Quantcast

അഭിഷേക് ശർമ: ഈ ഐ.പി.എല്ലിലെ താരോദയം

MediaOne Logo

Sports Desk

  • Published:

    21 May 2024 11:11 AM GMT

abhishek sharma
X

ഇതുവരെ അയാൾ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടില്ല, ഐ.പി.എൽ തുടങ്ങുന്നതിന് മുമ്പ് അപകടകാരികളായ ബാറ്റർമാരിൽ അയാളെ അധികമാരും എണ്ണിയിരുന്നുമില്ല.. പക്ഷേ ഐ.പി.എൽ തുടങ്ങിയതോടെ അയാളൊരു മാസ് എൻ​ട്രി നടത്തി. കിങും തലയും ഹിറ്റ്മാനുമെല്ലാമുള്ളിടത്ത് ഏറ്റവുമധികം സിക്സറുകൾ കുറിച്ച് ഒരു 23 കാരൻ തലയുയർത്തി നിൽക്കുന്നു. പേര് അഭി​ഷേക് ശർമ. ഒരു ഐ.പി.എൽ സീസണിൽ ഒരു ഇന്ത്യൻ താരം ഇത്രയുമധികം സിക്സറടിക്കുന്നത് ഇതാദ്യമായാണ്.

13 ഇന്നിങ്സുകളിൽ നിന്നും അയാൾ അടിച്ചുകൂട്ടിയത് 467 റൺസ്. സ്ട്രൈക്ക് റേറ്റാകട്ടെ 209ഉം. ഇത്രയുമധികം സ്ട്രൈക്ക് റേറ്റിൽ മറ്റൊരു താരവും സീസണിൽ 400 പിന്നിട്ടിട്ടില്ല. പക്ഷേ ഇതിൽ തന്നെ ഏറ്റവും കൗതുകം അയാൾ ഒരു കളിയിൽ പോലും 28 ലധികം ​പന്തുകൾ ഫേസ് ചെയ്തിട്ടില്ല എന്നതാണ്. ഒരു കളിയിൽ പോലും 30 പന്തുകൾ അഭിമുഖീകരിക്കാതെ ഒരു താരം 400 റൺസിലധികം നേടുന്നത് ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യം.

വിക്കറ്റ് സൂക്ഷിച്ചുകളിക്കുക എന്നത് അയാളുടെ നിഘണ്ടുവിലില്ലാത്ത കാര്യമാണ്. ആദ്യ പന്തുമുതൽ അടിച്ചതുടങ്ങാനുള്ള ലൈസൻസ് ടീം അയാൾക്ക് നൽകിയിട്ടുമുണ്ട്. ടീമിൽ ഒൻപതാമനായി ഇറങ്ങുന്ന പാറ്റ് കമ്മിൻസ് വരെ ബാറ്റ് ചെയ്യുന്ന ടീമിൽ എന്താണോ ഒരു ഓപ്പണർ ചെയ്യേണ്ടത്, അതിന്റെ മാക്സിമത്തിൽ തന്നെ അഭിഷേകത് ചെയ്യുന്നു. കൂട്ടിന് അതിനൊത്ത പങ്കാളി​യായ ട്രാവിസ് ഹെഡിനേയും ലഭിച്ചതോടെ അതൊരു തീക്കാറ്റായി ആഞ്ഞടിച്ചു. ബൗളർമാരെല്ലാം അതേറ്റ് കരിഞ്ഞുവീണു.

സത്യത്തിൽ കരിയറിന്റെ ആദ്യത്തിൽ കുറച്ചു ബാറ്റുചെയ്യാനറിയുന്ന ഒരു ഇടം കൈയ്യൻ സ്പിന്നറായിരുന്നു അഭിഷേക് . പക്ഷേ തന്റെ ബാറ്റിങ് രാകിമിനുക്കിയെടുത്ത അഭിഷേക് ഒരു സ്​പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലേക്ക് ഉയരുകയായിരുന്നു. സ്പിൻ എറിഞ്ഞു പരിചയമുള്ളതുകൊണ്ടുതന്നെ സ്പിന്നർമാർക്കെതിരെ നന്നായി ബാറ്റുചെയ്യാനും അയാൾക്കാകുന്നു.

