Quantcast

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക്; ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പം

MediaOne Logo

Sports Desk

  • Published:

    10 Dec 2024 12:49 PM GMT

indian cricket
X

പോയ ഏതാനും വർഷങ്ങളിലെ പ്രകടനം നോക്കിയാൽ ഇന്ത്യയോളം ടെസ്റ്റ് ചാമ്പ്യൻഷിപ്പ്. കിരീടം അർഹിച്ച മറ്റൊരു ടീമുമില്ല. സ്വന്തം നാട്ടിലെ സമഗ്രാധിപത്യത്തിനൊപ്പം വിദേശ മണ്ണുകളിലും ഇന്ത്യൻ പതാക പാറിയ കാലമായിരുന്നു ഇത്.രണ്ടുത​വണ അനായാസമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുമെത്തി. പക്ഷേ ​ഫൈനലിൽ കരയാൻ തന്നെയായിരുന്നു ഇന്ത്യയുടെ നിയോഗം. 2021ലെ ഫൈനലിൽ ന്യൂസിലാൻഡിനോട് തൊറ്റെങ്കിലും തങ്ങൾ തന്നെയാണ് മികച്ച ടീമെന്ന സന്ദേശം അന്ന് കോലി നൽകിയിരുന്നു. ഒരു മത്സരം കൊണ്ട് മികച്ച ടീമിനെ നിർണയിക്കാനാകില്ലെന്നും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഒരു പരമ്പര പോലെ നടത്തണമെന്നുമായിരുന്നു കോലി പ്രതികരിച്ചത്.

പോയ പതിറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിനെ അടക്കിഭരിച്ച കോലിയും അശ്വിനും ബുംറയും അടക്കമുള്ള ​സൂപ്പർ സ്റ്റാറുകൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇക്കുറി ഫൈനൽ സാധ്യതകൾ പോലും തുലാസിലാണ് എന്നതാണ് സത്യം. ലങ്കക്ക് മേൽ ദക്ഷിണാഫ്രിക്ക നേടിയ ജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടിക വീണ്ടും മാറിയിരിക്കുന്നു. ഇനി എങ്ങനെയാണ് സാധ്യതകൾ? ഇന്ത്യ ഇനിയും പ്രതീക്ഷ വെക്കണോ? പരിശോധിക്കാം. ഒരു ടെസ്റ്റ് മത്സരം വിജയിച്ചാൽ ഒരു ടീമിന് ലഭിക്കുക 12 പോയന്റാണ്. മത്സരം സമനിലയിലായാൽ നാല് പോയന്റ് വീതം ലഭിക്കും. മത്സരം ടൈ ആകുകയാണെങ്കിൽ ഇരുടീമുകൾക്കും 6 പോയന്റ് വീതം കൊടുക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലയളവിൽ ഒരു ടീം നേടിയ ആകെ പോയന്റിനെയും അവർക്ക് പരമാവധി നേടാനാകുമായിരുന്നു പോയന്റിനെയും ഹരിച്ചുകൊണ്ടുള്ള ശതമാനം കണക്കാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.


ദക്ഷിണാഫ്രിക്കക്ക് എളുപ്പം

സ്വന്തം നാട്ടിലേക്ക് വന്ന ലങ്കയെ രണ്ടു ടെസ്റ്റുകളിലും തകർത്തതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറിയതാണ് പോയന്റ് പട്ടികയിലെ പ്രധാനമാറ്റം. 63 ശതമാനം പോയന്റ് അവർക്കുണ്ട്. നിലവിൽ ഫൈനലിലെത്താൻ ഏറ്റവും സാധ്യത പ്രോട്ടിയാസിനാണ്. ഈ മാസം അവസാനം തുടങ്ങുന്ന പാകിസ്താനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരം മാത്രം വിജയിച്ചാൽ അവർക്ക് ഫൈനൽ ഉറപ്പിക്കാം. പാകിസ്താനെതിരായ രണ്ടുമത്സര ടെസ്റ്റ് പരമ്പര നടക്കുന്നത് സ്വന്തം മണ്ണിലാണെന്നതും അവരുടെ സാധ്യത വർധിപ്പിക്കുന്നു. പാകിസ്താനെതിരായ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞാലും അവർക്ക് പ്രശ്നമില്ല. അങ്ങനെ വന്നാൽ അവരുടെ വിജയ ശതമാനം 61 ആകും. പക്ഷേ ഇന്ത്യ, ആസ്ട്രേലിയ എന്നീ ടീമുകളിൽ ഒരാൾക്ക് മാത്രമേ ആ പോയന്റ് മറികടക്കാൻ സാധിക്കൂ. ഇനി രണ്ട് ടെസ്റ്റും സമനിലയിൽ ആ​യാലോ രണ്ട് ടെസ്റ്റും അവർ തോൽക്കുകയോ ചെയ്താൽ മാത്രമേ അവരുടെ പ്രതീക്ഷകൾ അസ്തമിക്കൂ.


