Quantcast

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചോദിക്കുന്നു; ആ വിദേശ സ്ട്രൈക്കര്‍ എപ്പോഴെത്തും?

ഒരു ക്ലിനിക്കൽ സ്ട്രൈക്കർക്കായി ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്‌കിൻകിസ് പലവഴിക്ക് താരങ്ങളെ തേടിയിറങ്ങിയെങ്കിലും പോസിറ്റീവ് വാർത്തകളൊന്നുമില്ല

MediaOne Logo

Web Desk

  • Published:

    27 Aug 2024 10:43 AM GMT

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചോദിക്കുന്നു; ആ വിദേശ സ്ട്രൈക്കര്‍ എപ്പോഴെത്തും?
X

ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന് അരങ്ങുണരാൻ ഇനി ദിവസങ്ങൾ മാത്രം. 2024-25 സീസണിന് സെപ്തംബർ 13ന് സ്റ്റാർട്ടിങ് വിസിൽ മുഴങ്ങും. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും തമ്മിലാണ് ആദ്യ പോര്. . സെപ്തംബർ 15നാണ് കേരളത്തിൻറെ സ്വന്തം മഞ്ഞപ്പടയുടെ ആദ്യ മത്സരം. കൊച്ചി ജവഹൽലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിൻറെ എതിരാളികൾ. ഐ ലീഗിൽ നിന്നും പ്രൊമോഷൻ നേടിയെടുത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് ഉൾപ്പെടെ ഈ സീസണിൽ 13 ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.

പതിനൊന്നാം എഡിഷന്റെ കൗണ്ട്ഡൗൺ മുഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇനിയുള്ളത് നിർണായക ദിനങ്ങളാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മികച്ചൊരു ടീമിനെ അണിനിരത്താൻ ഈ സമയം മതിയോ? ആരാധകരുടെ ചോദ്യം ഇതാണ്. ട്രാൻസ്ഫർ മാർക്കറ്റിൽ നിന്ന് മികച്ചൊരു വിദേശ സ്ട്രൈക്കറെയെത്തിക്കാനുള്ള പദ്ധതി ഇനിയും പൂർത്തിയാക്കാനായിട്ടില്ല. പുതിയ സീസണ് മുൻപായെങ്കിലും അത് യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മധ്യനിരയിലും കാര്യമായ അഴിച്ചുപണി വേണ്ടിവരും. ഡ്യൂറന്റ് കപ്പിൽ ബെംഗളൂരു എഫ്.സിക്കെതിരായ ക്വാർട്ടർ പോരാട്ടം ടീമിലെ പ്രശ്നങ്ങൾ തുറന്നുകാട്ടിയ ടെസ്റ്റ്ഡോസായിരുന്നു. സൗത്ത് ഇന്ത്യൻ ഡർബിയിൽ കൊമ്പൻമാർ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാകുന്ന കാഴ്ചക്കാണ് സാൾട്ട്ലേക്ക് സ്റ്റേഡിം സാക്ഷ്യം വഹിച്ചത്. മിഡ്ഫീൽഡിൽ ഭാവനാസമ്പന്നമായ നീക്കങ്ങളില്ല, മധ്യനിരയും മുന്നേറ്റവും തമ്മിലുള്ള കോർഡിനേഷൻ നഷ്ടമായി, നിരന്തരം അലട്ടികൊണ്ടിരിക്കുന്ന ഫിനിഷിങിലെ പോരായ്മകൾ.

പ്രത്യക്ഷത്തിൽ കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്ത് നിന്ന് ഒരടി പോലും മുന്നോട്ട് പോകാൻ മഞ്ഞപ്പടക്കായിട്ടില്ല. പുതിയ സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാറേക്ക് മുന്നിൽ കുരുക്കഴിക്കാൻ നിരവധി കാര്യങ്ങളാണുള്ളതെന്ന് വ്യക്തം. എന്നാൽ അതിനൊക്കെയുള്ള സമയമോ പരിമതിവും.

