Quantcast

കോമൺവെൽത്ത് ഗെയിംസ്;പി.വി സിന്ധുവും ലക്ഷ്യ സെനും ഫൈനലിൽ

സെമിഫൈനൽ പോരാട്ടത്തിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജേസൻ തേഹിനെയും സിന്ധു സിംഗപ്പൂരിന്റെ തന്നെ യോ ജിയാ മിന്നിനെയുമാണ് തോൽപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    7 Aug 2022 11:48 AM GMT

കോമൺവെൽത്ത് ഗെയിംസ്;പി.വി സിന്ധുവും ലക്ഷ്യ സെനും ഫൈനലിൽ
X

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാന്റ്മിന്റൺ പുരുഷ-വനിത സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെനും പി.വി സിന്ധുവും ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജേസൻ തേഹിനെയും സിന്ധു സിംഗപ്പൂരിന്റെ തന്നെ യോ ജിയാ മിന്നിനെയുമാണ് തോൽപ്പിച്ചത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ലക്ഷ്യ സെൻ ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റ് ജേസൻ തിരിച്ചുപിടിച്ചു. എന്നാൽ മൂന്നാം സെറ്റ് ലക്ഷ്യ സെന്നിന്റെ മികച്ച മടങ്ങിവരവാണ് കണ്ടത്. സിംഗപ്പൂർ താരത്തിന് ഒരു അവസരവും നൽകാതെ ലക്ഷ്യ സെൻ സ്വന്തമാക്കി. സ്‌കോർ - 21-19,18-21,21-16.

എന്നാൽ, എതിരാളിക്ക് ഒരു അവസരവും നൽകാതെയാണ് പി.വി സിന്ധുവിന്റെ ജയം. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സിന്ധു അനായാസമായി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്‌കോർ- 21-19,21-17. ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയെയാണ് നേരിടുക.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ നേട്ടം തുടരുകയാണ്. ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോളിന് സ്വർണം. ഇതേ ഇനത്തിൽ അബ്ദുല്ല അബൂബക്കറിന് വെള്ളിയും ലഭിച്ചു. ഇതോടെ മെഡൽപട്ടികയിൽ ഇന്ത്യയുടെ സ്വർണം 16 ആയി. അപ്രതീക്ഷിതമായിരുന്നു എൽദോസ് പോളിന്റെ സുവർണനേട്ടം. ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. കോമൺവെൽത്ത് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോൾ. സ്വർണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കർ തൊട്ടുപിറകിൽ രാജ്യത്തിന് വെള്ളിയും സമ്മാനിച്ചു. 17.02 മീറ്റർ മീറ്റർ ദൂരമാണ് അബ്ദുല്ല ചാടിയത്.

നേരത്തെ ബോക്സിങ്ങിൽ അമിത് പങ്കലും നീതു ഗാംഘസും സ്വർണം സ്വന്തമാക്കിയിരുന്നു. വനിതാ വിഭാഗത്തിൽ നീതു ഗാംഘസ്, അമിത് പങ്കൽ എന്നിവരാണ് ഇന്ന് രാജ്യത്തിനായി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്നു സ്വർണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയിൽനിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വർണനേട്ടം 17 ആയി.

വനിതകളുടെ 45 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമീ ജെയ്ഡ് റെസ്റ്റനെ മലർത്തിയടിച്ചാണ് ഇന്നത്തെ ആദ്യസ്വർണം നീതു സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ പുരുഷന്മാരുടെ 51 കിലോ വിഭാഗത്തിൽ മറ്റൊരു ഇംഗ്ലീഷ് താരം കൈറൻ മക്ഡൊണാൾഡിനെ ഇടിച്ചിട്ട് അമിത് പങ്കലും സ്വർണം ചൂടി. നീതുവിന് സീനിയർ വിഭാഗത്തിൽ ഇത് ആദ്യത്തെ പ്രധാന മെഡൽനേട്ടമാണ്. ഇതിനുമുൻപ് രണ്ടു തവണ യൂത്ത് വേൾഡ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു നീതു. അമിത് പങ്കൽ ഇതിനുമുൻപ് ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവാണ്. ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.

മെഡൽ പട്ടികയിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 16 സ്വർണവും 11 വെള്ളിയും 16 വെങ്കലവും സഹിതം 44 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 59 സ്വർണമടക്കം 155 മെഡലുകളുമായി ആസ്ട്രേലിയ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. തൊട്ടുപിന്നിൽ 50 സ്വർണമടക്കം 153 മെഡലുമായി ഇംഗ്ലണ്ടും ഇഞ്ചോടിഞ്ച് പോരാടുന്നുണ്ട്. 22 സ്വർണമടക്കം 84 മെഡലുള്ള കാനഡയും 17 സ്വർണമടക്കം 44 മെഡലുള്ള ന്യൂസിലൻഡും ആണ് ഇന്ത്യയ്ക്കു മുന്നിലുള്ള മറ്റു രാജ്യങ്ങൾ.

TAGS :

Next Story