വിടാതെ പിന്തുടരുന്ന പരിക്കുകള്‍; സൈന കളി മതിയാക്കിയേക്കും
വിടാതെ പിന്തുടരുന്ന പരിക്കുകള്‍; സൈന കളി മതിയാക്കിയേക്കും
ഇതേസമയം തന്നെ പരിക്കുകളുടെ കളിക്കൂട്ടുകാരി കൂടിയാണ് സൈന. കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലായിരുന്നു താരം
ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ താരമാണ് സൈന നെഹ്‍വാള്‍. ഇതേസമയം തന്നെ പരിക്കുകളുടെ കളിക്കൂട്ടുകാരി കൂടിയാണ് സൈന. കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്തിയ ശേഷം വിശ്രമത്തിലായിരുന്നു താരം. ഒടുവില്‍ ഈ മാസം 15 ന് ആരംഭിക്കുന്ന ചൈന സൂപ്പര്‍ സീരീസ് പ്രീമിയറിലൂടെ മടങ്ങിവരാന്‍ ഒരുങ്ങുന്ന സൈനക്ക് പക്ഷേ ഇനിയും താന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ അധികകാലം തുടരുമെന്ന് പ്രതീക്ഷയില്ല. 26 കാരിയായ തന്റെ കരിയറിന് ഏകദേശം തിരശീലയിടാറായെന്നാണ് സൈന നല്‍കുന്ന സൂചന. വിശ്രമത്തിന് ശേഷം പരിശീലനം തുടങ്ങി ഒരാഴ്ച പിന്നിട്ടെങ്കിലും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ സൈനക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 'കഠിനാധ്വാനം ചെയ്യാന്‍ താന്‍ തയാറാണ്. ജയ തോല്‍വികളെ കുറിച്ച് ചിന്തിക്കുന്നില്ല. പക്ഷേ മനസിലെവിടെയോ തന്റെ കരിയര്‍ അവസാനിക്കാറായെന്ന് ഒരു തോന്നല്‍ - സൈന പറഞ്ഞു. താന്‍ ഇനി കളിക്കളത്തിലേക്ക് മടങ്ങിവരില്ലെന്ന് വിശ്വസിക്കുന്നവരായിരിക്കും കൂടുതലും. ഏകദേശം സമാന ചിന്ത തന്റെയും ഉള്ളിലുണ്ട്. എന്തായാലും ഇനിയെന്തെന്ന് കാത്തിരുന്ന് കാണാം. - സൈന പറഞ്ഞു.
Adjust Story Font
16