Quantcast

ഫുട്ബോളിനെ അതിജീവനത്തിന്‍റെ പോരാട്ടമാക്കിയ ഹെയ്തി

MediaOne Logo

admin

  • Published:

    26 May 2018 2:50 PM GMT

ഫുട്ബോളിനെ അതിജീവനത്തിന്‍റെ പോരാട്ടമാക്കിയ ഹെയ്തി
X

ഫുട്ബോളിനെ അതിജീവനത്തിന്‍റെ പോരാട്ടമാക്കിയ ഹെയ്തി

ഞങ്ങള്‍ കളിക്കുന്ന 90 മിനിറ്റെങ്കിലും അവര്‍ക്ക് വിശപ്പറിയാതെയിരിക്കാം. ദാരിദ്ര്യവും പട്ടിണിയും മറക്കാം. ആ നിമിഷങ്ങളില്‍ അവരുടെ ഉള്ളം നിറയെ ഫുട്ബോളായിരിക്കും.

ഭൂകമ്പം സര്‍വ്വവും നഷ്ടപ്പെടുത്തിയ ഒരു നാടിന്‍റെ അതിജീവനത്തിന്‍റെ പോരാട്ടം കൂടിയാണ് കോപ്പയില്‍ ഹെയ്തിയുടെ ഓരോ മത്സരവും. പരിശീലകരും കളിക്കാരും ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം പേര്‍ മരിച്ച ഭൂകമ്പത്തിന്‍റെ നടുക്കുന്ന ഓര്‍മ്മകളില്‍ നിന്നും പതുക്കെ മുക്തമാകുകയാണ് ഹെയ്തി. നൂറ്റാണ്ടിന്‍റെ കോപ്പയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പെറുവിനെ വിറപ്പിച്ചാണ് ഹെയ്തി കീഴടങ്ങിയത്

ഞങ്ങള്‍ കളിക്കുന്ന 90 മിനിറ്റെങ്കിലും അവര്‍ക്ക് വിശപ്പറിയാതെയിരിക്കാം. ദാരിദ്ര്യവും പട്ടിണിയും മറക്കാം. ആ നിമിഷങ്ങളില്‍ അവരുടെ ഉള്ളം നിറയെ ഫുട്ബോളായിരിക്കും. പട്ടിണി മൂലം ആളുകള്‍ മരിക്കുന്ന ഒരു രാജ്യം ഫുട്ബോള്‍ ഭക്ഷിച്ച് വിശപ്പുമാറ്റുന്ന കഥയുടെ രത്നച്ചുരുക്കമാണ് മാര്‍ക് അലക്സാന്ദ്രെയെന്ന ഹെയ്തി താരത്തിന്‍റെ ഈ വാക്കുകള്‍. അതു കൊണ്ടാണ് വീറോടെ പൊരുതിയിട്ടും തോറ്റ് പോവുമ്പോള്‍ ഹെയ്തിക്കാര്‍ കരഞ്ഞ് കൊണ്ട് മൈതാനം വിടുന്നത്.

തിരിച്ച് വരവിന്‍റെ പാതയിലാണ് ഇന്ന് ഹെയ്തി. 2010 ലുണ്ടായ ഭൂകമ്പം തകര്‍ത്തെറിഞ്ഞത് അധിനിവേശം മുറിവുകളേല്‍പ്പിച്ച ഒരു രാജ്യത്തിന്‍റെ അതിജീവന സ്വപ്നങ്ങളായിരുന്നു. അന്ന് കൊല്ലപ്പെട്ട ഒന്നര ലക്ഷം പേരില്‍ പരിശീലകരും കളിക്കാരുമുണ്ടായിരുന്നു. ദേശീയ സ്റ്റേഡിയം പുനരധിവാസ കേന്ദ്രമായി. കളിക്കാനാവശ്യമായ എല്ലാ അടിസ്ഥാന സൌകര്യങ്ങളും നഷ്ടമായി.രണ്ട് വര്‍ഷം നാട്ടില്‍ ഒരു മത്സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല.

അവിടെ നിന്നാണ് ടീം കോപ്പയിലേക്കെത്തുന്നത്. 1974ന് ശേഷം പങ്കെടുക്കുന്ന ആദ്യ വലിയ ടൂര്‍ണമെന്‍റ് തോറ്റെങ്കിലും ഹെയ്തിക്ക് അഭിമാനിക്കാം. കോപ്പയില്‍ ആദ്യമായി ബൂട്ട് കെട്ടിയ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചതിന്. എങ്കിലും ഹെയ്തിക്കാര്‍ക്ക് ഒരു സങ്കടമുണ്ട്. അവസാന മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് പുറത്തേക്കടിച്ചില്ലായിരുന്നെങ്കില്‍...

TAGS :

Next Story