'സഞ്ജു അനുജനെ പോലെ, എന്നാൽ ഗ്രൗണ്ടിൽ അങ്ങനെയല്ല കാര്യങ്ങള്‍'; മനസ്സു തുറന്ന് അശ്വിന്‍
ധരംശാലയില്‍ തന്‍റെ നൂറാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍
രാജസ്ഥാൻ റോയൽസ് നായകനും മലയാളി സൂപ്പർ താരവുമായ സഞ്ജു സാംസണുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രന്‍ അശ്വിൻ. സഞ്ജുവിനോട് തനിക്ക് സഹോദര തുല്യമായ ബന്ധമാണെന്നും എന്നാൽ ഗ്രൗണ്ടിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും അശ്വിൻ പറഞ്ഞു.
''ഞങ്ങൾ ഇരുവരും ഗ്രൗണ്ടിന് പുറത്ത് സഹോദരങ്ങളെ പോലെയാണ്. സഞ്ജു ഒരുപാട് തമാശകൾ പറയുന്നയാളാണ്. തമിഴും മലയാളവും ഹിന്ദിയും അവനറിയാം. ഞങ്ങളിരുവരും സിനിമാ പ്രേമികളാണ്. സഞ്ജുവും അത് പോലെ തന്നെ. അത് കൊണ്ട് തന്നെ ഞങ്ങൾ പറയുന്ന തമാശകളിലധികവും സിനിമാ ഡയലോഗുകളായിരിക്കും. തമിഴ് സിനിമകളിലെ തമാശകൾ പറഞ്ഞ് ചിരിക്കാറുണ്ട് സഞ്ജു. ഞങ്ങളെന്ത് പറഞ്ഞാണ് ചിരിക്കുന്നത് എന്ന് ചുറ്റുമുള്ളവർക്ക് ചിലപ്പോൾ മനസ്സിലായിക്കൊള്ളണമെന്നില്ല.
എന്നാൽ ഗ്രൗണ്ടിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. ഞങ്ങളവിടെ പ്രൊഫഷണലുകളാണ്. ഞങ്ങളുടെ ക്രിക്കറ്റ് അറിവുകൾക്കാണ് അവിടെ പ്രസക്തി. എന്‍റെ പരിജയസമ്പത്തും മത്സര സാഹചര്യങ്ങളും വച്ച് ഞാനവന് നിരവധി നിർദേശങ്ങൾ നൽകാറുണ്ട്. അതിൽ വേണ്ടതെല്ലാം അവനെടുക്കും.''- അശ്വിന്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്‍റേത് അസാമാന്യ പ്രകടനമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ മിന്നും പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നാഴികക്കല്ലില്‍ അശ്വിന്‍ തൊട്ടിരുന്നു. അനില്‍ കുംബ്ലേക്ക് ശേഷം വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അശ്വിന്‍. ധരംശാലയില്‍ തന്‍റെ നൂറാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് അശ്വിന്‍.
Adjust Story Font
16