അങ്ങനെ എവിടുന്നോ ഒരു സുപ്രഭാതത്തിൽ വന്നയാളല്ല അഭിഷേക്. 2016 ഏഷ്യ കപ്പ് നേടിയ അണ്ടർ 19 ടീമിലും 2018ലെ അണ്ടർ 19 ​ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഇയാളുണ്ടായിരുന്നു. 2018 സീസണിൽ 55ലക്ഷം നൽകി ഡൽഹി ഡെയർഡെവിൾസ് വാങ്ങി. തൊട്ടടുത്ത സീസണിലാണ് ഹൈദരബാദിലെത്തുന്നത്. പക്ഷേ കാര്യമായ അവസരങ്ങളോ കിട്ടിയ അവസരങ്ങളിൽ പ്രതീക്ഷക്കൊത്തുയരാനോ സാധിച്ചില്ല. നാലുസീസണുകളിൽ നിന്നായി 22 മത്സരങ്ങളിൽ മാത്രമേ കളിക്കാനായുള്ളൂ. പക്ഷേ സൺറൈസേഴ്സ് ഹൈദരാബാദിന് അഭിഷേകിൽ പ്രതീക്ഷയുണ്ടായിരുന്നു. 2022 ലേലത്തിൽ 6.5 കോടി നൽകി താരത്തെ നിലനിർത്തി. ആ സീസണിൽ 426 റൺസടിച്ച് അഭിഷേക് ടീമിന്റെ പ്രതീക്ഷകൾ കാത്തു. പക്ഷേ പോയ സീസണിൽ അത്ര നല്ലതല്ലായിരുന്നു. ആകെ നേടിയത് 226 റൺസ്. പക്ഷേ ആദ്യന്തര ക്രിക്കറ്റിൽ 180 സ്ട്രൈക്ക് റേറ്റിൽ 480 റൺസ് അടിച്ചുകൂട്ടിയ താരം തന്റെ ഫോം ഐപിഎല്ലിൽ ഒരു പടികൂടി ഉയർത്തുകയായിരുന്നു.

അച്ഛൻ രാജ് കുമാർ ശർമയാണ് അഭിഷേകിന് ബാറ്റിങ്ങിലെ ആദ്യ പാഠങ്ങൾ പകരുന്നത്. പഞ്ചാബിൽ നിന്നുള്ള താരത്തെ രാകിമിനുക്കിയെടുത്തവരിൽ മറ്റൊരാൾ സാക്ഷാൽ യുവരാജ് സിങ്ങാണ്. യുവരാജിന്റെ കൂ​ടെ നെറ്റ്സിൽ ദീർഘനേരമുള്ള സെഷനുകൾ ഗുണം ചെയ്തെന്ന് താരം തുറന്നുപറഞ്ഞിരുന്നു. അഭിഷേകിന്റെ പുതിയ പ്രയാണത്തിൽ സൺറൈസേഴ്സിനൊപ്പമുണ്ടായിരുന്ന ബ്രയൻ ലാറക്കും പങ്കുണ്ട്. ലോകക്രിക്കറ്റിൽ അഭിഷേക് ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നാണ് ലാറ പ്രവചിക്കുന്നത്.

ഡൽഹിക്കായി തകർത്തടിച്ച ​ഫ്രേസർ മക്കർക്കിനെ ടീമിൽ കൂട്ടിച്ചേർത്താണ് ആസ്ട്രേലിയ ട്വന്റി 20 ലോകകപ്പിനായി പറക്കുന്നത്. സമാനരീതിയിൽ ഓപ്പണിങ് സ്ളോട്ടിൽ ഇന്ത്യക്ക് വെക്കാവുന്ന പേരുകളിലൊന്നാണ് അഭിഷേക്. അധികം വൈകാതെത്തന്നെ ആ വിളി അദ്ദേഹത്തിനെത്തുമെന്ന് പ്രതീക്ഷിക്കാം.

TAGS :

Next Story