ഇന്ത്യക്ക് കടുപ്പം

അപ്പോൾ ഇന്ത്യയുടെ സാധ്യതകൾ ഇനി എന്താണ്? പരിശോധിക്കാം. ഇന്ത്യക്ക് ഇനി ബാക്കിയുള്ളത് ഓസീസിനെതിരായ മൂന്ന് ടെസ്റ്റുകൾ മാത്രമാണ്. ഇതിൽ രണ്ടെണ്ണം വിജയിക്കുകയും ഒന്ന് സമനിലയിൽ ആകുകയും ചെയ്താൽ ഇന്ത്യക്ക് 60 ശതമാനമാകും. അങ്ങനെ വന്നാൽ ഇന്ത്യക്ക് സാധ്യതയുണ്ട്. കാരണം പിന്നീട് ഓസീസ് ശ്രീലങ്ക​ക്കെതിരായ പരമ്പര 2-0ത്തിന് വിജയിച്ചാൽ പോലും അവർക്ക് 57 ശതമാനം മാത്രമേ ലഭിക്കൂ. ഇനി ഇന്ത്യ പരമ്പര 3-2ന് വിജയിച്ചാലോ?. അങ്ങനെയെങ്കിൽ ഇന്ത്യക്ക് ലഭിക്കുന്നത് 58 ശതമാനമാകും. എന്നാലും ഇന്ത്യക്ക് നേർത്ത പ്രതീക്ഷകൾ വെക്കാം. കണക്കിലെ കളികളും മറ്റുടീമുകളുടെ പ്രകടനവും നിർണായകമാകും. എന്നാൽ പരമ്പര 3-2ന് തോറ്റാൽ പ്രതീക്ഷകളെല്ലാം ഏതാണ്ട് അവസാനിക്കും. അങ്ങനെ വന്നാൽ ഇന്ത്യക്ക് ലഭിക്കുക 53 ശതമാനം മാത്രമാകും. ഓസീസിനും ശ്രീലങ്കക്കും ദക്ഷിണാഫ്രിക്കക്കുമെല്ലാം ഇന്ത്യയെ അനായാസം മറികടക്കാനാകും. ഇനി ദക്ഷിണാഫ്രിക്ക പാകിസ്താനോട് രണ്ട് ടെസ്റ്റുകളും തോൽക്കുകയും ലങ്ക -ഓസീസ് പരമ്പര സമനിലയാകുകയും ചെയ്താൽ മാ​ത്രമേ ആ പോയന്റ് കൊണ്ട് ഇന്ത്യക്ക് പ്രതീക്ഷയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഈ സാധ്യത വിദൂരമാണ്.

ഓസീസിന് പ്രതീക്ഷ

ഫൈനൽ പ്രതീക്ഷകളിൽ സജീവമായുള്ള മറ്റൊരു ടീം ഓസീസാണ്. ഇന്ത്യക്കെതിരായ 3 മത്സരങ്ങളിൽ രണ്ടെണ്ണമെങ്കിലും വിജയിച്ചാൽ തന്നെ അവർക്ക് ഫൈനൽ ഉറപ്പിക്കാം. പിന്നീട് ശ്രീലങ്കയോട് രണ്ട് ടെസ്റ്റുകളിലും തോറ്റാൽ പോലും അവർക്ക് 55 ശതമാനം വിജയമുണ്ടാകും. ഫൈനലിൽ കടക്കാൻ അത് മതിയാകും. അതേ സമയം ഇന്ത്യയോട് പരമ്പര തോറ്റാൽ പിന്നീട് ലങ്കക്കെതിരെയുള്ള രണ്ട് മത്സരങ്ങളും വിജയിക്കേണ്ടിവരും. ശേഷിക്കുന്ന മത്സരങ്ങളെല്ലാം നടക്കുന്നത് സ്വന്തം മണ്ണിലായതിന്റെ ആനുകൂല്യവും ഓസീസിനുണ്ട്.


ഇന്ത്യക്ക് വിനയായതെന്ത്​​​​?

​ലളിതമായി പറഞ്ഞാൽ ദക്ഷിണാഫ്രിക്ക സാധ്യതകളിൽ ഒരുപടി മുന്നിലാണ്. ഹോം അഡ്വാന്റേജുള്ളതിനാൽ ഓസീസിനും എഡ്ജുണ്ട്. ഇന്ത്യക്കും സാധ്യതകളുണ്ടെങ്കിലും കുറച്ച് കടുപ്പമാണ്. എന്നാൽ അസാധ്യമാണെന്ന് പറയാനും വയ്യ. ഓസീസിനെതിരെ ഇനി ശേഷിക്കുന്ന മത്സരങ്ങളിൽ അവരെ തകർക്കുക എന്ന വലിയ ജോലിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിക്കാൻ തന്നെയാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ന്യൂസിലാൻഡിനോട് സ്വന്തം മണ്ണിലേറ്റ 3-0ത്തിന്റെ നാണക്കേടാണ് കാര്യങ്ങളെല്ലാം തകിടം മറിച്ചത്. ആ പരമ്പരയിൽ ഒരു ടെസ്റ്റെങ്കിലും വിജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായേനെ.

