തമായി കാണാനാകും. മണിക്കൂറിൽ 15 എണ്ണം വരെ കാണാൻ സാധിക്കും.

ന​ഗരങ്ങളിൽ നിന്നകന്ന സ്ഥലങ്ങൾ തിര‍ഞ്ഞെടുക്കുന്നതായിരിക്കും ഉൽക്കാവർഷങ്ങൾ കാണാൻ ഏറ്റവും അഭികാമ്യം. അതിനു മുൻപ് മിനിമം 30 മിനിറ്റ് എങ്കിലും കണ്ണുകളെ ഇരുട്ടുമായി പൊരുത്തപ്പെടാൻ അനുവദിക്കണം.ആകാശത്തിൻ്റെ ഒരു ഭാ​ഗത്തേക്ക് മാത്രം നോക്കാതെ വിശാലമായി ആകാശത്തെ നിരീക്ഷിച്ചാൽ സുന്ദരമായ ഈ ദൃശ്യം വ്യക്തമായി കാണാം.

അത്യപൂർവ്വ കാഴ്ചയുമായി ചൊവ്വയും വ്യാഴവും !

ഉൽക്കാവർഷങ്ങൾ മാത്രമല്ല ഈ നവംബർ 15,16 തീയതികളിലായി ചൊവ്വയും വ്യാഴവും അടുത്തടുത്ത് കാണാം എന്ന പ്രത്യേകതയും ഉണ്ട്. ഇരുഗ്രഹങ്ങളും തമ്മിൽ 1.2 ഡി​ഗ്രി അകലം ഉണ്ട്. അതായത് രണ്ട് പൂർണ ചന്ദ്രൻമാരെ അടുത്തടുത്ത് വെച്ചാൽ ഉണ്ടാകുന്ന അകലം. രണ്ട് ​ഗ്രഹങ്ങൾ വെച്ച് നോക്കിയാൽ വ്യാഴത്തിനാണ് കൂടുതൽ തിളക്കം. അത്കൊണ്ട് തന്നെ എളുപ്പത്തിൽ ഇവയെ തിരിച്ചറിയാനും സാധിക്കും. ഭൂമിയുടെ തൊട്ടടുത്ത് കാണുന്ന ഈ ​ഗ്രഹങ്ങളെ അനുയോജ്യമായ സാഹചര്യങ്ങളിൽ ന​ഗ്നനേത്രങ്ങൾ കൊ‍ണ്ട് കാണാവുന്നതാണ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ വളരെ അടുത്തായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ഇവ വളരെ അകലെയണ്. ഭൂമിയിൽ നിന്നു നോക്കുമ്പാൾ ഒരേ ദിശയിൽ വരുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. തുടർച്ചയായ ദിവസങ്ങളിൽ ​ഗ്രഹങ്ങളെ നിരീക്ഷിച്ചാൽ മറ്റൊരു കൗതുകം കൂടെ കാണാം.​ ഗ്രഹങ്ങൾ തമ്മിലുളള അകലം ക്രമേണ കുറയുകയും പിന്നീട് ഇവ അകന്നു പോവുകയും ചെയ്യും.

വോയേജർ 1 ചരിത്രനേട്ടത്തിലേക്ക്

ഭൂമിയിലെ ആകാശ വിസ്മയങ്ങൾക്കപ്പുറം ബഹിരാകാശത്തും ചരിത്ര പ്രധാനമായ നേട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് ഈ നവംബർ. നാസയുടെ വോയേജർ 1 എന്ന പേടകം ഭൂമിയിൽ നിന്ന് ഒരു പ്രകാശദിനം അകലെയെന്ന ചരിത്രനേട്ടത്തിലേക്ക് എത്തുകയാണ്. ഈ ദൂരം പിന്നിടുന്ന മനുഷ്യനിർമ്മിത വസ്തുവെന്ന നേട്ടവും വോയേജർ 1ന് സ്വന്തമാകും. പ്രകാശം 24 മണിക്കൂർ കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശദിനം. പ്രകാശത്തിന്റെ വേ​ഗതയിലാണ് റേഡിയോ സി​ഗ്നലുകളും സഞ്ചരിക്കുന്നത്. അതിനാൽ ഭൂമിയിൽ നിന്ന് വോയേജർ 1ലേക്ക് അയക്കുന്ന സന്ദേശം ഒരു ദിവസം എടുത്താണ് അവിടെയെത്തുക. പേടകം ഉടൻ തന്നെ മറുപടി തന്നാലും 24 മണിക്കൂർ എടുത്ത് മാത്രമേ ഭൂമിയിൽ തിരിച്ച് എത്തൂ.

ഭൂമിയിൽ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെ വോയേജർ സഞ്ചരിച്ചെത്തിയ ദൂരം ചെറുതല്ല. 'സെർപ്പന്റ് ബെയറർ' എന്നറിയപ്പെടുന്ന "ഒഫിയൂക്കസ്" നക്ഷത്രരാശിയുടെ ദിശയിലേക്കാണ് വോയേജർ 1 പേടകം നീങ്ങുന്നത്. എന്നാൽ ന​ഗ്നനേത്രങ്ങള്‍ കൊണ്ട് പേടകത്തെ കാണാനാകില്ല. നവംബർ 17ന് 'ഷൈൻ ബ്രൈറ്റ് ഫോ‍ർ വോയേജേഴ്സ് ലൈറ്റ് ഡേ' എന്ന പരിപാടിയിലൂടെ ഈ നേട്ടം ആഘോഷിക്കാനാണ് നാസയുടെ തീരുമാനം.

വരുന്നൂ സൂപ്പർമൂൺ...

നവംബറിലെ പ്രധാന ആകാശവിസ്മയങ്ങളിൽ ഒന്നായ സൂപ്പർമൂൺ 24ന് ദ‍ൃശ്യമാകും. മാസത്തിലെ അവസാന പൂർണചന്ദ്രനാണ് ആകാശത്ത് ഉദിക്കുക. ഭൂമിയുടെ ഏറ്റവും അടുത്ത് വരുന്ന പൂർണചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നത്. ചന്ദ്രൻ കൃത്യമായ വൃത്താകൃതിയിൽ അല്ല ഭ്രമണം ചെയ്യുന്നത്. അത്കൊണ്ട്തന്നെ ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം മാറിക്കൊണ്ടിരിക്കും. ശരാശരി പൂർണചന്ദ്രനേക്കാൾ വളരെ വലുതും തിളക്കമുളളതുമായ പൂർണചന്ദ്രനെ നമുക്ക് കാണാൻ സാധിക്കുന്നത് ഭൂമിയുടെ അടുത്ത് നിൽക്കുന്ന സമയത്ത് ആയിരിക്കും.

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ സൂപ്പർമൂണാണ് ഇത്തവണത്തേത്. 3 മാസങ്ങളിലായി തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന സൂപ്പർമൂൺ പരമ്പരയിലെ ആദ്യത്തേതാണിത്.‍ ഡിസംബറിലും അടുത്ത വർഷം ജനുവരിയിലും സൂപ്പർമൂൺ പ്രത്യക്ഷപ്പെടും. നവംബർ 24ന് സൂര്യാസ്തമയ സമയത്ത് കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ പൂർണചന്ദ്രനെ കാണാൻ സാധിക്കും. മൂൺ ഇല്ല്യൂഷൻ എന്ന പ്രതിഭാസം കാരണം പതിവിലും വലുതായിട്ടായിരിക്കും കാണാൻ സാധിക്കുക എന്നുള്ളതും ഒരു പ്രത്യേകതയാണ്.

TAGS :

Next Story