അഫ്ഗാന്‍ വീരഗാഥ; ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര ജയം
രണ്ടാം ഏകദിനത്തിൽ 177 റൺസിന്റെ കൂറ്റൻ ജയം കുറിച്ചാണ് അഫ്ഗാനിസ്താൻ പരമ്പര സ്വന്തമാക്കിയത്
ഷാര്‍ജ: ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്താനെ ഇനിയാരും ഇത്തിരിക്കുഞ്ഞന്മാരെന്ന് വിളിക്കരുത്. കഴിഞ്ഞ ടി20 ലോകകപ്പ് മുതൽ ആരംഭിച്ച അഫ്ഗാൻ ക്രിക്കറ്റിന്റെ അതിശയ കുതിപ്പ് ഇപ്പോൾ ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ജയത്തിൽ വരെയെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തിൽ 177 റൺസിന്റെ കൂറ്റൻ ജയം കുറിച്ചാണ് അഫ്ഗാനിസ്താൻ പരമ്പര സ്വന്തമാക്കിയത്. സെഞ്ച്വറിയുമായി റഹ്‌മാനുല്ല ഗുർബാസും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാനും കളം നിറഞ്ഞപ്പോൾ അഫ്ഗാൻ ജയം അനായാസമായി. അഫ്ഗാൻ ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പ്രോട്ടീസ് 134 റൺസിനാണ് കൂടാരം കയറിയത്.,
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനായി ഓപ്പണർമാരായ റഹ്മാനുല്ലാഹ് ഗുർബാസും റിയാസ് ഹസനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ ബോർഡിൽ 88 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. പിന്നീട് ക്രീസിലെത്തിയവരൊക്കെ ടോപ് ഗിയറിലായിരുന്നു. റഹ്‌മത്ത് ഷായും അസ്മത്തുല്ലാ ഒമർസായിയും അർധ സെഞ്ച്വറികളുമായി ഗുർബാസിന് മികച്ച പിന്തുണ നൽകി. 110 പന്തിൽ പത്ത് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഗുർബാസ് സെഞ്ച്വറി കുറിച്ചത്. 50 പന്തില്‍ 86 റണ്‍സ് കുറിച്ച ഒമര്‍സായി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് അഫ്ഗാന്‍ സ്കോര്‍ 300 കടത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ക്യാപ്റ്റൻ ടെംബാ ബാവുമയും ടോണി ഡി സോർസിയും പൊരുതി നോക്കിയതൊഴിച്ചാൽ പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ ഒരാൾക്ക് പോലും പിടിച്ച് നിൽക്കാനായില്ല. ആറ് താരങ്ങൾ രണ്ടക്കം കാണാതെ കൂടാരം കയറി. റാഷിദ് ഖാൻ ഒമ്പതോവറിൽ വെറും 19 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. നങ്കേലിയ കറോട്ടേ ആറോവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് പിഴുതു. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഏകദിന വിജയം കുറിച്ച അതേ സീരിസിൽ പരമ്പര ജയവും സ്വന്തമാക്കിയ അഫ്ഗാൻ ലോക ക്രിക്കറ്റിൽ പുതു ചരിത്രമാണ് രചിച്ചത്.
Adjust Story Font
16