പെര്‍ത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; 150ന് ഓള്‍ഔട്ട്
ജോഷ് ഹേസല്‍വുഡിന് നാല് വിക്കറ്റ്
പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് നിരാശത്തുടക്കം. പെര്‍ത്തില്‍ 150 റണ്‍സിന് മുഴുവന്‍ ബാറ്റര്‍മാരും കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതി നോക്കിയത്.
കളിയിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ കൂടാരം കയറ്റി മിച്ചൽ സ്റ്റാർക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എട്ട് പന്തുകൾ നേരിട്ട ജയ്‌സ്വാൾ സംപൂജ്യനായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കൽ ഏറെ സൂക്ഷ്മതയോടെയാണ് ബാറ്റ് വീശിയത്. 23 പന്തുകൾ പ്രതിരോധിച്ച പടിക്കലിനെ 11ാം ഓവറിൽ ഹേസൽവുഡ് അലക്‌സ് കാരിയുടെ കയ്യിലെത്തിച്ചു. സംപൂജ്യനായായിരുന്നു പടിക്കലിന്റേയും മടക്കം.
നാലാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലിക്ക് മൈതാനത്ത് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. 12 പന്ത് നേരിട്ട കോഹ്ലി അഞ്ച് റൺസുമായി ഹേസൽവുഡിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. അൽപമെങ്കിലും പിടിച്ചു നിന്ന കെ.എൽ രാഹുലിനെ 23ാം ഓവറിൽ സ്റ്റാർക്ക് അലക്‌സ് കാരിയുടെ കയ്യിൽ തന്നെ എത്തിച്ചു. 74 പന്ത് നേരിട്ട രാഹുല്‍ 26 റണ്‍സെടുത്താണ് മടങ്ങിയത്. 11 റണ്‍സെടുത്ത ധ്രുവ് ജുറേലിനേയും നാല് റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനേയും മിച്ചല്‍ മാര്‍ഷ് കൂടാരം കയറ്റി.
പിന്നീടാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച പന്ത് - നിതീഷ് റെഡ്ഡി കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. പന്തിനെയും റെഡ്ഡിയേയും പുറത്താക്കി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍സ് ഇന്നിങ്സിലെ ഏക ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചു. ഇന്ത്യന്‍ നിരയില്‍ ആറ് ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.
Adjust Story Font
16