ഒരു ക്ലിനിക്കൽ സ്ട്രൈക്കർക്കായി ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്‌കിൻകിസ് പലവഴിക്ക് താരങ്ങളെ തേടിയിറങ്ങിയെങ്കിലും പോസിറ്റീവ് വാർത്തകളൊന്നുമില്ല. ഏറ്റവുമൊടുവിൽ അർജൻറൈൻ സ്ട്രൈക്കർ ലൂസിയാനോ വിറ്റോയെ എത്തിക്കാനുള്ള ശ്രമമാണ് അണിയറയിൽ പുരോഗമിക്കുന്നത്. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡിലും വില്ലാറയലിനുമെല്ലാമായി കളിച്ച 30 കാരനായി വൻ തുക മുടക്കാൻ ക്ലബ് തയാറാകുമോയെന്നത് കണ്ടറിയണം. കൊളംബിയൻ ഫോർവേഡ് ജുവാൻ ജോ നർവസിനായുള്ള ശ്രമവും നടത്തിവരുന്നു. യൂറോപ്പിലെ വിവിധ ക്ലബുകളിൽ കളിച്ച് പരിചയമുള്ള 29 കാരന്റെ ഡീലും മഞ്ഞപ്പടക്ക് പ്രതീക്ഷ നൽകുന്നതാണ്.

പ്രധാന എതിരാളികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, ഈസ്റ്റ് ബംഗാൾ, എഫ്.സി ഗോവ, മുംബൈ സിറ്റി എഫ്.സി, ബെംഗളൂരു എഫ്.സി ടീമുകളെല്ലാം മികച്ച സൈനിങ്ങുകൾ നടത്തി പുതിയ സീസണിനായി നേരത്തെ തന്നെ സജജമായി. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ ഇത്തവണ അടിമുടി മാറ്റമാണ്. കഴിഞ്ഞ വർഷത്തെ പല പ്രധാന മുഖങ്ങളും പുതിയ സീസണിൽ മഞ്ഞ ജഴ്‌സിയിലില്ല. 2023-24 എഡിഷനിൽ ഐ.എസ്.എൽ ടോപ് ഗോൾ സ്‌കോററും മഞ്ഞപ്പടയുടെ ഗോളടിമെഷീനുമായിരുന്ന ദിമിത്രിയോസ് ഡയമന്റകോസിന്റെ കൂടുമാറ്റമാണ് ഏറെ വൈകാരികമായത്. ഫ്രീ ട്രാൻസ്ഫറിൽ കൊൽക്കത്തൻ ക്ലബ് ഈസ്റ്റ് ബംഗാളിലേക്കാണ് ഗ്രീക്ക് താരം പോയത്. ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൻ സിങിന്റെ പടിയിറക്കം ഡ്യൂറന്റ് കപ്പിലടക്കം മഞ്ഞപ്പടയുടെ പ്രകടനത്തിൽ നിഴലിച്ചു. പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്, മധ്യനിരയിലെ കരുത്തായിരുന്ന ഡെയ്‌സുകി സകായ്, മുന്നേറ്റതാരം ഫെഡോർ സെർണിച്, ഗോൾകീപ്പർ കരൻജിത്ത് സിങ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കളംമാറിയ താരങ്ങൾ നിരവധി.

എന്താണ് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ പോളിസി. പുതിയ സീസണിന് മുൻപായി ടീം പൊളിച്ചെഴുത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ആരാധകർ ഉന്നയിച്ച പ്രധാന ചോദ്യമാണിത്. മികച്ച വിദേശ,ആഭ്യന്തര താരങ്ങളെ വിറ്റഴിക്കുമ്പോൾ അതിന് സമാനമായ പെർഫെക്ട് റീപ്ലെയ്സുകൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന വിമർശനം. ഫോമിലുള്ള താരങ്ങളെ ടീമിൽ പിടിച്ചു നിർത്താനുള്ള മെക്കാനിസവും മാനേജ്‌മെന്റിന്റെ കൈവശമില്ല. ഫലമോ ടീം ഫോർമേഷനിലടക്കം ഉരുണ്ട് കൂടുന്നത് വലിയ പ്രശ്‌നങ്ങൾ.

