'ജയ്‌സ്വാളിന് പന്തെറിഞ്ഞ് ആശുപത്രിയിലായവർ വരെയുണ്ട്'; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ
'ജയ്‌സ്വാൾ കാരണം ടീം സ്റ്റാഫുകൾക്ക് വരെ പരിക്കേറ്റിട്ടുണ്ട്'
ഇന്ത്യൻ ക്രിക്കറ്റിലെ യങ് സെൻസേഷൻ എന്നാണ് യശസ്വി ജയ്‌സ്വാൾ അറിയപ്പെടുന്നത്. കഴിഞ്ഞ ഐ.പി.എല്ലിലും പിന്നീട് ഇന്ത്യൻ ജഴ്‌സിയിലും ഇതിനോടകം നിരവധി മിന്നും പ്രകടനങ്ങൾ ജയ്‌സ്വാളിന്റെ ബാറ്റിൽ നിന്ന് ആരാധകർ കണ്ടു കഴിഞ്ഞു.
നെറ്റ്‌സിൽ ഏറെ നേരം കഠിനാധ്വാനം ചെയ്യാറുള്ള ജയ്‌സ്വാളിനെ കുറിച്ച് മുമ്പ് ചില സഹതാരങ്ങൾ മനസ്സ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണും ജയ്‌സ്വാളിന്റെ കഠിനാധ്വാനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. നെറ്റ്‌സിൽ ഏറെ നേരം ജയ്‌സ്വാളിന് പന്തെറിഞ്ഞ് കൊടുത്ത് ചില ബോളർമാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സഞ്ജുവിന്റെ വെളിപ്പെടുത്തൽ.
''കഴിഞ്ഞ മൂന്നോ നാലോ വർഷമായി ജയ്‌സ്വാൾ നെറ്റ്‌സിൽ തന്നെയാണെന്ന് പറയേണ്ടി വരും. ജയ്‌സ്വാളിന് ഏറെ നേരം പന്തെറിഞ്ഞ് ഷോൾഡറിന് പരിക്ക് പറ്റിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളർമാർ വരെയുണ്ട്. കളിക്കാരെ വിടൂ.. ജയ്‌സ്വാൾ കാരണം ടീം സ്റ്റാഫുകൾക്ക് വരെ പരിക്കേറ്റിട്ടുണ്ട്.''- സഞ്ജു പറഞ്ഞു.
ഫെബ്രുവരിയിൽ ഐ.സി.സി യുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം ജയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ റൺവേട്ടക്കാരിൽ ഒന്നാമന്‍ ജയ്‌സ്വാളാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടരെ രണ്ട് അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ജയ്സ്വാള് നിരവധി റെക്കോര്‍ഡുകള് തന്‍റെ പേരില്‍ കുറിച്ചിരുന്നു.
Adjust Story Font
16