ശ്രീലങ്കക്കും പാകിസ്താനും വിദൂരമായ സാധ്യതകൾ ബാക്കിയുണ്ട്. കണക്കിലെ കളികളും മറ്റുടീമുകളുടെ പ്രകടനവുമൊക്കെ അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് നിർണായകമാകും. ശ്രീലങ്കക്ക് ഓസീസുമായുള്ള എവേ പരമ്പരയും പാകിസ്താന് ദക്ഷിണാഫ്രിക്കയും വിൻഡീസുമായുള്ള പരമ്പരയുമാണ് ശേഷിക്കുന്നത്. ഇതിൽ വിൻഡീസുമായുള്ള പരമ്പര സ്വന്തം നാട്ടിലാണ്. ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ബംഗ്ലദേശ്, വെസ്റ്റിൻഡീസ് തുടങ്ങിയവർക്ക് ഇനി സാധ്യതകൾ ഒന്നും ബാക്കിയില്ല.

പോയന്റിലെ അശാസ്ത്രീയത

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടിക പരി​ശോധിച്ചാൽ അശാസ്ത്രീതയുണ്ടെന്ന് കാണാം. എല്ലാ ടീമുകളും ആറ് ടെസ്റ്റ് സീരീസുകൾ കളിക്കണമെന്നാണ് നിയമം. ഇതിൽ മൂന്നെണ്ണം എവേയും മൂന്നെണ്ണം ഹോമുമായിരിക്കും. എന്നാൽ എല്ലാ ടീമുകളും കളിക്കുന്നത് ഒരേ അളവിലുള്ള മത്സരങ്ങളല്ല. ഓരോ രാജ്യത്തിന്റെയും താൽപര്യം അനുസരിച്ച് കളിച്ച ടെസ്റ്റ് മത്സരങ്ങളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്. ഉദാഹരണമായി പറഞ്ഞാൽ ഇംഗ്ലണ്ടിന് ടെസ്റ്റ് ക്രിക്കറ്റിനോടാണ് പ്രിയം. അവർ 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 11 എണ്ണമാണ് വിജയിച്ചത്. ഒൻപതെണ്ണം തോറ്റു. പക്ഷേ അവർക്ക് പിഴയിലൂടെ 22 പോയന്റ് നഷ്ടമായിട്ടുണ്ട്. ഓവർനിരക്ക് അടക്കമുള്ളവ നോക്കിയാണ് പിഴ വിധിക്കുന്നത്. പോയന്റ് നോക്കിയാൽ അവർ ഒന്നാമതാണെങ്കിലും ആകെ അവർക്കുള്ളത് 45 ശതമാനമാണ്. അങ്ങനെ അവർ അഞ്ചാമത് നിൽക്കുന്നു. സാമ്പത്തിക പരാധീനതകളുള്ള ദക്ഷിണാഫ്രിക്ക ആകെ കളിച്ചത് 10 ടെസ്റ്റ് മത്സരങ്ങളാണ്. ഇതിൽ ആറെണ്ണം വിജയിച്ചു. മൂന്നെണ്ണം തോറ്റു. പെനൽറ്റിയൊന്നും കിട്ടിയിട്ടുമില്ല. 63 ശതമാനവുമായി അവർ ഒന്നാമതുണ്ട്.

ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നീ ‘ബിഗ് ത്രീ’ ടീമുകൾ അഞ്ചുമത്സരങ്ങൾ വീതം നടക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് മത്സരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഈ ടീമുകൾ കൂടുതൽ മത്സരങ്ങൾ കളിക്കും. എന്നാൽ ദക്ഷിണാഫ്രിക്കയുടെ ആറ് സീരീസുകളും വെറും രണ്ട് മത്സരങ്ങൾ വീതമുള്ളതാണ്. അതിൽ തന്നെ ദക്ഷിണാഫ്രിക്ക എവേ മത്സരങ്ങൾ കളിച്ചത് ബംഗ്ലദേശിലും ​വിൻഡീസിലുമാണ്. ഇതും അവർക്ക് തുണയായി. പക്ഷേ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പര ജയിച്ചാലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജയിച്ചാലും കിട്ടുന്നത് ഒരേ പോയന്റാണ്. ഒരു പക്ഷേ ഇംഗ്ലണ്ടിനെപ്പോലെ 21 മത്സരങ്ങൾ ദക്ഷിണാഫ്രിക്ക കളിച്ചിരുന്നുവെങ്കിൽ അവർക്ക് ഇതേ വിശ്വാസ്യത ഉണ്ടാകുമോ? ആ വലിയ ചോദ്യം അവിടെ ബാക്കിയുണ്ട്.

TAGS :

Next Story