''ലോകകപ്പിൽ ആ ഇന്ത്യന്‍ താരം ടോപ് സ്കോററാകും''; പ്രവചനവുമായി എ.ബി ഡിവില്ലിയേഴ്സ്
''ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലേക്ക് വളരെ വേഗത്തിൽ അവന്‍ സഞ്ചരിക്കുകയാണ്''
ab de villiers
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇനി എട്ട് നാളുകളുടെ ദൂരം മാത്രം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഒക്ടോബർ അഞ്ചിന് തിരശീല ഉയരും. നവംബർ 19 നാണ് കലാശപ്പോര്. അഹ്മദാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ നേരിടും. ഒക്ടോബർ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം.
കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് സെമിയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. നിലവിലെ ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മയായിരുന്നു അന്ന് ടൂര്‍ണമെന്‍റ് ടോപ് സ്കോറര്‍. ഇപ്പോഴിതാ ഈ ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ്. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇക്കുറി ലോകകപ്പിലെ ടോപ് സ്കോററാവുമെന്നാണ് ഡിവില്ലിയേഴ്സിന്‍റെ പ്രവചനം.
''ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയിലേക്ക് വളരെ വേഗത്തിൽ ഗില്‍ സഞ്ചരിക്കുകയാണ്. ചെറിയ പ്രായത്തില്‍ത്തന്നെ ഒരുപാട് പരിചയ സമ്പത്ത് നേടിയെടുക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. ഭാവിയിലും ഗില്ലിന്‍റെ ബാറ്റിങ്ങിനെക്കുറിച്ച് ഒരുപാട് കേൾക്കാൻ സാധിക്കും. ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കാൻ പോകുന്നതും ഗില്ലാകും എന്നാണ് ഞാൻ കരുതുന്നത്'- ഡിവില്ലിയേഴ്സ് പറഞ്ഞു.
നേരത്തേ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ ഇക്കുറിയും ടോപ് സ്കോററാവുമെന്നാണ് സെവാഗിന്‍റെ പ്രവചനം.
Adjust Story Font
16