14 ദിവസങ്ങൾക്ക് ശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നാളെ സൂര്യോദയം; ചന്ദ്രയാൻ 3 മിഴി തുറക്കുമോ?
തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് ചന്ദ്രയാൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ ഐ.എസ്.ആർ.ഒക്ക് അത് ചരിത്ര നേട്ടമാകും
പതിനാല് ദിവസങ്ങൾക്ക് ശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നാളെ സൂര്യോദയം. ഇന്ത്യയുടെ ചന്ദ്രയാൻ പേടകം വീണ്ടും മിഴി തുറക്കുമോ എന്ന ആകാംക്ഷയിലാണ് ശാസ്ത്രലോകം. തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് ചന്ദ്രയാൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ ഐ.എസ്.ആർ.ഒക്ക് അത് ചരിത്ര നേട്ടമാകും.
മൈനസ് 200 ഡിഗ്രിയിൽ താഴെ തണുത്തുറഞ്ഞ കാലാവസ്ഥ, കഴിഞ്ഞ 14 ദിവസവും വിക്രം ലാൻഡറും പ്രഖ്യാൻ റോവറും അതിജീവിച്ചത് ഈ കാലാവസ്ഥയെയാണ്. ഉപകരണങ്ങൾ വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന് ശാസ്ത്രലോകം വിലയിരുത്തുമ്പോൾ ചാന്ദ്ര ഉപരിതലത്തിൽ ഒരത്ഭുതം പ്രതീക്ഷിക്കുകയാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞന്മാർ. സ്ലീപ് മോഡിലേക്ക് മാറ്റിയ ഉപകരണങ്ങൾ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വീണ്ടും പ്രവർത്തിച് തുടങ്ങിയാൽ, വരുംകാല പരീക്ഷണങ്ങൾക്ക് അത് കൂടുതൽ ഊർജ്ജമാകും.
ചന്ദ്രയാൻ മൂന്നിന്റെ പ്രധാന ശാസ്ത്ര ദൗത്യങ്ങൾ എല്ലാം ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞതാണ്. സൂര്യൻ അസ്തമിക്കും മുൻപ് ഉപകരണങ്ങളിലെ ബാറ്ററി മുഴുവൻ ചാർജ് ചെയ്ത ശേഷം ആയിരുന്നു സ്ലീപ് മോഡിലേക്ക് മാറ്റിയത്. സെപ്റ്റംബർ മൂന്നിന് പേടകം സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുൻപ്, ചന്ദ്രോപരിതലത്തിൽ ലാൻഡർ ചന്ദ്രോപരിതലത്തിൽ നിന്ന് വീണ്ടും ഉയർന്നുപൊങ്ങിയ ശേഷം സോഫ്റ്റ് ലാൻഡ് ചെയ്യിച്ചിരുന്നു.
ചാന്ദ്രദൗത്യങ്ങളിൽ ഉപകരണങ്ങളെ വ്യത്യസ്ത കാലാവസ്ഥയിൽ നിന്ന് പരിരക്ഷിക്കുന്ന ഹീറ്റിംഗ് സംവിധാനം ചന്ദ്രയാൻ മൂന്നിൽ ഇല്ല. ഒരു ചാന്ദ്രദിനം ലക്ഷ്യമാക്കി ഒരുക്കിയ ദൗത്യമായതിനാലാണ് പ്രത്യേക കവചം ഒരുക്കാതിരുന്നത്. എന്നാൽ ചന്ദ്രോപരിതലത്തിലെ തണുത്തുറഞ്ഞ കാലാവസ്ഥയെ അതിജീവിച്ച് ഉപകരണങ്ങൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയാൽ, പുതിയൊരു നേട്ടം കൂടി ഐ.എസ്.ആർ.ഒക്ക് ഉയർത്താനാകും.
Adjust Story Font
16