മഴപ്പേടിയില്‍ പാകിസ്താന്‍, കളി ഉപേക്ഷിച്ചാലും ലങ്ക ഫൈനലില്‍!; ഏഷ്യാ കപ്പ് കലാശപ്പോരില്‍ ഇന്ത്യക്ക് എതിരാളികള്‍ ആര്?
ഇതുവരെ ഒരു 50 ഓവർ ഏഷ്യാകപ്പ് ടൂർണമെന്‍റില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല.
ശ്രീലങ്കയെ സൂപ്പര്‍ ഫോറില്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. മറുപുറത്ത് ഫൈനലില്‍ ആരാകും ഇന്ത്യയുടെ എതിരാളികള്‍ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബംഗ്ലാദേശ് സൂപ്പര്‍ ഫോറില്‍ നിന്ന് പുറത്തായതോടെ അവശേഷിക്കുന്നത് പാകിസ്താനും ശ്രീലങ്കയുമാണ്. ഇരു ടീമുകള്‍ക്കും രണ്ട് പോയിന്‍റ് വീതമാണുള്ളത്. അതുപോലെത്തന്നെ ഒരു മത്സരം ബാക്കിയുമുണ്ട്. ശേഷിക്കുന്ന ഒരേയൊരു സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ശ്രീലങ്കയും പാകിസ്താനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമാണ് മത്സരിക്കുന്നത്.
ഫൈനൽ ടിക്കറ്റിനായുള്ള ശ്രീലങ്കയും പാകിസ്താനും തമ്മിലുള്ള മത്സരം വ്യാഴാഴ്ച നടക്കും. ഈ കളിയില്‍ ജയിക്കുന്ന ടീം ഫൈനലില്‍ ഇന്ത്യയെ നേരിടും. ശ്രീലങ്കയെ സംബന്ധിച്ച് തങ്ങളുടെ നാട്ടിൽ നടക്കുന്ന മത്സരമായതിനാല്‍ അതിന്‍റെ മുൻതൂക്കമുണ്ട്. അതേസമയം സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇരു ടീമുകളും ഇന്ത്യയുടെ കൂടെ തോല്‍വി രുചിച്ചിരുന്നു.
നിലവിൽ പാകിസ്താനും ശ്രീലങ്കയ്ക്കും രണ്ട് പോയിന്‍റ് വീതമാണുള്ളത്. ജയിക്കുന്ന ടീം നാല് പോയിന്‍റോടെ ഫൈനലിലെത്തും. മഴ ഭീഷണിയുള്ള കാലാവസ്ഥ ആയതിനാല്‍ മത്സരം ഉപേക്ഷിക്കപ്പെടാനും സാധ്യതയുണ്ട്. നേരത്തെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് മത്സരം ഒരു ദിവസം മഴ കൊണ്ടുപോയതിനെത്തുടര്‍ന്ന് റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കിയത്. അതുകൊണ്ട് തന്നെ മഴമൂലം കളി ഉപേക്ഷിച്ചാല്‍ ആര് ഫൈനലിലെത്തും എന്നതാണ് നിലവിലെ ചര്‍ച്ച.
ഇപ്പോഴത്തെ പോയിന്‍റ് ടേബിളും സാഹചര്യവും വെച്ച് പരിശോധിക്കുമ്പോള്‍ മഴമൂലം കളി ഉപേക്ഷിച്ചാല്‍ പാകിസ്താനെ പിന്തള്ളി ശ്രീലങ്ക ഫൈനലില്‍ കടക്കും. നിലവിൽ പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ പോയിന്‍റാണ്. മഴമൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകൾക്കും മൂന്ന് പോയിന്‍റുകള്‍ വീതം ലഭിക്കും. ഈ സാഹചര്യത്തിൽ നെറ്റ് റൺറേറ്റാവും ഫൈനലിലെ ഇന്ത്യയുടെ എതിരാളികളെ തീരുമാനിക്കുന്നത്. നെറ്റ് റൺറേറ്റ് പരിശോധിച്ചാൽ ശ്രീലങ്കയ്ക്ക് തന്നെയാണ് വ്യക്തമായ മുൻതൂക്കം. ഇന്ത്യക്കെതിരായ മത്സരത്തിൽ 228 റൺസിന്‍റെ പടുകൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതാണ് പാകിസ്താന് റൺറേറ്റിൽ തിരിച്ചടി ആയത്.
മറുവശത്ത് ശ്രീലങ്കയും ഇന്ത്യയുമായി തോറ്റെങ്കിലും മാര്‍ജിന്‍ കുറവായതിനാല്‍ നെറ്റ് റൺറേറ്റിനെ അത് കാര്യമായി ബാധിച്ചിട്ടില്ല. ശ്രീലങ്കക്ക് -0.200ഉം പാകിസ്താന് -1.892ഉം ആണ് നിലവിലെ നെറ്റ് റണ്‍റേറ്റ്. അതായത് മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയാണെങ്കിൽ ശ്രീലങ്കയാകും ഇന്ത്യയുടെ ഫൈനലിലെ എതിരാളികൾ. അതേസമയം പാകിസ്താന് ഫൈനല്‍ കളിക്കണമെങ്കില്‍ കളി നടക്കുകയും ശ്രീലങ്കയെ പരാജയപ്പെടുത്തുകയും വേണം. അങ്ങനെ നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ പാകിസ്താന്‍ പരാജയപ്പെടുത്തുകയാണെങ്കിൽ ഒരു ക്ലാസിക് ഇന്ത്യ-പാകിസ്താന്‍ ഫൈനൽ കാണാൻ സാധിക്കും.
ഇതുവരെ ഒരു 50 ഓവർ ഏഷ്യാകപ്പ് ടൂർണമെന്‍റില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. എന്തുതന്നെ ആയാലും ഏഷ്യാ കപ്പില്‍ ഒരു ആവേശ ഫൈനൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Adjust Story Font
16