Quantcast

മാക്‌സ് വെൽ ഡുപ്ലെസിസ് വെടിക്കെട്ട് പാഴായി; പടിക്കൽ കലമുടച്ച് ബാംഗ്ലൂർ

ചെന്നൈയുടെ വിജയം എട്ട് റണ്‍സിന്

MediaOne Logo

Web Desk

  • Updated:

    2023-04-17 18:02:50.0

Published:

17 April 2023 3:55 PM GMT

മാക്‌സ് വെൽ ഡുപ്ലെസിസ് വെടിക്കെട്ട് പാഴായി; പടിക്കൽ കലമുടച്ച് ബാംഗ്ലൂർ
X

ബംഗളൂരു: അവസാന പന്ത് വരെ ആവേശം അലയടിച്ച മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് മിന്നും ജയം. എട്ട് റണ്‍സിനാണ് ബാംഗ്ലൂരിനെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 227 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാഗ്ലൂര്‍ അവസാനം വരെ പൊരുതിയെങ്കിലും 218 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങില്‍ ആദ്യ രണ്ടോവറില്‍ വിരാട് കോഹ്‍ലിയേയും ലോംറോറിനേയും നഷ്ടമായ ബാംഗ്ലൂരിനായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്സ്‍വെല്ലും നടത്തിയ വെടിക്കെട്ട് പ്രകടനം വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാനമിറങ്ങിയ ബാറ്റര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായതോടെ ചെന്നൈ വിജയം തട്ടിയെടുക്കുകയായിരുന്നു. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പതിരാന രണ്ട് വിക്കറ്റ് വീഴ്ത്തി.

മാക്സ്‍വെല്‍ 36 പന്തില്‍ 76 റണ്‍സെടുത്തപ്പോള്‍ ഡുപ്ലെസിസ് 33 പന്തില്‍ 62 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 124 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് പൊരുതി നോക്കിയെങ്കിലും ബാംഗ്ലൂരിനെ വിജയതീരമണക്കാനായില്ല.

നേരത്തേ തകർപ്പൻ അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ഡെവോൺ കോൺവേയുടേയും ശിവം ദുബേയുടേയും മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോർ പടുത്തുയര്‍ത്തിയത് . നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 226 റൺസെടുത്തു. കോൺവേ 45 പന്തിൽ 83 റണ്‍സെടുത്തപ്പോൾ ദുബേ 27 പന്തിൽ 52 റൺസെടുത്തു.

ടോസ് നേടിയ ബാംഗ്ലൂർ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരം ആരംഭിച്ച് മൂന്നാം ഓവറില്‍ തന്നെ ഋതുരാജ് ഗെയ്ക് വാദിനെ ചെന്നൈക്ക് നഷ്ടമായി. സിറാജിന്റെ പന്തിൽ പാർനലിന് ക്യാച്ച് നൽകിയായിരുന്നു ഗെയ്ക്വാദിന്റെ മടക്കം. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന കോൺവേയും രഹാനേയും ചേർന്ന് ടീം സ്‌കോർ വേഗത്തിൽ ചലിപ്പിച്ചു. 37 റൺസെടുത്ത രഹാനെയെ പത്താം ഓവറിൽ ഹസരംഹ ബൗൾഡാക്കി. പിന്നീട് ക്രീസിലെത്തിയ ശിവം ദുബേ ടോപ് ഗിയറിലായിരുന്നു. മൂന്നാം വിക്കറ്റിൽ കോൺവേയും ദുബേയും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 15ാം ഓവറിൽ കോൺവേയെ ഹർഷൽ പട്ടേൽ ക്ലീൻ ബൗൾഡാക്കി. 45 പന്തിൽ ആറ് സിക്‌സിന്റേയും ആറ് ഫോറുകളുടേയും അകമ്പടിയിലാണ് കോൺവേ 83 റൺസെടുത്തത്.

പതിനാറാം ഓവറിൽ ദുബെയെ പാർനൽ സിറാജിന്റെ കയ്യിലെത്തിച്ചു. അഞ്ച് സിക്‌സുകളും രണ്ട് ഫോറും ദുബേയുടെ ഇന്നിങ്സിന് ചന്തം ചാര്‍ത്തി. പിന്നീട് വന്ന അംബാട്ടി റായിഡുവിന് വലിയ സംഭാവനകൾ നൽകാനായില്ല. ജഡേജ 10 റൺസെടുത്ത് പുറത്തായപ്പോൾ മൊയീൻ അലിയും നായകൻ ധോണിയും പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

TAGS :

Next Story