ലാഭം മാത്രം മുന്നിൽകണ്ട് പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനത്തിലേതിന് സമാനമായാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ട്രാൻസ്ഫർ വിപണിയിൽ ഇടപെടുന്നത്. പുതിയ എഡിഷന് പന്തുരുളും മുൻപ് വിമർശന ശരങ്ങൾ ഒന്നൊന്നായി ഉയരുകയാണ്. അതേസമയം, കരുത്തും നിഴലുമായ താരങ്ങൾ പോയ് മറയുമ്പോഴും പുതിയ ഏതാനും സൈനിങുകളിലൂടെ ഒരുപരിധിവരെ മുഖംരക്ഷിക്കാൻ മാനേജ്മെന്റിനായി എന്ന് പറയേണ്ടി വരും. മൊറോക്കോ താരം നോവ സദൗയിയെ എഫ്.സി ഗോവയിൽ നിന്ന് എത്തിച്ചതാണ് പ്രധാന നീക്കമായി വിലയിരുത്തുന്നത്. ഡ്യൂറന്റ് കപ്പിൽ ഇരട്ട ഹാട്രിക് പ്രകടനവുമായി താരം പ്രതീക്ഷ കാക്കുകയും ചെയ്തു. ഫ്രഞ്ച് പ്രതിരോധ താരം അല്ക്‌സാന്ദ്രെ കോയെഫാണ് താരകമ്പോളത്തിൽ നിന്ന് റാഞ്ചിയ മറ്റൊരു പ്ലെയർ. ഫ്രഞ്ച് ലീഗ് വണ്ണിലും ലാലീഗയിലുമായി മുന്നൂറിലേറെ മത്സരങ്ങൾ കളിച്ചു പരിചയമുള്ള താരം. ഫ്രാൻസ് രണ്ടാം ഡിവിഷൻ ക്ലബായ കായെനിൽ നിന്നാണ് അൽജീരിയൻ വംശജനായ 32 കാരന്റെ വരവ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങാൻ പറ്റുന്ന മികച്ചൊരു ഡിഫൻസീവ് മിഡ് ഫീൽഡർ, ഗോളടിക്കാനൊരു വിദേശ സ്ട്രൈക്കർ - ഈ രണ്ട് പൊസിഷനിലേക്ക് മികച്ച താരങ്ങളെ ഈ ട്രാൻസ്ഫറില്‍ കൂടാരത്തിലെത്തിക്കാനായാൽ ടീം നേരിടുന്ന പ്രതിസന്ധിക്ക് താൽകാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

മൈതാനത്തിന് പുറത്തെ കളിയൊന്നും ആരാധകർക്കറിയേണ്ട കാര്യമില്ല... മഞ്ഞ ജഴ്സിയണിഞ്ഞ് തിരുവോണ ദിനത്തിൽ കൊമ്പൻമാർ സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ വിജയത്തിനായി അവർ ആരവങ്ങൾ മുഴക്കും. പുതിയ സീസണിലെ ആദ്യ അങ്കത്തിൽ സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് ജയത്തോടെ തുടങ്ങാനായാൽ പരാതികളും ചോദ്യശരങ്ങളുമെല്ലാം പ്രതീക്ഷയുടെ പുതുനാമ്പുകളായി പരിണമിക്കും. സ്വപ്ന വിജയത്തിലേക്ക് പന്തുതട്ടാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ സ്വന്തം ബ്ലാസ്റ്റേഴ്സ്.

TAGS :

Next Story