ഒളിമ്പിക് ചാമ്പ്യനെ ഇടിച്ചിട്ട് അമിതിന് സ്വര്‍ണം
ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ഉസ്‍ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ദുസ്മടോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇടിക്കൂട്ടില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കി അമിത് പംഗല്‍. 49 കിലോ വിഭാഗം ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യനെ ഇടിച്ചിട്ടാണ് അമിത് സ്വര്‍ണമണിഞ്ഞത്.
ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ഉസ്‍ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ദുസ്മടോവിനെയാണ് അമിത് പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ 49 കിലോ വിഭാഗത്തില്‍ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണ് അമിത് അണിഞ്ഞത്. 1954 ലെ ഏഷ്യന്‍ ഗെയിംസില്‍ ബോക്സിങിന് കളമൊരുങ്ങിയതു മുതല്‍ ആകെ ഒമ്പതു സ്വര്‍ണമാണ് ഇന്ത്യക്ക് നേടാനായിട്ടുള്ളത്.
സെമിയില്‍ ഫിലിപ്പൈന്‍സ് താരത്തിനെ 3-2 എന്ന സ്‌കോറിനു കീഴടക്കിയാണ് അമിത് പംഗല്‍ 49 കിലോ വിഭാഗം ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷം എഐബിഎ ലോക ചാമ്പ്യന്‍ഷിപ്പില്‍ 5-0 എന്ന സ്കോറിന് ദുസ്മടോവിനോട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ മധുരപ്രതികാരം കൂടിയായിരുന്നു അമിത് ഇന്ന് ജക്കാര്‍ത്തയിലെ ഇടിക്കൂട്ടില്‍ തീര്‍ത്തത്.
സ്‌ക്വാഷ് വനിതാ ടീം ഫൈനലില്‍ ഇന്ത്യക്ക് ഹോങ്കോങ്ങ് ആണ് എതിരാളി. മലയാളി താരം സുനൈന കുരുവിള, ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. പുരുഷ ഹോക്കിയില്‍ വെങ്കലം ലക്ഷ്യമിട്ട് ഇന്ത്യ പാകിസ്താനെ നേരിടും. വൈകീട്ട് നാല് മണിക്കാണ് മത്സരം. അമിതിന്‍റെ സ്വര്‍ണ്ണനേട്ടത്തോടെ കസാകിസ്ഥാനെ മറികടന്ന് മെഡല്‍ നിലയില്‍ ഇന്ത്യ എട്ടാംസ്ഥാനത്തെത്തി. 14 സ്വര്‍ണ്ണവും 23 വെള്ളിയും ഉള്‍പ്പടെ 66 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ഒരു ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതല്‍ മെഡലുകളാണിത്.
Adjust Story Font
16