ഒരോവറില്‍ 22 റണ്‍സ്, 77 പന്തില്‍ സെഞ്ച്വറി; ഇത് പുജാര തന്നെയോ എന്ന് ആരാധകര്‍
പുജാരയുടെ സെഞ്ച്വറിയെക്കാള്‍ ചര്‍ച്ചയായത് മത്സരത്തിലെ 45ാം ഓവറാണ്
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് ചേതേശ്വര്‍ പൂജാര. ടെസ്റ്റ് പരമ്പരകളില്‍ മാത്രം ടീമിലെത്താറുള്ള താരത്തിന്‍റെ നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് ആരാധകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുജാരയുടെ മറ്റൊരു മുഖം ആരാധകര്‍ കണ്ടു. ഇംഗ്ലണ്ടിലെ റോയല്‍ ലണ്ടന്‍ ഏകദിന ക്രിക്കറ്റ് കപ്പിലാണ് പുജാര ആരാധകര്‍ ഇതുവരെ കാണാത്ത അവിസ്മരണീയ പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ സസക്സസിനായി പാഡു കെട്ടിയ താരം 77 പന്തില്‍ നിന്ന് സെഞ്ച്വറി കുറിച്ചു.
എന്നാല്‍ പുജാരയുടെ സെഞ്ച്വറിയെക്കാള്‍ ചര്‍ച്ചയായത് മത്സരത്തിലെ 45ാം ഓവറാണ്. ഈ ഓവറില്‍ പുജാര നേടിയത് 22 റണ്‍സാണ്. ഒരോവറില്‍ അഞ്ച് ബൗണ്ടറി കുറിച്ച പുജാരയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞത് വാർവിക്‌ഷെയറിന്‍റെ ലിയാം നോര്‍വെലാണ്. ആദ്യ പന്ത് ബൗണ്ടറി കടത്തിയ താരം രണ്ടാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തില്‍ വീണ്ടും ബൗണ്ടറി. തൊട്ടടുത്ത പന്തില്‍ വീണ്ടും ഡബിള്‍. അഞ്ചാം പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ സിക്സര്‍ പറത്തിയ താരം അവസാന പന്തും ബൗണ്ടറി കടത്തി.
തോട്ടുടനെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 49ാം ഓവറിൽ പുറത്തായി. 79 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളുടേയും രണ്ട് സിക്‌സുകളുടേയും അകമ്പടിയോടെ 107 റണ്‍സാണ് പുജാര അടിച്ചുകൂട്ടിയത്. എന്നാല്‍ പുജാരയുടെ വെടിക്കെട്ട് പ്രകടനത്തിനും സസക്സസിനെ വിജയതീരമണക്കാനായില്ല. അവസാന രണ്ട് ഓവറുകളിൽ സസെക്സിനു ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസായിരുന്നു. പുജാരയുടെ അപ്രതീക്ഷിത മടക്കം സസക്സസിന് തിരിച്ചടിയായി. മത്സരത്തില്‍ നാല് റണ്‍സിന്‍റെ തോല്‍വിയാണ് സസക്സസ് വഴങ്ങിയത്.
Adjust Story Font
16