വെടിക്കെട്ടിന് തീ കൊളുത്തി കോഹ്‍ലിയും രോഹിതും; ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‍ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാനത്തേതും നിര്‍ണായകവുമായ ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. വെടിക്കെട്ട് പ്രകടനവുമായി മികച്ച തുടക്കം നല്‍കിയ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ കോഹ്‍ലിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. രോഹിത് ശര്‍മ്മ തുടങ്ങി വെച്ച വെടിക്കെട്ട് പിന്നീട് സൂര്യകുമാര്‍ യാദവും വിരാട് കോഹ്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഏറ്റെടുത്തപ്പോള്‍ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി.
രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സ് നേടി പുറത്തായപ്പോള്‍ വിരാട് കോഹ്‍ലി 52 ബോളില്‍ 80 റണ്‍സ് നേടി പുറത്താകാതെ നിന്നു. രോഹിത് പുറത്തായതിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് യാദവ് 17 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറുകളില്‍ തീപ്പന്തമായി മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യ 17 ബോളില്‍ 39 റണ്‍സ് നേടി. പതിനൊന്ന് സിക്സറുകളാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ പിറന്നത്. അതില്‍ അഞ്ചെണ്ണവും വന്നത് രോഹിതിന്‍റെ ബാറ്റില്‍ നിന്നായിരുന്നു.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് – കോഹ്‍ലി കൂട്ടുകെട്ട് 94 റണ്‍സാണ് നേടിയത്. സ്റ്റോക്സിന്‍റെ പന്തില്‍ രോഹിത് പുറത്തായെങ്കിലും പകരം എത്തിയ സൂര്യകുമാര്‍ യാദവ് തന്‍റെ ബാറ്റിങ് മികവ് ആദ്യ കളിയിലെ പോലെ തന്നെ രണ്ടാം മത്സരത്തിലും തുടര്‍ന്നു. രണ്ടാം വിക്കറ്റില്‍ യാദവും കോഹ്‍ലിയും ചേര്‍ന്ന് 26 പന്തില്‍ നിന്ന് 49 റണ്‍സാണ് നേടിയത്. 17 പന്തില്‍ 32 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ ആദില്‍ റഷീദ് ആണ് പുറത്താക്കിയത്.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ഇരുനൂറും കടന്ന് കുതിച്ചു. ഇരുവരും ചേര്‍ന്ന് 40 പന്തില്‍ 81 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. കോഹ്‍ലി 52 പന്തില്‍ 80 റണ്‍സും ഹാര്‍ദ്ദിക് 17 പന്തില്‍ 39 റണ്‍സും നേടി പുറത്താകാതെ നിന്നു. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് വീതം മത്സരങ്ങള്‍ ജയിച്ച് നില്‍ക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര ലഭിക്കും.
Adjust Story Font
16