വിക്കറ്റ് നഷ്ടമില്ലാതെ നൂറ് കടന്നു, പിന്നാലെ നാല് വിക്കറ്റുകള്‍ പിഴുത് ഇംഗ്ലണ്ട്; ഇന്ത്യ പരുങ്ങലില്‍
മികച്ച തുടക്കം ലഭിച്ചതിന് ശേഷമാണ് ഇന്ത്യന്‍ മുന്‍നിരക്ക് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായത്.
ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ഇന്ത്യ പരുങ്ങലില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ വിജയത്തോടെ ഇരു ടീമുകളും തുല്യ നിലയിലാണ്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകുമെന്നിരിക്കെ, ആദ്യം ബാറ്റിങിനിറങ്ങി കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഇന്ത്യക്ക് തിരിച്ചടി. മികച്ച തുടക്കം ലഭിച്ചതിന് ശേഷമാണ് ഇന്ത്യന്‍ മുന്‍നിരക്ക് തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായത്.
ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയെങ്കിലും ടീം സ്കോര്‍ 103ല്‍ നില്‍ക്കേ രോഹിത് വീണു. വ്യക്തിഗത സ്കോര്‍ 37ല്‍ നില്‍ക്കവെയാണ് ആദില്‍ റഷീദിന്‍റെ പന്തില്‍ ബൌള്‍ഡായി രോഹിത് മടങ്ങുന്നത്. ബ്രേക് ത്രൂ അനിവാര്യമായിരുന്ന ഇംഗ്ലണ്ട് അവിടെ നിന്ന് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രണ്ട് ഓവറിനിടെ മികച്ച ഫോമില്‍ നിന്ന് ശിഖര്‍ ധവാനെയും ആദില്‍ റഷീദ് തന്നെ പുറത്താക്കി. മികച്ച ഒരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ആദില്‍ റഷീദ് ധവാനെ പുറത്താക്കിയത്. 55 ബോളില്‍ 10 ബൌണ്ടറിയുള്‍പ്പടെ 67 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു ധവാന്‍റെ മടക്കം.
വണ്‍ഡൌണായെത്തിയ ക്യാപ്റ്റന്‍ കോഹ്‍ലിക്ക് ആകട്ടെ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ പവലിയനിലെത്തേണ്ടി വന്നു. മോയിന്‍ അലിയുടെ പന്തില്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. ഒന്‍പത് പന്തില്‍ നിന്നായി ഏഴ് റണ്‍സ് മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. കോഹ്‍ലിയുടെ വിക്കറ്റ് വീണതിന് ശേഷം ഒത്തുചേര്‍ന്ന രാഹുല്‍-ഋഷഭ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് ആരാധകര്‍ പ്രതീക്ഷ വെക്കവേയാണ് രാഹുലിന്‍റെ വിക്കറ്റും ടീമിന് നഷ്ടമാകുന്നത്. ലിവിങ്സ്റ്റണിന്‍റെ പന്തില്‍ മോയിന്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് കഴിഞ്ഞ കളിയിലെ സെഞ്ച്വറി താരം കൂടാരം കയറിയത്.
ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യന്‍ ടീം. 27 ബോളില്‍ 31 റണ്‍സുമായി ഋഷഭ് പന്തും ഒരു റണ്‍സുമായി ഹാര്‍ദ്ദിക പാണ്ഡ്യയുമാണ് ക്രീസില്‍.
Adjust Story Font
16