ഔട്ടായതിൽ രോഷം; ഹെൽമെറ്റിനെ 'സിക്‌സർ പറത്തി' ബ്രാത്‍വെയിറ്റ്, വീഡിയോ
വിന്‍ഡീസ് താരം ഹെല്‍മെറ്റ് അടിച്ചുയര്‍ത്തുമ്പോള്‍ സഹതാരങ്ങളില്‍ ഒരാള്‍ ഭയന്ന് ബൗണ്ടറി ലൈനരികില്‍ നിന്ന് ഓടി മാറുന്നത് വീഡിയോയില്‍ കാണാം
Carlos Brathwaite
പന്ത് അടിച്ച് ബൗണ്ടറി കടത്തുക എന്ന് കേട്ടിട്ടില്ലേ. എന്നാൽ ഹെൽമറ്റ് അടിച്ച് ബൗണ്ടറി കടത്തിയാൽ എങ്ങനെയുണ്ടാവും? വിൻഡീസിലെ മാക്‌സ് 60 ടി10 ക്രിക്കറ്റ് ലീഗിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ന്യൂയോർക്ക് സ്‌ട്രേക്കേഴ്‌സും ഗ്രാന്റ് കെയ്മൻ ജാഗ്വേഴ്‌സും തമ്മിൽ അരങ്ങേറിയ മത്സരത്തിനിടെ വിൻഡിസ് താരം കാർലോസ് ബ്രാത് വെയിറ്റ് പുറത്തായി. ഐറിഷ് താരം ജോഷ് ലിറ്റിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് ന്യൂയോർക്ക് സ്‌ട്രൈക്കഴ്‌സ് താരം പുറത്തായത്. എന്നാല്‍ പന്ത് താരത്തിന്‍റെ തോളിലാണ് തട്ടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്തതും അമ്പയര്‍ ഔട്ട് വിധിച്ചു.
അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ ഒരൽപനേരം അവിശ്വസനീയ ഭാവത്തിൽ ഗ്രൗണ്ടിൽ തുടർന്ന ബ്രാത് വെയിറ്റ് പിന്നെ ഗ്രൗണ്ട് വിട്ടു. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെയായിരുന്നു താരത്തിന്‍റെ രോഷപ്രകടനം . ബൗണ്ടറി ലൈനരികിൽ വച്ച് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ബാറ്റ് കൊണ്ട് ശക്തിയായി അടിച്ചു പറത്തിയ ബ്രാത് വെയിറ്റ് അരിശം തീരാതെ ബാറ്റും വലിച്ചെറിഞ്ഞു. വിന്‍ഡീസ് താരം ഹെല്‍മെറ്റ് അടിച്ചുയര്‍ത്തുമ്പോള്‍ സഹതാരങ്ങളില്‍ ഒരാള്‍ ഭയന്ന് ബൗണ്ടറി ലൈനരികില്‍ നിന്ന് ഓടി മാറുന്നത് വീഡിയോയില്‍ കാണാം.
കളിയിൽ ആകെ ഏഴ് റൺസായിരുന്നു വിൻഡീസ് താരത്തിന്റെ സമ്പാദ്യം. ബ്രാത്ത് വെയിറ്റിന് തിളങ്ങാനായില്ലെങ്കിലും കളിയിൽ ജയം ന്യൂയോർക്ക് സ്‌ട്രൈക്കേഴ്‌സിനായിരുന്നു. എട്ട് റൺസിനാണ് ടീം ജാഗ്വേഴ്‌സിനെ പരാജയപ്പെടുത്തിയത്.
Adjust Story Font
16