‘തിരിച്ചുവന്ന് മൂവർണം’; ഇന്ത്യയുടെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി അഡിഡാസ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി ആഗോള സ്പോർട്സ് ഉപകരണ നിർമാതാക്കളായ അഡിഡാസ്. മുംബൈ ബിസിസിസിഐ ഓഫീസിൽ നടന്ന ചടങ്ങിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് എന്നിവർ ചേർന്നാണ് പുതിയ ജഴ്സി പുറത്തിറക്കിയത്.
തോളിൽ വെളുത്തനിറം മാറി മൂവർണ നിറം തിരിച്ചെത്തിയതാണ് കാര്യമായ വ്യത്യാസം. കൂടാതെ 1983, 2011 ലോകകപ്പ് വിജയങ്ങളെ സൂചിപ്പിക്കുന്ന രണ്ട് നക്ഷത്രങ്ങളും ജഴ്സിയിലുണ്ടാകും. അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയടക്കമുള്ള ഏകദിന മത്സരങ്ങളിൽ ഇന്ത്യ ഈ ജഴ്സിയാകും അണിയുക. വനിത ടീമും സമാന ജഴ്സിയിലാകും കളത്തിലിറങ്ങുക.
അടുത്ത കാലങ്ങളിലായി മൂവർണ നിറം ഇന്ത്യൻ ജഴ്സിയിൽ നിന്നും അപ്രതക്ഷ്യമായിരുന്നു. ട്വന്റി 20യിൽ തോളിൽ ഓറഞ്ച് നിറത്തിലുള്ള ജഴ്സിയാണ് ഇന്ത്യ അണിയുന്നത്.
‘‘വളരെയധികം സന്തോഷമുണ്ട്. ഈ ലുക്ക് എനിക്കിഷ്ടപ്പെട്ടു. തോളിൽ ത്രിവർണ നിറം തിരിച്ചുവന്നത് മനോഹരമായിട്ടുണ്ട്. ഏകദിനത്തിനായി പ്രത്യേകം ജഴ്സിയുള്ളത് സന്തോഷം നൽകുന്നു’’- ഹർമൻപ്രീത് കൗർ പ്രതികരിച്ചു.
Adjust Story Font
16