Quantcast

ക്യാപ്റ്റൻ കറൻ; രാജസ്ഥാനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ്

അര്‍ധ സെഞ്ച്വറിയുമായി പഞ്ചാബ് നായകന്‍ സാം കറന്‍ പുറത്താവാതെ നിന്നു

MediaOne Logo

Web Desk

  • Updated:

    2024-05-15 17:52:03.0

Published:

15 May 2024 4:06 PM GMT

ക്യാപ്റ്റൻ കറൻ; രാജസ്ഥാനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ്
X

ഗുവാഹത്തി: ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ക്യാപ്റ്റൻ സാം കറൻ നിറഞ്ഞാടിയപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പഞ്ചാബ് ഏഴ് പന്ത് ബാക്കി നിൽക്കേ മറികടന്നു. അഞ്ച് വിക്കറ്റിനാണ് പഞ്ചാബിന്‍റെ മിന്നും ജയം. സാം കറൻ 41 പന്തിൽ 63 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ പന്ത് കൊണ്ട് തങ്ങളെ വരിഞ്ഞു മുറുക്കിയ പഞ്ചാബിനെ അതേ നാണയത്തിലാണ് രാജസ്ഥാൻ തിരിച്ചടിച്ച് തുടങ്ങിയത്. ഒന്നാം ഓവറിൽ തന്നെ പ്രഭ്‌സിംറാൻ സിങ്ങിനെ ബോൾട്ട് ചഹലിന്റെ കയ്യിലെത്തിച്ചു. അഞ്ചാം ഓവറിൽ റിലി റൂസോ ആവേശ് ഖാന് മുന്നിൽ വീണു. അതേ ഓവറിൽ തന്നെ ശശാങ്ക് സിങ്ങിനേയും പറഞ്ഞയച്ച് ആവേശ് ഖാന്റെ ഇരട്ട പ്രഹരം. എന്നാല്‍ പിന്നീട് ക്രീസിലൊന്നിച്ച സാം കറനും ജിതേഷ് ശർമയും ചേർന്ന് പഞ്ചാബിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ജിതേഷ് വീണ ശേഷം അശുതോഷിനെ കൂട്ടുപിടിച്ച് കറൻ പഞ്ചാബിനെ വിജയതീരമണക്കുകയായിരുന്നു. സാം കറനാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാനെ പഞ്ചാബ് ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. സഞ്ജുവിനേയും സംഘത്തേയും നിശ്ചത 20 ഓവറിൽ പഞ്ചാബ് 144 റൺസിലൊതുക്കി. 48 റൺസെടുത്ത റിയാൻ പരാഗ് മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.

ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ച ജോസ് ബട്‌ലർക്ക് പകരക്കാരനായി ഇക്കുറി രാജസ്ഥാന്‍ നിരയില്‍ ഓപ്പണറുടെ റോളിലെത്തിയത് മറ്റൊരു ഇംഗ്ലീഷുകാരൻ ടോം കോഹ്ലർ കാഡ്‌മോര്. ആദ്യ ഓവറിൽ തന്നെ ജയ്‌സ്വാളിനെ വീഴ്ത്തി ക്യാപ്റ്റൻ സാം കറൻ രാജസ്ഥാന് ആദ്യ പ്രഹരമേൽപ്പിച്ചു. വൺ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ഏഴാം ഓവറിൽ പുറത്ത്. നതാൻ എലിസിന്റെ പന്തിൽ രാഹുൽ ചഹാറിന് ക്യാച്ച് നൽകിയായിരുന്നു സഞ്ജുവിന്റെ മടക്കം. 18 റണ്‍സായിരുന്നു സഞ്ജുവിന്‍റെ സമ്പാദ്യം. അടുത്ത ഓവറിൽ ചഹാർ കാഡ്‌മോറിനെ കൂടാരം കയറ്റി. പിന്നീട് ക്രീസിലെത്തിയ റിയാൻ പരാഗ് രാജസ്ഥാൻ ഇന്നിങ്‌സ് പതിയെ ചലിപ്പിച്ച് തുടങ്ങിയെങ്കിലും ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.

28 റൺസെടുത്ത അശ്വിൻ മാത്രമാണ് പരാഗിന് അൽപ്പം പിന്തുണ നൽകിയത്. പഞ്ചാബിനായി സാം കറനും രാഹുൽ ചഹാറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടൂര്‍ണമെന്‍റില്‍ നേരത്തേ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന് പഞ്ചാബിനെതിരായ മത്സര ഫലം നിര്‍ണായകമല്ല.

TAGS :

Next Story